Wednesday, 17 December 2014

ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയും


ഇരുണ്ട നിറം ബ്രഷുകൊണ്ട് ചാലിച്ചെടുക്കുമ്പോള്‍ കവിത ക്യാന്‍വാസിലേക്ക് ഒന്നുകൂടി നോക്കി. പെയ്യാന്‍ വെമ്പുന്ന മേഘങ്ങളുമായി കറുത്തിരുണ്ട ആകാശമായിരുന്നു അത്. കാറും കോളും നിറഞ്ഞ ആകാശം.! ഭൂമിയിലൂടെ ഒരു വന്‍നദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്തിനാണ് അന്തരീക്ഷം ഇത്രയും "വെറ്റ്" ആയിട്ടിരിക്കുന്നത്??

കവിത ഓര്‍ക്കാതിരുന്നില്ല.

അതിനു പുറകിലൊരു കാരണമുണ്ടായിരുന്നു; കഥയുണ്ടായിരുന്നു.

ഭൂമിയ്ക്ക് എന്നും ചിന്ത തന്‍റെ ഏക പെണ്‍തരിയായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. അവളില്‍ പൊടിയും പുകപടലങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവളിൽ പടരുന്ന ചിരിവെയിലിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണെന്നോര്‍ക്കുമ്പോഴൊക്കെ ഭൂമി ആധിയില്‍ വെന്തു.

തന്‍റെ സ്വപ്നങ്ങളുടെ പൂക്കള്‍ കരിഞ്ഞുണങ്ങുമോ..??

ആഗ്രഹത്തിന്‍റെ പുഴകൾ വറ്റിപ്പോകുമോ??

മോഹസാഫല്യത്തിന്‍റെ
ഫലങ്ങള്‍ തനിക്കുണ്ടാകില്ലേ...???

 നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഭൂമി മകളെ വളര്‍ത്തിയത്. കാരണം തൊട്ടടുത്ത് ശൂന്യാകാശം എന്നൊരു ഗന്ധര്‍വനുണ്ടായിരുന്നു.
ഏതൊന്നു ഭൂമി ഭയന്നുവോ അതുതന്നെ സംഭവിച്ചു.

അന്തരീക്ഷകന്യകയുടെ മനസ്സിന്‍റെ നേര്‍ത്ത ഓസോൺ പാളിയുടെ വിടവിലൂടെ ശൂന്യാകാശം തന്‍റെ അനുരാഗത്തിന്‍റെ അള്‍ട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടു.അവള്‍ ശൂന്യാകാശത്തിനോട് അനുരാഗലോലുപയായി.
ഇതറിഞ്ഞ് ഭൂമി ക്ഷോഭിച്ചു.!

അവളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടായി...!

 ഭൂകമ്പങ്ങളുണ്ടായി..!!

അമ്മയുടെ വഴക്കുകേട്ട് അന്തരീക്ഷം ദുഃഖിതയായി. അവളുടെ കൂനിക്കൂടിയുള്ള ഇരിപ്പുകണ്ട് അച്ഛനായ സൂര്യൻ സമാധാനിപ്പിച്ചു.

"പോട്ടെ... സാരമില്ല. എന്‍റെ കുട്ടി ഒരു അന്യമതക്കാരനെ സ്നേഹിക്കരുതായിരുന്നു."

ആ വാക്കുകള്‍ കേട്ടപ്പോള്‍ അന്തരീക്ഷത്തിനു വീണ്ടും കരച്ചില്‍ വന്നു. അവളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദ്രന്‍ എത്തിയത്. അവന്‍ അകത്തേക്കു കടന്നു വരുമ്പോള്‍ സൂര്യൻ പുറത്തേക്ക് പോകുകയായിരുന്നു.

"ചെല്ല്, നിന്‍റെ കൂട്ടുകാരി വളരെ വിഷമിച്ചാണിരിക്കുന്നത്."!

ചന്ദ്രൻ പതിയെ കൂട്ടുകാരിയുടെ അരികിലെത്തി.

"എന്തുപറ്റി."?? അവന്‍ ആരാഞ്ഞു.

 മറുപടിയൊന്നും കിട്ടിയില്ല.ഭൂമിയിൽ നിന്നും അവന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

"എന്താ നീയിങ്ങനെ?? എണീറ്റുവാ... നമുക്കു കളിക്കാം.." ചന്ദ്രൻ പറഞ്ഞുനോക്കി.

"നീ പൊയ്ക്കോ... ചെറുക്കാ.. കളിക്കാന്‍ ഞാനെന്താ കൊച്ചുകുട്ട്യോ..."?? അവള്‍ ചീറി.

 ചന്ദ്രന് വിഷമവും അമ്പരപ്പുമുണ്ടായി.!

 ഇന്നലെക്കൂടി അവളായിരുന്നു, 'വാ കളിക്കാം' എന്നു പറഞ്ഞിരുന്നത്.
ദിവസവും ചന്ദ്രൻ കളിക്കാന്‍ വരുമ്പോഴേക്കും സൂര്യൻ കടലിൽ പോയിട്ടുണ്ടാകും.. അപ്പോള്‍ മുതൽ ഭൂമി ഭീതിയും സംഭ്രമവും കൊണ്ട് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലില്‍ പോയാല്‍ അന്തരീക്ഷത്തിന്‍റെ മുഖവും മങ്ങും. പക്ഷേ ചന്ദ്രൻ വന്നാല്‍ അവളുടെ മുഖം തെളിയും.!!

