Tuesday, 21 April 2015

വെറുപ്പ്


സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.

ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.

നിര്‍ഭാഗ്യവതിയായ സെലീന.!

എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!

സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.

ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.

രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..

ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.

 വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.

ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.

ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.

തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.

അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???

ഇല്ല.

ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം.  അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!


ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.

 വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.


കണ്ടുമടുത്തു സെലീനയ്ക്ക്.!


കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.

പക്ഷേ..

അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.

അവരെപ്പറ്റി ഓര്‍ക്കാറില്ല.!

സഹതപിക്കാറില്ല.!

പാശ്ചാത്തപിക്കാറില്ല!.

അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..

വെറുപ്പ്.!!

റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.


സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!

വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!

മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!


ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!

അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!

 ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!

 ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.

അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!

സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!

                   **** **** ****

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.

Wednesday, 8 April 2015

പാല്‍മണം മാറാത്ത പയ്യനും പിന്നെ പോലീസുകാരനും.

എന്തൊക്കെയോ ചിന്തകളെ മനസ്സിലിട്ടുരുട്ടിക്കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്നു ഞാൻ.. ഏതാനും അടികൾ നടന്നാല്‍ മെയിന്‍ റോഡിലെത്താം. അവിടെ നിന്നുമാണ് ബസ്സിൽ കയറി പോകേണ്ടത്.

അപ്പോഴാണ് തൊട്ടരികിലൂടെ ഒരു പഴയ സ്കൂട്ടര്‍ കടന്നു പോയത്. മെയിന്‍ റോഡിലേക്ക് കയറും മുന്‍പ് സ്കൂട്ടറിനു തൊട്ടുമുന്നിലേക്ക്, ചിത്രകഥകളിലെ കൊള്ളക്കാരനെപ്പോലെ ഒരു പോലീസുകാരന്‍ ചാടിവീണു..!

"നിര്‍ത്തടാ വണ്ടി..."

ഞൊടിയിടകൊണ്ട് വണ്ടി ഓഫാക്കി ചാവി അദ്ദേഹം കൈക്കലാക്കി...

" നിന്‍റെ ലൈെസന്‍സെടുക്ക്".

ഉണ്ടാകില്ലെന്ന ഉറപ്പോടെ തന്നെ വിരട്ടി...

ഒരു നിമിഷം സ്തംഭിച്ചു പോയ സ്കൂട്ടര്‍ യാത്രികന്‍ വണ്ടിയില്‍ നിന്നുമിറങ്ങി, ആകാവുന്നത്ര ദൈന്യത മുഖത്ത് വരുത്തിക്കൊണ്ട് പോലീസേമ്മാനു നേരെ കൈകൂപ്പി. ഇന്നേവരെ ആരുടെ മുന്നിലും കൈകൂപ്പാത്ത ഒരാളാണെന്ന് ആ വികലമായ കൈകൂപ്പലില്‍ നിന്നു തന്നെയറിയാം..

യാത്രക്കാരന്‍റെ മുഖത്തേക്കു നോക്കിയ എനിക്കു ചിരിപൊട്ടി.. ഞാനത് പുറത്തു വിടാതെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ചു.

പാല്‍മണം മാറാത്ത ഒരു പയ്യന്‍..!
എട്ടിലോ, ഒമ്പതിലോ ആയിരിക്കണം.. നന്നേ വെളുത്ത് തുടുത്ത് ഓമനത്തം തുളുമ്പുന്ന മുഖം. അവന്‍റെ മുടി ആധുനിക പയ്യന്‍മാരുടെ സ്റ്റൈലില്‍, പശു നക്കിയതുപോലെ കുറച്ച് താഴോട്ടും ബാക്കി മുള്ളന്‍പന്നി മുള്ളുകള്‍ എഴുന്നതുപോലെ മുകളിലോട്ടും തെറിച്ചു നിന്നിരുന്നു.

"ഇവനേ... കുറെ നേരമായി  തുടങ്ങിയിട്ട്... അതിലേ പോകുന്നു.. ഇതിലേ പോകുന്നൂ..."

ഇതെന്തു പൂരം എന്ന മട്ടില്‍ കാഴ്ച കണ്ടു നിന്നവരോടായി പോലീസുകാരന്‍ പറഞ്ഞു.

