Saturday 8 February 2020

സ്വപ്നക്കൂട്





ഉള്ളിന്റെയുള്ളിൽ തേങ്ങലായൊരു മോഹം
പൊന്നൊളി വിതറിയർക്കനായുയരും നേരം
പറക്കണം,
ചേർന്ന് പറക്കണം കൂട്ടരോടൊത്ത്.

പറന്നു പറന്നങ്ങു ചക്രവാള ശീമക്കരികെ,
രാവിലും പകലിലും പൂക്കൾ വിടരു-
മൊരു പച്ചപ്പിൻ മഞ്ഞു താഴ്വരയിൽ,
ആരാരും ശല്യപ്പെടുത്താത്തൊരു കോണിൽ 
ചേക്കേറണം.
പിന്നെ
ചേലൊത്തൊരു കൂടുമെനയണമാ-
തുള്ളിയോടും പൂഞ്ചോലയിലേക്കു-
ചാഞ്ഞൊരു ചില്ലയിൽ.!!!

കലപില കൂട്ടണം, ചോല തോൽക്കും
കളകളാരവത്താൽ.
സ്നേഹം പെയ്യണം, പൗർണമി നാണിക്കും
നറുശോഭയാൽ.!!!

ഉണരണം പുലരിയിൽ..
കാണണമന്നുവരെ കണ്ടിട്ടില്ലാത്തയത്ര
മനോഹരമാമൊരു സൂര്യോദയം

ചിറകൊന്നു വീശിപ്പറക്കണം...
കുളിരുന്നൊരാ പുലർമഞ്ഞിൽ...
ഇരയൊന്നു  കൊത്തിത്തിരികെയണയണം
കുഞ്ഞുകൂട്ടിൽ കലമ്പും കുഞ്ഞോമനകൾക്കരികിലായ്
 
കളിചിരികൾ നിറച്ചൊരു സ്വർഗ്ഗമാക്കേണമെൻ
മഴവില്ലിൻ ചേലൊത്ത സ്നേഹക്കൂട്.!!!


Picture Courtesy: Google

Friday 7 February 2020

മണൽക്കൊട്ടാരം



വളരെയധികം തിരക്കുള്ള ഒരു കടപ്പുറത്ത്, ഒട്ടേറെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഇടതടവില്ലാതെ , ഉല്ലസിച്ചും, പരസ്പരം കൈകോർത്തു കഥകൾ പറഞ്ഞും, ചിലർ അവനവന്റെ സ്വപ്നലോകത്ത് കടല കൊറിച്ചും , മറ്റു ചിലർ വിരഹത്താൽ കണ്ണീർ വാർത്തും, ഇനിയും ചിലർ വിഷാദത്തിന്റെ അർദ്ധ ബോധാവസ്ഥയിൽ സ്വയം മറന്നും,  നടക്കുകയും, ജീവിത പ്രാരാബ്ധങ്ങളറിയാത്ത കുട്ടികൾ ഓടിക്കളിക്കുകയും ചെയ്തു കൊണ്ടിരുന്നു ... അതിനിടയ്ക്ക് കരയോട് സല്ലപിക്കുന്ന തിരകൾ ഏറിയും കുറഞ്ഞും വന്നു പൊയ്ക്കൊണ്ടുമിരുന്നു ....

അത്രയും തിരക്കിനിടയിലിരുന്ന് അവൾ മണൽ കൊണ്ടൊരു കൊട്ടാരം ഉണ്ടാക്കുകയായിരുന്നു ... തന്നെത്തന്നെ ആത്മ സമർപ്പണം ചെയ്ത് അവൾ അതിനു മോടി കൂടിക്കൊണ്ടിരുന്നു.... അവളുടെ സന്തോഷം ആ കൊട്ടാരത്തിന്റെ ആത്മാവായിരുന്നു...  പക്ഷേ ... വളരെ തിരക്കിട്ട് ഇടയ്ക്കിടെ കടന്നു പോകുന്ന ആളുകൾ , ഓടിക്കളിക്കുന്ന കുട്ടികൾ, ഏറിയും കുറഞ്ഞും വരുന്ന തിരകൾ എല്ലാം അവളുടെയാ മോഹസൗധം തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നു ..... 
അതുകണ്ടവളുടെ നെഞ്ചു പൊള്ളി.....
 ഉള്ളിന്റെയുള്ളിൽ അലറിക്കരഞ്ഞു.... 
കണ്ണീർ വാർത്തുകൊണ്ട് അവൾ വീണ്ടും ആ കൊട്ടാരം പണിതുയർത്തി  കമനീയമാക്കാൻ പണിപ്പെട്ടുകൊണ്ടിരുന്നു .....