ചില ദിവസങ്ങളില്‍ ചന്ദ്രൻ വരുമ്പോൾ സിന്ദൂരച്ചെപ്പും കൊണ്ട് വരും. അവളതിനു വേണ്ടി തട്ടിപ്പറിക്കുമ്പോള്‍ ചെപ്പ് തുറന്ന് അവിടം മുഴുവനും സിന്ദൂരം പരക്കും.! പോകാനൊരുങ്ങി നില്‍ക്കുന്ന സൂര്യനും സിന്ദൂരം കൊണ്ട് നിറയും. മകളുടെ കുസൃതിയില്‍ അയാൾ എന്നും പുഞ്ചിരിക്കാറേയുള്ളൂ.

പിന്നെ സൂര്യൻ തിരികെ വരുവോളം അവർ കളിക്കും. ആ അവളാണ് ഇന്നിങ്ങനെ....

ചന്ദ്രന് അവളെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. ചന്ദ്രൻ മൂകനായി ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

 അന്തരീക്ഷത്തിന്‍റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. ഭൂമി വഴക്കു പറയുവാനും അന്തരീക്ഷം കരയാനും തുടങ്ങി..

 ഇടിയും മിന്നലും പേമാരിയും...!!

ചന്ദ്രൻ അത് സഹിക്കാന്‍ വയ്യാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി.

പെരുമഴയായി അന്തരീക്ഷം കരഞ്ഞുകൊണ്ടേയിരുന്നു...

"ഉണ്ണാന്‍ വരൂ.."

വാതില്‍ക്കല്‍ അമ്മയുടെ സ്വരം കേട്ടാണ് കവിത ചിന്തയില്‍ നിന്നുണര്‍ന്നത്.

താനിത്ര നേരം ഏതു സ്വപ്നലോകത്തായിരുന്നു..?!!! അവള്‍ ആശ്ചര്യപ്പെട്ടു.

വാള്‍ക്ലോക്കിലെ കിളി 10 പ്രാവശ്യം ചിലച്ചു. അപ്പോഴാണ് അവള്‍ക്ക് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും തീര്‍ത്ത് അവള്‍ എണീറ്റു. ഡൈനിംങ് ഹാളിലേക്കുള്ള സ്റ്റെയര്‍കേയ്സിറങ്ങുമ്പോള്‍ തന്‍റെ ചിത്രത്തിലേതെന്ന പോലെ ആ വീടിനു പുറത്തും പേമാരി തകര്‍ക്കുകയാണെന്ന് അപ്പോഴുണ്ടായ ഒരു ഇടിമുഴക്കം അവളെ അറിയിച്ചു.!!
                              *********            

പിന്നാമ്പുറം: പ്ലസ്ടു പഠനകാലത്ത് ആണ് ഇതെഴുതിയത്. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ താളുകളിൽ ഉറങ്ങിക്കിടക്കുന്നവയിലൊന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:-,ഗൂഗിൾ

Friday, 12 December 2014

കല്ലോലിനി

ഋതു എന്ന പേര് വ്യാപകമായി ഉപയോഗിച്ചു കാണുന്നതിനാല്‍ "കല്ലോലിനി" എന്ന ബ്ലോഗര്‍ നാമത്തിലേക്ക് ഞാൻ മാറിയിരിക്കുന്നു.
ഒപ്പം ബ്ലോഗിലും ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.
 പ്രിയ സുഹൃത്തുക്കള്‍ സഹകരിക്കുമല്ലോ.
ഒരു പുതിയ ബ്ലോഗറുടെ ആക്രാന്തപ്രവര്‍ത്തികളായി ഇതിനെ കണ്ട് ക്ഷമിക്കണമെന്നും ഇനി മുതല്‍ പുതിയ നാമത്തിലേ പ്രത്യക്ഷപ്പെടുകയുള്ളു എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

                                        എന്ന്,

                                       സ്നേഹത്തോടെ
                                                      കല്ലോലിനി.

Tuesday, 9 December 2014

സേഫ്റ്റി പിന്‍


അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
 ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!

അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!

അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!

എത്ര  സൂക്ഷിച്ചു  വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!

Sunday, 30 November 2014

വിഷാദം

അക്ഷരത്തൈകളെ വളര്‍ത്താന്‍
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!


ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;


എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!


അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!

                ✳✳✳

Wednesday, 26 November 2014

രണ്ട് സംശയങ്ങൾ!


"ദേ... ഇയാളിപ്പോ വിസിലടിക്കുന്നതേയുള്ളൂ... വണ്ടി എടുത്തു..."

 തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു ഒരു ചേച്ചിയുടെ കമന്‍റ്. ഗാര്‍ഡ് ഗുരുതരമായ ഒരു തെറ്റ് ചെയ്തതു കണ്ടുപിടിച്ചപോലെ...

