Wednesday, 20 May 2015

തീര്‍ത്ഥയാത്ര


ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!

Friday, 8 May 2015

അസ്തമിക്കുന്തോറും..!!


ഓര്‍മ്മകളോമനിച്ച് വളര്‍ത്തിയ ആ തടാകക്കരയിലൂടെ, കൈകോര്‍ത്തു നടന്നിരുന്ന രാപകലുകള്‍ എത്രയെത്ര കിനാവുകളുടെ കഥയാണ് പറഞ്ഞിരുന്നത്!

ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!

എന്നിട്ടും....

എന്നിട്ടും എന്താണ് സംഭവിച്ചത്?

മൃദുസ്പര്‍ശവുമായ് നിത്യസന്ദര്‍ശകനായിരുന്ന മന്ദമാരുതന്‍ ചൊല്ലിയ വാക്കുകള്‍;

മഴക്കാലോത്സവങ്ങളില്‍ അണിയുന്ന കങ്കണങ്ങള്‍ കിലുകിലെ കിലുക്കി പാദസരം ചിലമ്പിച്ച് ഓടിയെത്താറുള്ള പുഴ വഴിയിലെവിടെയോ തളര്‍ന്നു വീണെന്ന്.!

ഇനിയൊരിക്കലും പഴയ പ്രസരിപ്പോടും, പ്രസാദത്തോടും കൂടി അവള്‍ ഓടി വരില്ലെന്ന്!

പാതിവഴിക്കു കുഴഞ്ഞുപോയ അവളുടെ കാലുകൾ ആരോ വെട്ടിമാറ്റാന്‍ തുടങ്ങുകയാണത്രേ..!

ഇതുകേട്ട് കരയിലെ കല്‍ക്കെട്ടുകളിലുംസൈകതങ്ങളിലും ഹൃദയവേദനയോടെ ഓളങ്ങള്‍ തലതല്ലിയലച്ചു കരഞ്ഞു....

സമാധാനത്തിന്‍റെ ചിറകടികള്‍ നിലച്ചുതുടങ്ങി....

കാറ്റിന്‍റെ മൃദുസ്വരം നഷ്ടപ്പെട്ടു..!

അവന്‍ പലപ്പോഴും വിഹ്വലതകളുടെ തീക്കാറ്റുമായാണ് ഓടി വന്നിരുന്നത്. ആ തീ നാളങ്ങള്‍ ഓര്‍മ്മകളുടെ മാധുര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാനാരംഭിച്ചു....!

പിന്നെയും ഉദയാസ്തമയങ്ങള്‍ പിറന്നു...,

പക്ഷേ....

ദിനാവലികളുടെ പ്രണയത്തിന്‍റെ കഥകേള്‍ക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.

ദു:ഖത്തോടെയെങ്കിലും തടാകവും കരയെ വിട്ടകലാന്‍ നിര്‍ബന്ധിതയായിക്കൊണ്ടിരുന്നു....

അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം....

ശാന്തിയുടെ കോട്ടമതിലുകള്‍ തകര്‍ത്തിരുന്ന, പ്രകൃതിയുടെ സ്വപ്നസൗധങ്ങള്‍ ദഹിപ്പിച്ചിരുന്ന മസ്തിഷ്കങ്ങളുടെ, തായ് വേരുകള്‍ക്ക് വിഷം ബാധിച്ചുതുടങ്ങി...

സ്വയം ജ്വലിപ്പിച്ച മാരകാഗ്നിയില്‍ ഈയാം പാറ്റകളെപ്പോലെ എല്ലാം വന്നു വീഴാന്‍ തുടങ്ങി.

ആരവങ്ങളമര്‍ന്നുകൊണ്ടിരുന്നു....

പകരം ദീനരോദനങ്ങളുയര്‍ന്നു ..!!

പിന്നീടുള്ള ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും അന്ത്യമായിരുന്നു...!!

  ചിത്രം: ഗ്രാമ്യഭാവങ്ങള്‍

                *** *** *** *** *** *** ***പിന്‍കുറിപ്പ്:- വെറുതെ ഒരോര്‍മപ്പെടുത്തല്‍ മാത്രം.!!
സമാന സ്വഭാവമുള്ള എന്‍റെ മറ്റൊരു കവിത.