ചില നേരങ്ങളിൽ ഏറി വരുന്ന തിരകൾ അവളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്തിക്കൊണ്ട് പോയി ..... അവൾ പിന്നെയും നെഞ്ച് വിങ്ങിക്കൊണ്ടും , കണ്ണീർ വാർത്തുകൊണ്ടും ഒരു വിഡ്ഢിയെ പോലെ കൊട്ടാരം മെനഞ്ഞുകൊണ്ടിരുന്നു......

പകലൊഴിഞ്ഞു രാവു വന്നു... തിരകളപ്പോഴും ഏറിയും കുറഞ്ഞും വന്നു പോയ്‌കൊണ്ടിരുന്നു...... ഉള്ളു പൊള്ളയായ, അടിത്തറയ്ക്കുറപ്പില്ലാത്ത , കൊട്ടാരങ്ങൾ പണിത് പണിത് അവൾ അവശയായിട്ടുണ്ടായിരുന്നു.... 
വേഗം തകർന്നടിയുന്ന കൊട്ടാരങ്ങളിൽ അവൾ മോഹിച്ച, അവൾ തേടുന്ന  ആത്മാവില്ലെന്നുള്ള അറിവ് അവളെ വല്ലാതെ  തളർത്തിയിരുന്നു.... എങ്കിലും പിന്നെയും പിന്നെയും അവൾ കൊട്ടാരം പണിതുകൊണ്ടിരുന്നു.... 
ഒരുവേള ... നിരാശയുടെ ഉപ്പുകാറ്റിൽ ഒരു വലിയ തിര വന്നു തന്നെയും തന്റെ കൊട്ടാരത്തെയുമങ്ങു കൊണ്ടു പോയിരുന്നെങ്കിൽ എന്നവളാശിച്ചു...
പക്ഷേ പിന്നെയും ഒരു തിര പമ്മി പമ്മി വന്നു അടിത്തറ ഇളക്കിക്കൊണ്ട് പോയി..... അവളുടെ സൗധം പിന്നെയും വീണടിഞ്ഞു....

ആ അന്ധകാരത്തിൽ നിന്നുമവൾ  വീണ്ടും തപ്പിപ്പെറുക്കി മനോഹരമായൊരു കൊട്ടാരം കെട്ടിപ്പൊക്കി... ഇത്തവണ ആ കൊട്ടാരം ആർക്കും തകർക്കാൻ കൊടുക്കില്ലെന്നൊരു വാശിയോടെ അതിദ്രുതം അവളതിനെ മോടി പിടിപ്പിച്ചു... ആ ഇരുട്ടിലും അതിന്റെ കെട്ടും മട്ടും ആകാര ഭംഗിയും സങ്കല്പിച്ചു അർമാദം കൊണ്ടു.... പിന്നെയൊരുന്മാദിനിയെപ്പോലെ ആത്മാവില്ലാത്ത , അകം  പൊള്ളയായ സൗധവും വാരിയെടുത്ത് പിൻവാങ്ങുന്നൊരു തിരയിലേക്കവൾ പാഞ്ഞു പാഞ്ഞിറങ്ങിപ്പോയി..... 

അപ്പോഴും തിരക്കിട്ട് ചലിച്ചിരുന്ന കടപ്പുറത്തു നിന്നും ചിലരൊക്കെ അവളെ നോക്കി ഭ്രാന്തിയെന്നു സഹതപിച്ചു  കൊണ്ട് വീണ്ടും അവരുടെ തിരക്കുകളിലേക്ക് തിരികെപ്പോയി.... 

അന്തിമാനത്തിന്റെയങ്ങേയറ്റത്ത് കടലിൽ താഴ്ന്നു പോകുന്ന സൂര്യനെപ്പോലെ അവളും അവളുടെ മോഹക്കൊട്ടാരവും മാഞ്ഞു പോയി ....
           ----------*------========-----*-----------
Photo courtesy : Google