അവർ മൂന്നു നാലുപേര്‍ ഉണ്ടായിരുന്നു... മുപ്പതിനും നാല്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള ഉദ്യോഗസ്ഥകള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റൊന്നും ഒഴിവില്ലാത്തതിനാല്‍ പാസേജില്‍ തന്നെ നില്‍ക്കുകയാണ്.

സ്ഥിരം യാത്രക്കാരും പരിചയക്കാരുമായതിനാല്‍ അവർ പിന്നെയും പല കുശലസംഭാഷണങ്ങളിലുമേര്‍പ്പെട്ടു. പുതുതായി വാങ്ങിയ ബാഗിന്‍റെ ഭംഗി, ഇത്ര നാളും ഉടുത്തിട്ടില്ലാത്ത സാരിയുടെ ചരിത്രം, അടുക്കളപ്പണിയുടെ ഭാരം എന്നിങ്ങനെയുള്ള വിഷയങ്ങൾ.!!

എനിക്ക് അവരെ അത്ര പരിചയമില്ലാത്തതിനാല്‍ ഞാൻ എന്‍റെ മൊബൈലില്‍ തോണ്ടിക്കൊണ്ട് ഒരരുകില്‍ നിന്നു.

തീവണ്ടി പച്ചപ്പട്ടുടുത്ത പാടശേഖരങ്ങളിലൂടെ, പുഴയുടെ ഓരത്തു കൂടി ചൂളം കുത്തിപ്പാഞ്ഞു.....

"ഹേയ്... ഇന്ന് നല്ല സ്പീഡുണ്ടല്ലോ...."
ചര്‍ച്ചക്കിടയിലും ഒരാൾ നിരീക്ഷിച്ചു.
എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.

അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ ആദ്യത്തെ സംശയം പൊട്ടിവീണത്.

"എങ്ങനെയാണല്ലേ... ഈ ട്രയിന്‍ പാളത്തിന്‍മേല്‍ക്കൂടി മാത്രം പോകുന്നത്.???????"

"ശ്ശ്യൊ..!!" എന്നൊരു ശബ്ദം അറിയാതെ തന്നെ എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുചാടി.

പെട്ടെന്നൊരുത്തരം ആര്‍ക്കും പറയാനായില്ല.

"എത്ര വീതികുറഞ്ഞ ചക്രങ്ങളാണ്... ഇത്തിരിയില്ലാത്ത പാളത്തില്‍ കൂടിയല്ലേ വണ്ടി ഇത്ര വേഗത്തില്‍ പോകുന്നത്.. ദൈവം നമ്മളെ കൊണ്ടുപോകുകയാണ്.!"
സ്വയവും പിന്നെ മറ്റുള്ളവരെയും ആശ്വസിപ്പിക്കും പോലൊരു മറുപടിയും കേട്ടു.

വീണ്ടും മറ്റെന്തൊക്കെയോ സമാധാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മറ്റൊരാളുടെ വക സംശയം ദേ വരണൂ..

"ഈ പ്ലെയിനുകളെന്താ കൂട്ടിമുട്ടാത്തതെന്നാ ന്‍റെ സംശയം"!!!!!

"ങേ..."???!!! എന്നെനിക്ക് ശ്വാസം വിലങ്ങി.!

" അതല്ലാ ഇതിപ്പൊ ഒരു ട്രാക്കെങ്കിലുമുണ്ടല്ലോ....." അവർ തന്‍റെ സംശയമൊന്നു വിശദീകരിച്ചു....

ഈ മഹിളാമണികള്‍ സ്കൂൾ അധ്യാപികമാ ര്‍ കൂടിയാണല്ലോ എന്നോര്‍ത്തുകൊണ്ട്‍,
 ഇനിയും ഇത്രയും ഗ'മണ്ടന്‍' സംശയങ്ങളൊന്നും കേള്‍ക്കാന്‍ വയ്യെന്നു നിനച്ച് ഞാന്‍ മെല്ലെ വാതിലിനരികിലേക്ക് നീങ്ങി നിന്ന് സ്വച്ഛന്ദ നീലിമയാര്‍ന്ന ആകാശത്തേക്ക് നോക്കി.

അല്ലാ.... ഇനി വല്ല വിമാനവും വഴിയറിയാതെ പാറി നടക്കുന്നുണ്ടെങ്കിലോ...??? :-D
   

Friday, 21 November 2014

ഇവിടെ മഞ്ഞുപൊഴിയുന്നു...!!

മഞ്ഞുകാലം വന്നെത്തിയിരിക്കുന്നു....

പ്രഭാതത്തിലും സായന്തനങ്ങളിലും വൃക്ഷത്തലപ്പുകളിലും, നെല്‍വയലുകളിലും വീണുകിടക്കുന്ന മഞ്ഞിന്‍റെ പുതപ്പ്.!

വയല്‍ വരമ്പുകളിലെ പുല്‍ക്കൊടികളണിഞ്ഞിരിക്കുന്ന തുഷാരബിന്ദുക്കളുടെ വിശുദ്ധി ഒന്നു കാണേണ്ടതു തന്നെയാണ്.

