Wednesday, 17 June 2015

വട്ടപ്പൊട്ട്

 
റോസ് നിറം ചൊരിയുന്ന ബെഡ് ലാംപിന്‍റെ വെളിച്ചത്തില്‍ റിയാസ് എഴുതാനിരുന്നു. പേനകള്‍ക്കിടയില്‍ പരതി കറുത്ത ക്യാപ്പുള്ള പേന തിരഞ്ഞെടുത്തു. ഏറ്റവും ഇഷ്ടപ്പെട്ട പേനയാണത്. അതിന്‍റെ കറുത്ത ടോപ്പിലേക്കു നോക്കിയിരിക്കെ ഒരു കയ്പേറിയ കറുപ്പിന്‍റെ ഓര്‍മ്മ അവന്‍റെ മനസ്സിലേക്കൊഴുകിയെത്തി.

 ഇന്നലെകളുടെ താളുകളിൽ തിളങ്ങുന്നൊരു കറുത്ത വട്ടപ്പൊട്ട്.!!

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഹൈസ്കൂൾ വിദ്യാര്‍ത്ഥി. അവന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആ കറുത്ത വട്ടപ്പൊട്ടിനെയായിരുന്നു. പുതിയ സ്ഥലത്ത്, പുതിയ വീട്ടിലേക്ക് വന്നൊരു കുടുംബത്തിലെ കുട്ടിയായിരുന്നു റിയാസ്. വന്നതിന്‍റെ രണ്ടാംദിവസം പാടത്തിന്നരുകിലെ കലുങ്കിനടുത്ത് വച്ചാണ് ആദ്യമായി വട്ടപ്പൊട്ടിനെ കണ്ടത്. ഒരു കൈയിൽ കൊരുത്ത ദാവണിത്തുമ്പും മറുകൈയില്‍ ഒരു തൂക്കുപാത്രവുമായ് നടന്നുപോകുന്ന പെണ്‍കൊടി. അവളുടെ ശ്രീയുള്ള മുഖത്ത് അലങ്കാരത്തിന് ഒരു കറുത്ത വട്ടപ്പൊട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലുങ്ങുന്ന കൊലുസുമായ് അവളകന്നു പോയി.

പിന്നെയും പല തവണ അവിടെ വച്ച് റിയാസ് അവളെ കണ്ടു. അവളുടെ പേരോ, അവള്‍ ആരെന്നോ അവനറിയില്ലായിരുന്നു. പക്ഷേ എന്നും ആ മുഖത്ത് ഒരു കറുത്ത വട്ടപ്പൊട്ടുണ്ടായിരുന്നു. അതുകൊണ്ട് അവളെയവന്‍ "വട്ടപ്പൊട്ട്" എന്നു വിളിച്ചു.

വട്ടപ്പൊട്ട് എന്നുമെങ്ങോട്ടാണ് പോകുന്നത്?

എന്തായിരിക്കും അവള്‍ കൊണ്ടുപോകുന്നത്?

പിറ്റേന്ന് തന്നെ അവന് അതിനുള്ള ഉത്തരവും കിട്ടി.

തൂക്കുപാത്രത്തിന്‍റെ വശത്തുകൂടി മടിച്ചു മടിച്ചൊലിച്ചിറങ്ങുന്ന വെളുത്ത ദ്രാവകം..
ഓ.. അപ്പോള്‍ വട്ടപ്പൊട്ട് പാലു കൊണ്ട് പോകുകയാണ്. അന്ന് വട്ടപ്പൊട്ട് മടങ്ങിപ്പോകുന്നതു വരെ അവന്‍ കലുങ്കിലിരുന്നു. പിന്നെ അതു പതിവായി.!

എന്നും വട്ടപ്പൊട്ടിനെ കാണാൻ അവന്‍ കലുങ്കിലെത്തി. എന്നും കാണുന്ന അവനെ വട്ടപ്പൊട്ട് ശ്രദ്ധിച്ചിരുന്നുവോ.. എന്തോ..?
സദാ പുഞ്ചിരിക്കുന്ന അധരങ്ങളാണ് വട്ടപ്പൊട്ടിന്. വിടര്‍ന്ന മിഴികളും.!
ഒരിക്കല്‍ അവ അവന്‍റെ നേരെ നീളുകയുണ്ടായി. ചെഞ്ചുണ്ടിലെ പുഞ്ചിരി ഒന്നു തിളങ്ങുകയും.!!