പിന്നെ പയ്യന്‍റെ നേരെ ആക്രോശിച്ചു.
"എന്തടാ... ഞങ്ങളൊക്കെ പൊട്ടന്‍മാരാന്നു വിചാരിച്ചോ നീയ്..".

പയ്യനപ്പോഴും പുറത്തുചാടാത്ത ഒച്ചയില്‍ കൈകൂപ്പിക്കൊണ്ട് "സാറേ ഒന്നും ചെയ്യരുത്" എന്നു ദൈന്യമായ് കേണുകൊണ്ടിരുന്നു.

ഇതിനിടയിൽ അദ്ദേഹം വയര്‍ലസ്സിലൂടെ ആര്‍ക്കോ വിവരം കൈമാറുന്നുമുണ്ടായിരുന്നു.

ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ആടു കിടന്നിടത്തു പൂടപോലുമില്ല. വീണ്ടുമുള്ള നിരീക്ഷണത്തില്‍ കുറച്ചു ദൂരെയായി സ്കൂട്ടര്‍ ചാരിവച്ചിരിക്കുന്നത് കണ്ടു.. പയ്യന്‍സിനെ പോലീസുകാരന്‍ കൊണ്ടു പോയി.

Google Images

             *         *           *          *          *           *
ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തുന്നത്, മുന്‍പ് ഇതു പോലെ ഒരു യാത്രയിൽ ബസ് കാത്തുനില്‍ക്കുന്ന വേളയിൽ കേട്ട ഒരു വഴിയോര പ്രസംഗത്തെക്കുറിച്ചാണ്.

അതില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞിരുന്നത്.

അവിടെ നിന്നും ഞാൻ ശ്രവിച്ച ചില ഭാഗങ്ങൾ,
പ്രാസംഗികന്‍റെ ഭാഷയിൽ, ഓര്‍മയില്‍ നിന്നും പങ്കു വയ്ക്കട്ടെ...


"ദാ ഇത് ഇന്നാട്ടില്‍ തന്നെ നടന്നൊരു സംഭവാണ്.. ബാപ്പയും ഉമ്മയും മോനുമടങ്ങുന്നൊരു ചെറിയ കുടുംബം.. ബാപ്പ ഗള്‍ഫിലാണ്.
അങ്ങനെയിരിക്കെ ബാപ്പ അവധിക്കു വന്ന ഒരു ദിവസം ഉമ്മ, ബാപ്പാനെ സമീപിച്ചിട്ടു പറയ്യാണ്..

"...ദോക്കിന്‍... മ്മടെ മോനൂന് ഒരു വണ്ടി  വേണം ന്ന്.."

"വണ്ട്യോ... ന്ത് വണ്ടി..??"

" ചെക്കന്‍മാര്‍ക്കിപ്പൊ ന്ത് വണ്ട്യാ വേണ്ടേ.. ബൈക്ക്.."

"അയിന് ഓന്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്..?"

"ഓന്‍റെ കൂട്ടാര്‍ക്കൊക്കെ ഉണ്ടത്രേ..., ഓനത് ഓടിക്കാനൊക്കെ പഠിച്ചേക്കണ്.."

ഉമ്മാക്ക് മോനെ ഓര്‍ത്ത് അഭിമാനം..

"ഓനിപ്പൊ നല്ലണം പഠിക്കാന്‍ പറ.. പത്തിലു നല്ല മാര്‍ക്ക് വാങ്ങ്യാ മേടിച്ചൊട്ക്കാം.."

അത്തവണ ബാപ്പ മടങ്ങിപ്പോയി..

അടുത്ത കൊല്ലം ബാപ്പ നാട്ടില്‍ വരുമ്പോഴേക്കും മകന്‍ ഉമ്മയോട് ശട്ടം കെട്ടി. ഇത്തവണ ബാപ്പ വരുമ്പൊ എന്തായാലും വണ്ടി വാങ്ങിപ്പിക്കണം. ഇല്ലെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നത്  പോയിട്ട് പരീക്ഷയ്ക്കു പോലും പോവില്ല.

അങ്ങനെ ബാപ്പ നാട്ടിലെത്തി. ഒന്നു രണ്ടൂസം കഴിഞ്ഞു. മകന്‍റെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ ഫലായി ഉമ്മ വിഷയം ബാപ്പാന്‍റെ മുന്നിലെത്തിച്ചു.

" മോനു പറയ്യേണ് ഓന്‍ നന്നായി പഠിച്ചോളാം ഓന് വണ്ടി വാങ്ങിക്കൊടുക്കണംന്ന്.."

"ങാ പരീക്ഷ കഴിയട്ടെ.."

"അതല്ലാന്ന്,  ഓന്‍റെ കൂടെള്ള കുട്ട്യോളൊക്കെ വണ്ടീമ്മെങ്ങനെ തേരാ പാരാ പാഞ്ഞു നടക്കുമ്പൊ... മ്മടെ മോന് മാത്രം..."

ഉമ്മാക്കത് പ്രസ്റ്റീജിന്‍റെ കൂടി പ്രശ്നമാണ്.

" ഇമ്മക്ക് ആകെക്കൂടിള്ളതല്ലേ.... ഓന്‍റെ സന്തോഷല്ലേ... മ്മടെ സന്തോഷം.. അല്ലാണ്ടെ.. ങ്ങള് സമ്പാദിക്കണതൊക്കെയാര്‍ക്കാ..."

ആ വാചകങ്ങള്‍ ബാപ്പാന്‍റെ മനസ്സില്‍ കൊണ്ടു..

ശരിയാണ്...  മണലാരണ്യത്തിലെ തീവെയിലില്‍ ജീവിതം ഉരുക്കിക്കഴിയുമ്പോള്‍ ആകെയൊരു സ്വപ്നം അതുമാത്രാണ്..

മകന്‍റെ ചിരിക്കുന്ന മുഖം.

ഒരേയൊരു മകനേയുള്ളൂ..

"ഓന്‍റെ കൂട്ടാരൊക്കെ ചോയ്ക്കിണ്ട്.. അന്‍റെ ബാപ്പ ഗള്‍ഫിലല്ലേ പിന്നെന്താ ഒരു വണ്ടിവാങ്ങാനിത്ര പ്രയാസം ന്ന്.."

അങ്ങനെ ബാപ്പ അലിഞ്ഞു.

പിറ്റേന്ന് തന്നെ പോയി. വണ്ടി ബുക്ക് ചെയ്യാന്‍. ബുക്ക് ചെയ്യണ്ടിയൊന്നും വന്നില്ല, വണ്ടി റെഡി ഉണ്ടായിരുന്നു.
മകന് ലോകം പിടിച്ചടക്കിയ സന്തോഷം, അതുകണ്ട് ബാപ്പാക്കും ഉമ്മാക്കും അതിലേറെ സന്തോഷം.

വീട്ടില്‍ എത്തിയ ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി ബൈക്കില്‍ കറങ്ങാന്‍ പോയി.

പിന്നെക്കേള്‍ക്കുന്നത് മൂന്നുപേരുമായി പോയ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും ഒരാൾ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ്....

(നിശബ്ദത)

മകന്‍റെ ചിരിക്കുന്ന മുഖം കാണാൻ ആശിച്ച മാതാപിതാക്കൾ പിന്നെ കണ്ടത് മകന്‍റെ മയ്യത്തിന്‍റെ മുഖമാണ്...

(ഒരു നിമിഷത്തെ മൗനത്തിനു ശേഷം പതിഞ്ഞ ഒച്ചയില്‍ പ്രാസംഗികന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ ഒച്ചയുയര്‍ന്നു.)

ഇവിടെ ആരാണ് കുറ്റക്കാര്‍...?

ആരാണ് ഈ സംഭവത്തിനുത്തരവാദി...??

(വീണ്ടും നിശബ്ദത.)

ഞാൻ പറയും.. അത് മറ്റാരുമല്ലാ...
അതെ അത് മറ്റാരുമല്ല, പ്രായപൂർത്തിയാകാത്ത മകന് വണ്ടി വാങ്ങിക്കൊടുത്ത ബാപ്പായും അതിനു പ്രേരിപ്പിച്ച ഉമ്മായുമാണെന്ന്.....

പക്വതയില്ലാത്ത മക്കള്‍ പലതിനു വേണ്ടിയും വാശിപിടിക്കുമ്പോള്‍ അവരുടെ താളത്തിനു തുള്ളുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. അവരെ പറഞ്ഞു തിരുത്തുകയാണ്.........


ഇരമ്പിയകലുന്ന ബസ്സിന്‍റെ ഒച്ചയില്‍ പ്രാസംഗികന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതെയായി....

          *****    *****   *****