ശ്വാസോച്ഛ്വാസത്തില്‍ പോലും മഞ്ഞിന്‍റെ ഗന്ധം...

ഭൂമിയുടെ ഹരിതാഭയ്ക്കു മേല്‍ വീണുകിടക്കുന്ന തൂവെള്ളപ്പുതപ്പ് കാണുമ്പോള്‍ 'മഞ്ഞ്'
ഓര്‍മവരുന്നു.....

മഞ്ഞ് വായിച്ചിട്ടില്ലേ...??!

എംടിയുടെ "മഞ്ഞ്"!

സ്കൂൾ പഠനകാലത്തെപ്പോഴോ എന്‍റെ കയ്യില്‍ കിട്ടിയിട്ടും ഞാൻ ശ്രദ്ധിക്കാതെ പോയ പുസ്തകം.. പിന്നീട് ഈ പുസ്തകമൊന്നു കയ്യില്‍ കിട്ടാന്‍ വേണ്ടി ഞാനൊരുപാട് അലഞ്ഞു..

കണ്ണൂരിലെ പുസ്തകോത്സവങ്ങളില്‍...
കോഴിക്കോട്ടെ ബുക്ക് സ്റ്റാളുകളില്‍.., റയില്‍വേ സ്റ്റേഷനുകളിലെ പുസ്തകശാലകളില്‍.. പെരിന്തല്‍മണ്ണയിലും, തൃശൂരിലും, പാലക്കാടും തേടി... കിട്ടിയില്ല.!

നിരന്തരമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയാൻ കഴിഞ്ഞത് ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പുകൾ ഒന്നും തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ്.

" 'മഞ്ഞ്' ഞാൻ ഒരു വര്‍ഷമായിട്ടന്വേഷിക്കുകയാണ്.. ഇതുവരെ കിട്ടിയിട്ടില്ല", എന്നാണ് ഒരിക്കല്‍ എടപ്പാളിലൊരു പുസ്തകോത്സവത്തില്‍ ചോദിച്ചപ്പോള്‍ അതിന്‍റെ സംഘാടകന്‍റെ മറുപടി.

മറ്റൊരാൾ അറിയിച്ചു. അത് കാലിക്കറ്റില്‍ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) പഠിക്കാനുണ്ടായിരുന്നതിനാൽ പുറത്ത് കിട്ടില്ല എന്ന്.

അതോടെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പരിചയക്കാരായ വായനാശീലമുള്ളവരിലേക്കായി അന്വേഷണം. പുസ്തകശേഖരത്തില്‍ മഞ്ഞുള്ള ഒരാളേയും നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിചയമുണ്ടായില്ല.

അങ്ങനെയിരിക്കെ എന്‍റെയൊരു സഹോദരന്‍റെ പുത്രി പഠിക്കുന്ന കോളേജിലെ ലൈബ്രറിയിൽ ഈ പുസ്തകമുണ്ടെന്ന് അറിയാനായി.. അവളത് തേടിച്ചെന്നപ്പോഴേയ്ക്കും ആരോ വായിക്കാനായി കൊണ്ടുപോയിട്ടുണ്ടായിരുന്നു.. വായനക്കുശേഷം തിരിച്ചെത്തിക്കുന്ന ദിവസമായപ്പോഴേക്കും അവള്‍ക്കു പരീക്ഷാത്തിരക്കായി....

ഒടുക്കം കയ്യില്‍ കിട്ടിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു പുസ്തകം.!
 പഴകിയതും പേജുകളടര്‍ന്നതും...

എന്നാലും വേണ്ടില്ല. കിട്ടിയല്ലോ....
ഇത്തിരിപ്പോന്ന ആ പുസ്തകത്തിനുള്ളില്‍ ഒരു സാഗരം എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ വായിച്ചറിഞ്ഞു.

"മഞ്ഞ്" വിഷാദത്തിന്‍റേതാണ്.
ഒരു തീരാ കാത്തിരിപ്പിന്‍റെ.......
വിമലയുടെ പ്രണയനഷ്ടത്തിന്‍റെ..... (വിമലയില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം, അങ്ങനെ പറയാമോ എന്നറിയില്ല.)

ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഏകാന്തതയുടെ കൂട്ടിലടച്ചിട്ട മനസ്സിന്‍റെ വിങ്ങലാണ് മുഴുവനും.....

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹൃദയഭാരവും പേറി ജീവിക്കാനാവുന്നത്..??
മനസ്സിന്‍റെ ഗിരിശൃംഗങ്ങളില്‍ വിഷാദത്തിന്‍റെ മഞ്ഞു വീണു തണുത്തുറയുമ്പോള്‍ എങ്ങനെയാണ് ജീവന്‍ ഊതിക്കത്തിച്ചു നിലനിർത്താന്‍ കഴിയുന്നത്???

എന്നോ എവിടെയോ എന്നറിയാതെ കുറേ ചോദ്യചിഹ്നങ്ങള്‍ മാത്രം ബാക്കിയാക്കി കടന്നുപോയ വിമലയുടെ കാമുകൻ....
ഒരുപക്ഷേ... അയാള്‍ക്കു വേണ്ടിയുള്ള സഫലമാകുമോയെന്നറിയാത്ത, ആ കാത്തിരിപ്പിന്‍റെ പ്രതീക്ഷാനാളങ്ങളായിരിക്കും അവള്‍ക്കു ജീവനേകുന്നത്...

അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!
മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലൊരു വേദന...
മനസ്സില്‍ വിഷാദത്തിന്‍റെ മഞ്ഞുമഴ..!
പിന്നെ തനതായ ശൈലിയിൽ എംടി കോറിയിട്ട മഞ്ഞില്‍ കുളിര്‍ന്ന ഗിരിശൃംഗങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങളും വിമലയെന്ന വിഷാദശില്പവും.....!
ലൊക്കേഷന്‍: കേരളം
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍, ഗ്രാമ്യഭാവങ്ങള്‍.

Friday, 14 November 2014

മാന്യന്‍

ഇന്നലെയൊരു മാന്യന്‍
എന്നോടു ചോദിച്ചു;

"പാലക്കാട് പോരുന്നോ.."??

ഞാനപ്പോള്‍ മേല്‍പ്പാലത്തിലൂടെ
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്;

പിറകെ നടന്നയാള്‍ മുന്നേനടന്നിട്ട്
തിരിഞ്ഞു നോക്കാതെ മന്ത്രിച്ചു;

"പാലക്കാട് പോരുന്നോ.."??

പിന്നില്‍ നിന്നുകേട്ട മന്ത്രണം
ഫോണിനോടല്ല, എന്നോടുതന്നെ.!

കേട്ടതായ് നടിച്ചില്ല, ഞാനാ മന്ത്രവും
അശ്രദ്ധമായൊന്നയാളെ വീക്ഷിച്ചു;

കണ്ടാലൊരു മാന്യന്‍,
ഭംഗിയില്‍ ഇന്‍ചെയ്ത കള്ളിഷര്‍ട്ട്,
അലക്കിത്തേച്ച കറുത്തപാന്‍റ്.!

ഒരു തോളില്‍ തൂങ്ങുന്ന കറുത്ത-
ബാഗില്‍ മുഴച്ചു നില്‍ക്കുന്നൂ
ഉച്ചയൂണിനു കൊണ്ടുപോകുന്ന
ചോറുപാത്രം.!

മറുകയ്യിലെന്തോ തൂക്കിപ്പിടിച്ചതുമായ്
കുറെ മുന്നോട്ടു പോയയാള്‍ നിന്നു;
വിട്ടുകളയാത്ത പ്രതീക്ഷയോടെ,
ഭാരമിറക്കി വച്ചിട്ടെന്നെ നോക്കി.

കേട്ടതായ് നടിക്കാനോ,
ക്രുദ്ധമായ് നോക്കാനോ,
പ്രതികരണമത്രയും മറന്നുപോയ്,
എന്തെന്നാല്‍ ചിന്തകളപ്പോഴും
ചോറുപാത്രത്തിന്‍ മുഴപ്പി-
ലങ്ങനെയങ്ങനെയുടക്കി നിന്നൂ;

അതില്‍ ചോറുനിറച്ചൊരു
ശ്രീമതിയിലേക്കെന്‍റെ
ചിന്തകളങ്ങു നീണ്ടുപോയി, പിന്നെ

വസ്ത്രങ്ങള്‍ തേച്ചൊരാ
വളയിട്ട കൈകളും,
മിഠായി കാത്തിരിക്കും
കുഞ്ഞുമിഴിയിണകളുംതെളിഞ്ഞു;

എന്തിനാണിങ്ങനെയീ മനുഷ്യര്‍??

മഞ്ഞക്കണ്ണു കൊണ്ടല്ലാതെ
മറ്റൊരു പെണ്ണിനെ
കാണാനറിയാത്തവര്‍..

മാന്യതയ്ക്കുള്ളില്‍
കാപട്യമേന്തുമിവരും..
സദാചാര കേരളത്തിന്‍
ശേഷിപ്പുകൾ തന്നെ..!!


Sunday, 9 November 2014

ഉണ്ടക്കണ്ണി

ഒരായിരം പരിഭവങ്ങള്‍ കുത്തിനിറച്ചയെന്‍റെ


കൂര്‍ത്തനോട്ടങ്ങളെ നേരിടാനാകാതെ,

ഇനിയവയെങ്ങാനും

അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന-

വിടെയൊളിപ്പിച്ചു വച്ചിരിക്കുന്ന

വികാരവിചാരങ്ങളെയൊക്കെയും കണ്ടു-

പിടിക്കുമോയെന്നൊരു സന്ദേഹത്തോടെ,

കരയുമ്പോളൊരുറവയായൊഴുകുകയും,

ചിരിക്കുമ്പോള്‍ ചുരുങ്ങിച്ചെറുതായിത്തിരി-

യില്ലാത്തൊരു നേര്‍രേഖപോലെയാകുകയും

ചെയ്യുന്ന മിഴികളെ നോക്കി,

എന്‍റെ പുഞ്ചിരിയിലേക്കൊരു മറു-

പുഞ്ചിരിയുടെ സ്നേഹമിറ്റിച്ചു-

കൊണ്ടവന്‍ വിളിച്ചു;  " ഉണ്ടക്കണ്ണി.!!! "
               
              ❇❇❇❇❇❇

Monday, 3 November 2014

നഷ്ടങ്ങള്‍

തീരാവഴികളിലൂടെ നടന്ന് പാദങ്ങള്‍
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;

ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!

ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!

സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!


പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!

നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്‍റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!

Wednesday, 29 October 2014

കടല്‍പ്പൂവ്


പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.

തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.

കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.

ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.

ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..

വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.

കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..

"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."

അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.

ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!

വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!

കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!

ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.

"കടല്‍പ്പൂവ്"

പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!

Monday, 27 October 2014

പേനയും കടലാസും


എന്‍റെ പേനയും കടലാസും
പ്രണയബദ്ധരായ
 സ്ത്രീപുരുഷന്‍മാരെപ്പോലെ...

അവർക്ക് തമ്മില്‍
 ഒരു നിമിഷം പോലും
 പിരിഞ്ഞിരിക്കാനിഷ്ടമല്ല...!

Friday, 24 October 2014

മണ്ണിന്‍റെ മാറില്‍

ഇതൊരു അവലോകനമോ നിരൂപണമോ അല്ല. ഒരു ആസ്വാദനക്കുറിപ്പു മാത്രം.

ചെറുകാടിന്‍റെ "മണ്ണിന്‍റെ മാറില്‍" വായിക്കുമ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങളുടെ അക്ഷര രൂപം.

ഇതു ഞാന്‍ ആദ്യമായി വായിച്ച പുസ്തകമല്ല. പക്ഷേ ഒരു പുസ്തകം വായിച്ച് കരയുന്നത് ആദ്യമായിട്ടായിരുന്നു. ഈ പുസ്തകം വായിച്ച് ഞാന്‍ കുറേ കരഞ്ഞു.. കൊമ്പന്‍കൊണ്ടേരന്‍ മരിച്ചപ്പോഴായിരുന്നു അത്.. വളരെയടുത്ത ആരോ മരിച്ചതു പോലെ നെഞ്ചുപൊട്ടിക്കരഞ്ഞു.. ആ വേദന സഹിക്കാനായില്ലെനിക്ക്... തുടര്‍ന്ന് വായിക്കാന്‍ പോലുമാകാതെ ഞാൻ പുസ്തകം അടച്ചുവച്ചു. രണ്ടു ദിവസത്തിനുശേഷമാണ് വായന പുനരാരംഭിച്ചത്..

കൊമ്പന്‍കൊണ്ടേരന്‍.!!
കാടുപിടിച്ചു കിടന്നിരുന്ന ഒരു ചെളിക്കുണ്ട് സ്വന്തം ജീവിതം കുരുതികൊടുത്ത് പൊന്നു വിളയുന്ന ഭൂമിയാക്കിയ കൃഷിക്കാരന്‍...!
കൂടും കുടുംബവും മറന്ന് രാപകലധ്വാനിച്ച പരിശ്രമശാലി.!!
അദ്ദേഹത്തേക്കാള്‍ വലിയ ഒരു ഹീറോയും ഒരു കഥയും വായിച്ചിട്ട് എന്‍റെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടില്ല..

ഒട്ടേറെ വൈകാരിക തലങ്ങള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടാണ് മണ്ണിന്‍റെ മാറില്‍ മുന്നേറുന്നത്. തലമുറകൾ മാറി വരുന്തോറും മാറി വരുന്ന ചിന്താഗതികളും സംസ്കാരങ്ങളും...

സ്വന്തം ദേശത്ത് പാര്‍ക്കാനിടവും അമ്പലങ്ങളുമെല്ലാം പണിതു കൊടുത്ത് ജന്മിമാരായ് വാഴിച്ചവര്‍ക്കു വേണ്ടി പണിയെടുക്കുന്ന അടിയാളന്‍മാരെ കുറിച്ച് വായിക്കുമ്പോള്‍ പെരുവിരലില്‍ നിന്നും പ്രതിഷേധത്തിന്‍റെ ഒരു തരിപ്പ് മുകളിലേക്കിരച്ചു കയറി... ചോര തിളച്ചു...
തങ്ങള്‍ക്കുണ്ടായതില്‍ മുന്തിയവയൊക്കെയും കാഴ്ചവച്ച അടിയാളന്‍മാരുടെ മണ്ടത്തരമോര്‍ത്ത് നിരാശപ്പെട്ടു..
രാപകലധ്വാനിച്ചിട്ടും പട്ടിണി... പനിവന്നാല്‍ പോലും ചികിത്സിക്കാന്‍ വഴിയില്ല.... പ്രതികരണശേഷിയില്ലാതെ ജന്മിമാരുടെ ചൂഷണത്തിനു വശംവദരാവുന്നവരുടെ വിഡ്ഢിത്തരമോര്‍ത്ത് വിലപിച്ചു.....

കൊച്ചുകൊണ്ടേരന്‍റെ വരവ് കുറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോഴേക്കും കാലം കുറെ മുന്നോട്ടു പോയി... തലമുറകൾ രണ്ടുമൂന്ന് മാറിമറിഞ്ഞു....
കൊച്ചുകൊണ്ടേരന്‍റെ വിപ്ലവചിന്താഗതികളും തിരുമാളുക്കുട്ടിയോടുള്ള പ്രണയവും ഹൃദ്യമായ ഒരു വായനാനുഭവം തന്നു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മഹത്തായ കൃതിയാണ് 'മണ്ണിന്‍റെ മാറില്‍'.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കാനുണ്ടായിരുന്നു. (ഇപ്പോഴുണ്ടോയെന്നറിയില്ല.).
ഈ പുസ്തകത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നത് എന്‍റെ സഹോദരങ്ങളാണ്. എപ്പോഴും വായിക്കാവുന്ന, ഏതു പേജിൽ നിന്നും വായിച്ചു തുടങ്ങാവുന്ന പുസ്തകമെന്നാണു വിശേഷിപ്പിച്ചത്.. എത്ര വായിച്ചാലും മടുക്കില്ലെന്നും....

രസകരമായൊരു സംഗതി അവർ ചായക്കൊപ്പം സ്നാക്സ് ആയും, ഊണിനൊപ്പം തൊടുകറിയായും ഈ പുസ്തകം വായിച്ചിരുന്നു എന്നതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വായിക്കുകയെന്നത് ഒരു ദുഃശ്ശീലമാണെങ്കില്‍ കൂടി എന്നും ഒരേ പുസ്തകം തന്നെ ഒരേ താത്പര്യത്തോടെയും പുതുമയോടെയും വായിക്കാന്‍ കഴിയുകയെന്നത് ആ കൃതിയുടെ മഹത്ത്വം കൊണ്ട് മാത്രമാണ്.


പഴയ സംസ്കാരത്തിന്‍റെ,
സ്നേഹത്തിന്‍റെ,
അധ്വാനത്തിന്‍റെ,
മണ്ണിന്‍റെ മണമുള്ള പുസ്തകം....
എന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകം..
എക്കാലത്തേക്കും ഏറ്റവും പ്രിയപ്പെട്ടതായി എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പുസ്തകം.!!!

ഇതില്‍ കൂടുതൽ എന്ത് വിശേഷിപ്പിക്കാന്‍.!!?

ഇത്രയും മനോഹരമായ ഒരു കൃതി മലയാളത്തിനു സമ്മാനിച്ചതിന് എഴുത്തു കാരനോടുള്ള അകമഴിഞ്ഞ നന്ദിയോടെ ഈ കുറിപ്പിനും വിരാമമിടുന്നു.

Friday, 10 October 2014

സ്വാര്‍ത്ഥതഎന്‍റെ വീട്
എന്‍റെ കുടുംബം

എന്‍റെ നാട്
എന്‍റെ സമൂഹം

എന്‍റെ രാജ്യം
എന്‍റെ ലോകം
ഇവയെല്ലാം
എന്‍റെ സ്വാര്‍ത്ഥത!

Wednesday, 8 October 2014

മയില്‍പീലി

ഓർമ്മതൻ പുസ്തകതാളിൽ സൂക്ഷിക്കും
പ്രണയമൊരു കൊഴിഞ്ഞ മയിൽപീലി..

(ഒരു കുഞ്ഞുകവിത)

Sunday, 5 October 2014

വൈകിയെത്തുമ്പോള്‍...


ഒരുപാട് വൈകിയാണ് ഞാനീ വഴിക്കു വരുന്നത്.
അതുകൊണ്ട് തന്നെ പിന്നിട്ട വഴികളൊക്കെ ഒരുപാട് മുന്നേറിയിരുന്നു...
ഫെയ്സ് ബുക്ക് കവലയും, ട്വിറ്റർ വഴികളും.. പിന്നെ പിന്‍ററസ്റ്റ്, ഗൂഗിൾ പ്ലസ്, ലിങ്ക്ഡ് ഇന്‍ അങ്ങനെയെന്തൊക്കെയോ...

ആദ്യത്തെ പരിചയക്കാരന്‍ ഓര്‍ക്കുട്ട് ഈയിടെ ഓര്‍മ്മയുമായി....
പുത്തന്‍ വഴികളിലൂടെ നാടോടുമ്പോള്‍ നടുവേയോടുന്ന ജനത....  അവര്‍ക്കൊപ്പമെത്താന്‍ ഈ ബൂലോകവാസികളും എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്...

വര്‍ദ്ധിച്ച ആധുനികവത്കരണം കൊണ്ടും കൃഷി ചെയ്യാന്‍ ആളില്ലാത്തതു കൊണ്ടും നശിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കാന്‍.. സംരക്ഷിക്കാന്‍ പ്രകൃതിസ്നേഹികള്‍ നടത്തുന്ന പരിശ്രമം പോലെ...

ഇവിടെയും അക്ഷരങ്ങളെ സ്നേഹിക്കുന്ന ചിലര്‍ പരിശ്രമിക്കുന്നു..