സംഭ്രമത്താല്‍ റിയാസിന് പുഞ്ചിരിക്കാനായില്ല. എങ്കിലും അവന് സന്തോഷം തോന്നി. ജന്മങ്ങളുടെ അടുപ്പമാണ് വട്ടപ്പൊട്ടിനോട് തോന്നിയിരുന്നത്.. കഴിഞ്ഞ ജന്മത്തില്‍ വട്ടപ്പൊട്ട് തന്‍റെ വളരെ പ്രിയപ്പെട്ട ആരോ ആയിരുന്നു എന്നവന്‍ വിശ്വസിച്ചു.

ദിവസവും ആ സമയം എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അവന്‍ വട്ടപ്പൊട്ടിനെ കാണാൻ കലുങ്കിലെത്തുമായിരുന്നു.

പക്ഷേ...
ഒരു ദിവസം പാലുകൊടുക്കാന്‍ പോയ വട്ടപ്പൊട്ട് തിരികെ പോയില്ല. മണിക്കൂറുകളോളം അവന്‍ കാത്തിരുന്നു.
പടിഞ്ഞാറ് സൂര്യൻ ചുവപ്പണിഞ്ഞു.
അന്തിവെയിലിന്‍റെ പൊന്‍കിരണങ്ങള്‍ അവനില്‍ പതിഞ്ഞു. മുടിയിഴകളെ മിനുക്കി.. ഇര തേടാന്‍ പോയ പറവകളെല്ലാം ഒന്നൊന്നായും കൂട്ടത്തോടെയും കൂടുകൾ ലക്ഷ്യമാക്കി പറന്നു പോയി. പാടത്ത് മേയാന്‍ വിട്ടിരുന്ന പൈക്കളെല്ലാം തിരികെ വീട്ടിലേക്കു പോയി.
പുഴക്കരയില്‍ ആടുകളെ മേച്ചിരുന്ന അമ്മൂമ്മയും തന്‍റെ ആടുകളെയും തെളിച്ചുകൊണ്ട് തിരികെപ്പോയി.

പക്ഷേ വട്ടപ്പൊട്ട് മാത്രം തിരികെ പോയില്ല.!!

സന്ധ്യ മെല്ലെ പിന്‍വാങ്ങി. ഇരുട്ട് തന്‍റെ ആധിപത്യം കുറെശ്ശെ കുറെശ്ശെയായി ഭൂമിയിലേക്ക് പടര്‍ത്തി. റിയാസിനെ കാണാഞ്ഞ് ബാപ്പ ടോര്‍ച്ചു മിന്നിച്ചു കൊണ്ട് തിരഞ്ഞുവന്നു. കലുങ്കില്‍ മരവിച്ചിരുന്ന അവനെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ബാപ്പയുടെ ചോദ്യങ്ങൾക്ക് താന്‍ എന്തു മറുപടിയാണ് പറഞ്ഞതെന്ന് അവനോ, അവന്‍ എന്താണ് പറഞ്ഞതെന്ന് ബാപ്പയ്ക്കൊ വ്യക്തമായി മനസ്സിലാവുകയുണ്ടായില്ല. എന്തോ ബാപ്പ പിന്നതിനെക്കുറിച്ച് അധികം ചോദിച്ചുമില്ല.

വീട്ടിലെത്തിയപ്പോള്‍ അയലത്തമ്മമാരുമായി ഉമ്മ ഗൗരവമായ സംഭാഷണത്തിലാണ്.

"കഷ്ടം തന്നെ.!! എന്താണ്ടായതെന്ന് ആര്‍ക്കുമറിയില്ല." അവരുടെ സംഭാഷണ ശകലങ്ങള്‍ അവന്‍റെ കാതിലെത്തി. അവന് ഒന്നും മനസ്സിലായില്ല. അവന്‍ അടുക്കള വാതിലിന്‍റെ അരികിൽ വന്നു നിന്നു. ഉമ്മ സങ്കടം പറയുന്നു.
" എന്ത് തങ്കക്കുടം പോലിരുന്ന കുട്ട്യാര്‍ന്നു. അതിനെ ഏത് ശെയ്ത്താന്‍മാര് പിടിച്ചോ എന്തോ..???"

"അതിന്‍റെ തള്ളേടെ നെലോളി കേള്‍ക്കുമ്പോഴാ..." മറ്റൊരാൾ.

"ന്‍റെ ശ്രീക്കുട്ട്യേ കാണാനില്ലല്ലോന്ന് പറഞ്ഞ് അത് കരയണൂ.."

"തള്ളയല്ലേ.... ദെണ്ണം കാണില്ല്യേ..." അവര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു.
റിയാസിന് ഒരെത്തും പിടിയും കിട്ടിയില്ല.

"ഉമ്മാ..." അവന്‍ വിളിച്ചു.

"ആ നീ വന്നോ.. നിനക്ക് ചായയിരിക്ക്ണ്.." അവർ വന്ന് അവന് ചായയെടുത്തു കൊടുത്തു.
"എന്തുമ്മാ കാര്യം.??" അവന്‍ തിരക്കി.
"നീയ്യ് ചായ കുടിച്ചോ.." അവർ അതവഗണിച്ചു.
"ദിവസോം കൃത്യായി പാലും കൊണ്ട് പോവ്വേം വരേം ചെയ്യണ കുട്ട്യാ.." അയല്‍ക്കാരിലൊരാള്‍ പറഞ്ഞത് കേട്ട് റിയാസ് ഞെട്ടി.
 "ഹാരെയാ കാണാണ്ടായത്?" വിറയലോടെ അവന്‍ ചോദിച്ചു. അവന്‍റെ മനസ്സിലേക്ക് വട്ടപ്പൊട്ടിന്‍റെ മുഖം ഓടിയെത്തി.

"ശ്രീക്കുട്ടിയേ... നീ കണ്ടിട്ടുണ്ടാവും ചെലപ്പോ... വൈകിട്ട് പാലും കൊണ്ട് പോണതു കാണാം..."!!
ഉമ്മയുടെ വാക്കുകള്‍ കേട്ട് റിയാസ് വീണ്ടും ഞെട്ടി.!
"അതിന്"??
"അതിനെ കാണാനില്ല്യാന്ന് "..!!ഉമ്മ പറഞ്ഞു തീര്‍ന്നതും റിയാസിന്‍റെ കയ്യില്‍നിന്നും ഗ്ലാസ് വഴുതി, ശബ്ദത്തോടെ നിലത്ത് വീണുടഞ്ഞു. തരിച്ചു നിന്നതേയുള്ളൂ അവന്‍.!!
"നെന്‍റെ കയ്യിനെല്ലില്ല്യേ... ചെക്കാ..."
ഉമ്മ ദേഷ്യപ്പെട്ടു.
റിയാസിന്‍റെ ചെവിക്കകത്ത് ഒരു മൂളല്‍ മാത്രമായിരുന്നു. ധൃതിയില്‍ ചില്ലുകൾ പെറുക്കി തറ തുടച്ച് വൃത്തിയാക്കി ഉമ്മ സംസാരത്തിനായി പോയി. റിയാസും അവിടേക്ക് കാതോര്‍ത്തു.

"ആളോള് തെരയാന്‍ പോയിട്ട്ണ്ട്. എവിടെപ്പോയന്നോഷിക്കാനാ..."

"അത് തനിച്ചെങ്ങടും പോയതാവില്ല്യ. വല്ല കാലമാടന്‍മാരും പിടിച്ചോണ്ട് പോയതാവും."

അവരുടെ സംസാരം നീണ്ട്നീണ്ട് പോയി.