ഫെയ്സ്ബുക്ക് ഒരു പ്രദര്‍ശനശാല പോലെ... ബഹളമയം.... ആകെ പോസ്റ്റുകളുടെ തിക്കും തിരക്കും....

ഫെയ്സ് ബുക്കിനെ ഒരു വിനോദ ഉപാധിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.....

എന്നാലീ ബൂലോകം സര്‍ഗ്ഗാത്മകതയുടെ വിളനിലം പോലെ... കഥകളും കവിതകളും വിളഞ്ഞ വയലേലകള്‍.... നീണ്ടു പരന്ന് നോക്കെത്താ ദൂരത്തോളം...

ഈ പുല്‍മേട്ടിലേക്ക് അക്ഷരസ്നേഹമെന്നയെന്‍റെ പൈക്കിടാവിനെ മേയ്ക്കാന്‍ ഞാനുമിറങ്ങട്ടെ..!


Friday, 26 September 2014

തിരികെ


ഏറെ നാളായി അടഞ്ഞുകിടന്നിരുന്ന എഴുത്തുപുരയുടെ വാതില്‍ പണിപ്പെട്ടു തുറന്ന് മനസ്സിന്‍റെ കലവറയിലൊന്നു കയറി നോക്കി.

മുറിയിൽ നിറയെ മറവിയുടെ മാറാല...

തുരുമ്പെടുത്ത അക്ഷരങ്ങൾ..

പലതും വേര്‍തിരിക്കാനാവാത്ത വിധം കുഴഞ്ഞുമറിഞ്ഞ് കൂടിക്കലര്‍ന്നിരിക്കുന്നു....!

ചിന്തയുടെ കടവാവലുകള്‍ അന്തമില്ലാതെ ചിറകടിച്ചു പറക്കുന്നു..
ഓര്‍മ്മയുടെ പുസ്തകങ്ങളെല്ലാം ചിതലരിച്ചിരിക്കുന്നു....!!

ആശയം ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍ നോക്കി ഞാന്‍ അന്തിച്ചു നിന്നു പോയി...

ഇനിയിതെല്ലാം തൂത്തുതുടച്ച് പ്രതീക്ഷയുടെ ഒരു തിരിനാളം കൊളുത്തിവയ്ക്കാനാകുമോ...???
ആശങ്കയുടെ ഇരുട്ടില്‍ പകച്ചു നില്‍ക്കുന്നു ഞാനിപ്പോഴും...!‍

Tuesday, 23 September 2014

ആമുഖം


ആദ്യമായ്
************


ആദ്യത്തെ പോസ്റ്റാണ്. കഥയല്ല. കവിതയുമല്ല. ഒരു കുറിപ്പ്.

സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ടേ അല്ലറ ചില്ലറ എഴുത്തു കുത്തുകളൊക്കെയുണ്ടായിരുന്നു... പാതിയും രഹസ്യമായി... രഹസ്യമാക്കി വച്ചിരുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല. ലജ്ജയാണ്... ഒരു ചമ്മല്‍...

പോത്സാഹനത്തിന്‍റെ പോഷകഗുണങ്ങളൊന്നും കിട്ടാത്തതുകൊണ്ട് വിളറി ശോഷിച്ച ഒരു കുട്ടിയെപ്പോലെയായി എന്‍റെ എഴുത്ത്.....

സഹപാഠികള്‍ക്കിടയില്‍ മാത്രം വെളിച്ചം കണ്ടിരുന്ന അക്ഷരത്തുണ്ടുകള്‍.... സൗഹാര്‍ദ്ദത്തിന്‍റെ കൈ പിടിച്ചാണ് പിച്ചവയ്ക്കാന്‍ പഠിച്ചതുതന്നെ.!

മിക്കവരുടെയും ജീവിതത്തിലെ മിന്നുന്ന കാലഘട്ടമാണ് സ്കൂൾ കാലം. എന്‍റെയും.... ഉത്തരവാദിത്വത്തിന്‍റെ കെട്ടുപാടുകള്‍ ചുറ്റിപ്പിണഞ്ഞിട്ടില്ലാത്ത നാളുകള്‍.!

നൂലുപൊട്ടിയ പട്ടം പോലെ പാറി നടക്കുന്ന ചിന്തകള്‍...!
അക്ഷരങ്ങളുടെ പൂമഴ...!!

പഠനകാലം പിന്നിട്ടതോടെ ആ മഴക്കാലവും കഴിഞ്ഞു.!

വെയിൽ കൊണ്ടു വെന്ത കൊയ്ത്തുപാടങ്ങള്‍ പോലെ വിണ്ടു കീറിക്കിടക്കുന്നു മനസ്സ്...

ഋതുഭേദങ്ങള്‍ക്കപ്പുറം,  എഴുതുവാനുള്ള മോഹം വീണ്ടുമൊരു കുളിര്‍ക്കാറ്റായി വീശുമ്പോള്‍....
പെയ്തുവീഴുന്ന അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടിയെടുക്കട്ടെ ഞാൻ..

ഒരു പെരുമഴക്കാലത്തിനു കൂടി കാതോര്‍ത്ത്....
                                                    കല്ലോലിനി.