തിരച്ചില്‍ രണ്ട് ദിവസം പിന്നിട്ടു.
മൂന്നാംദിവസം.
റിയാസും ബാപ്പയും കൂടി അടുക്കളത്തോട്ടം നനക്കുമ്പോഴാണ് ഒരയല്‍ക്കാരി ഓടിപ്പാഞ്ഞുവന്നത്.
"ഇത്താ..... ങ്ങളറിഞ്ഞോ...." അവർ വേലിക്കല്‍നിന്നു കിതച്ചു. ജിജ്ഞാസയോടെ റിയാസും ബാപ്പയും അങ്ങോട്ട് ചെന്നു. അടുക്കളയില്‍ നിന്നും ഉമ്മ പാഞ്ഞുവന്നു.
"ശ്രീക്കുട്ടീടെ ശവം പൊഴേല്...."
അവർ പറഞ്ഞതുകേട്ട് റിയാസിന് തല കറങ്ങി.
"എവ് ടേ...." എന്നു ചോദിച്ച് മൂവരും പാഞ്ഞു. ഹോസ് താഴെയിട്ട് അവനും ഓടി അവരുടെ പുറകെ.!
പുഴവക്കത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. രണ്ടുമൂന്നാണുങ്ങള്‍ വെള്ളത്തില്‍ നിന്ന് ശവം വലിച്ചു കയറ്റി. വെള്ളത്തില്‍ നിന്നതു പൊങ്ങിയപ്പോള്‍ ദുര്‍ഗന്ധമുണ്ടായി. റിയാസ് അറിയാതെ മൂക്കുപൊത്തി. വിറക്കുന്നുണ്ടായിരുന്നു അവന്‍. ഹൃദയത്തിലെ പെരുമ്പറ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു. കണ്ടുനിന്ന സ്ത്രീകളെല്ലാം കരഞ്ഞു. ആളുകളുടെ കൈകളിൽ തൂങ്ങുന്ന വട്ടപ്പൊട്ടിന്‍റെ മുഖത്തേക്ക് റിയാസ് ഉറ്റുനോക്കി.
 കരിനീലിച്ചു പോയെങ്കിലും വട്ടപ്പൊട്ടിന്‍റെ പവിഴാധരങ്ങളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. പാതിയടഞ്ഞ കണ്ണുകള്‍. അവന്‍ എന്നും കണ്ടിരുന്ന ആ കറുത്ത വട്ടപ്പൊട്ട് അപ്പോള്‍ അവളുടെ മുഖത്തില്ലായിരുന്നു.!!
 റിയാസ് തിരിഞ്ഞോടി.
വട്ടപ്പൊട്ടില്ലാത്ത ചേതനയറ്റ ആ മുഖം അവന് കാണണ്ടായിരുന്നു.!!!

ര്‍മ്മകളുടെ കുലുക്കത്തില്‍ റിയാസ് അടിമുടി വിറച്ചു. എ.സി യുണ്ടായിട്ടും വിയര്‍പ്പില്‍ കുളിച്ചു.
ഇന്ന് ശ്രീക്കുട്ടിയുടെ അച്ഛനുമമ്മയുമെല്ലാം മരിച്ചുപോയി. അന്വേഷണം ഒക്കെ നടന്നെങ്കിലും വലിയ തുമ്പും വാലുമൊന്നുമില്ലാതെ ശ്രീക്കുട്ടിയുടെ മരണം മാഞ്ഞുപോയി. ഇന്നാരും അവിടെ വട്ടപ്പൊട്ടിനെ ഓര്‍ക്കാറില്ല. ആ നാടുതന്നെ മറന്നു പോയിരിക്കുന്നു, എന്നും പാലുകൊണ്ട് പോയിരുന്ന ആ പെണ്‍കിടാവിനെ.! റിയാസിന്‍റെ ഉമ്മയും മറന്നുപോയിരിക്കുന്നു ആ ദുരന്തം.!!
അവരുടെ വാര്‍ദ്ധക്യം പഴയ പല ഓര്‍മകളുടെയും നിറം കെടുത്തിയിരിക്കുന്നു.

ലോകം തന്നെ മറന്നാലും വട്ടപ്പൊട്ടിനെ ഒരിക്കലും റിയാസ് മറക്കില്ല. ആ ഗ്രാമത്തിന്റെ ശാലീനതപോലെ എന്നും പാലുമായി പോയിരുന്ന പെണ്‍കുട്ടി. രാത്രിക്കഴുകന്‍മാരുടെ ചോരത്തിളപ്പില്‍ പൊലിഞ്ഞുപോയൊരു ഓര്‍മ്മപ്പൊട്ട്.
ഒരു കയ്യില്‍ കൊരുത്ത ദാവണിത്തുമ്പുമായ് റിയാസിന്‍റെ ഓര്‍മയിലേക്കുമാത്രം ഇടയ്ക്കെല്ലാം അവള്‍ വന്നുപോയ്ക്കൊണ്ടിരുന്നു.!!


             
* ***** ***** ***** *

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിൾ