Monday, 2 May 2016

ഹൃദയത്തിലൊരു മുറിവ്


കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി....

നാളെത്രയേറിയിട്ടുമുണങ്ങാതെ
വിങ്ങുന്നു,
വയ്ക്കുവാനില്ലയീ മുറിവിലൊരു
മരുന്നും.!!

അടങ്ങാത്ത സങ്കടത്തിന്‍റെയൊടുങ്ങാത്ത-
വിങ്ങല്‍ കൊണ്ടുമുറിവേറ്റയെന്‍ ഹൃദയം
കൂടുതൽ പിളര്‍ന്നുപോയ് സ്നേഹ-
ത്തിന്നാധിക്യത്താല്‍..!!

കിട്ടാത്ത സാന്ത്വനമെന്നൊരൊറ്റമൂലി-
മാത്രമുള്ളയീ മുറിവുണക്കുവാന്‍
കഴിയില്ലതിനും കാരണമെന്തെന്നാല്‍,
എപ്പോഴെന്‍ മുറിവായിലാശ്വാസം
പകരുന്നുവോ, അപ്പോഴതു വീണ്ടും
പിളരുന്നു, ഒടുങ്ങാത്തൊരെന്‍ സ്നേഹത്തിന്നാധിക്യത്താല്‍..!!

കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി..!

ഹൃദയത്തിലൊരു മുറിവ്..!!
എന്‍റെ ഹൃദയത്തിലൊരു മുറിവ്...!!
ഒരിക്കലുമുണങ്ങാത്തൊരു മുറിവ്..!!!

         * * * * * *

നമ്മള്‍ വളരെയധികം സ്നേഹിക്കുന്നവര്‍ എന്തെങ്കിലും കടുത്തു പറഞ്ഞാല്‍ അത് നമുക്ക് വലിയൊരു വേദനയായിരിക്കും. കടുത്ത വാക്കുതന്നെയാകണമെന്നില്ല.
അങ്ങനെ ഒരു വാക്കുകേട്ടപ്പോള്‍ എനിക്ക് അതിയായി വേദനിക്കുകയും, ആ വേദനയില്‍ നിന്ന് പിറവിയെടുക്കുകയും ചെയ്തതാണീ കവിത.!!

മക്കളെ വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്യാത്ത ഒരാളാണ് ഞങ്ങളുടെ അച്ഛന്‍.
എന്നാലോ സ്നേഹിക്കുകയൊ ലാളിക്കുകയോ ചെയ്യുകയുമില്ല.
ഒരു കടലോളം സ്നേഹം ഉണ്ട് താനും.
അത് അറിയുന്നത് കൊണ്ട്  തന്നെ അച്ഛൻ എനിക്ക് ഒരു വീക്ക്നെസ്സാണ്. അമ്മ എത്രയൊക്കെ സ്നേഹം പ്രകടിപ്പിച്ചാലും, ഞാൻ ഒരു തനി അച്ഛൻ കുട്ടിയാണ്. അന്നും ഇന്നും എപ്പോഴും.!!
അതുകൊണ്ടാണ് അച്ഛനെന്തോ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ നൊന്തുപോയത്..
അതു കഴിഞ്ഞിട്ടൊത്തിരി കാലമായി...,
അന്നെന്താണ് പറഞ്ഞതെന്നും വിസ്മൃതിയിലലിഞ്ഞു...
പക്ഷേ.. അന്നു കുറിച്ചിട്ട വരികളും വേദനയും ഇപ്പോഴും ബാക്കി..!!!

Wednesday, 3 February 2016

സൗഹൃദ സംഗമം

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ

ആയുസ്സിന്‍റെ വഴിത്താരയില്‍
നാംനട്ടുവളര്‍ത്തിയ സൗഹൃദങ്ങള്‍
പൂക്കുന്നതും കായ്ക്കുന്നതും
വീണ്ടും മുളച്ച് പൊന്തുന്നതും...

ചില വിത്തുകള്‍ കുറേയേറെ നാള്‍
വിസ്മൃതിയാണ്ടുകിടന്ന്,
അപ്രതീക്ഷിതമായൊരു സന്ദര്‍ശനമഴയില്‍
പെട്ടെന്നൊരുനാള്‍ മുളച്ചു പൊങ്ങുന്നതും...

അപ്പോള്‍,
ജീവിതമരച്ചില്ലയില്‍ ഒരു കിളി പാടുന്നതും
താഴെ ഓര്‍മകളൂഞ്ഞാലാടുന്നതും
പഴയ തമാശകളോര്‍ത്ത് ഹൃദയങ്ങള്‍
കുണുങ്ങിച്ചിരിയ്ക്കുന്നതും....

മനസ്സിന്‍റെ വേലിക്കെട്ടുകള്‍ക്ക-
പ്പുറത്തേയ്ക്കു പടര്‍ത്തിയ രഹസ്യവള്ളികളില്‍ വിടര്‍ന്ന
വിശ്വാസത്തിന്‍റെ വെള്ളപ്പൂക്കളിറുക്കുന്നതും

പോയകാലത്തിന്‍റെ ഇടനാഴികളിലവ
മാലകോര്‍ത്തു തൂക്കുന്നതുമെല്ലാം

എത്രയോര്‍ത്താലും മതിവരാത്തൊരു
പുലര്‍കാലസ്വപ്നമായ്
മനസ്സിന്‍റെ മലര്‍വാടിയില്‍
മഴവില്ലുപോല്‍ വിടര്‍ന്നു നില്‍ക്കേ...
ഈ ഇത്തിരിവെട്ടമായ ജീവിതം
ഒരു മധുരമിഠായി നുണയുംപോലെ...!!!Thursday, 24 September 2015

ഒരു കാറ്റായിരുന്നെങ്കില്‍....ഒരു കാറ്റായിരുന്നെങ്കില്‍...
എവിടെയും കയറിച്ചെല്ലാമായിരുന്നു...

അടച്ചിട്ട വാതായനങ്ങളില്‍ ചെന്നെത്തി നോക്കാമായിരുന്നു...

പിന്നെ പരിഭവിച്ച സായന്തനങ്ങളെ ചെന്ന് തലോടാമായിരുന്നു...

വയലേലകളിലും ആഴിയുടെ പരപ്പിലും ഓളം തള്ളാമായിരുന്നു...

ഒരു നദിയുടെ മാറില്‍ കുളിരായ് അലയാമായിരുന്നു...

പിന്നൊരു മഴയോടൊപ്പം ഓടിപ്പിടിച്ചുകളിക്കാമായിരുന്നു...

വെയിലിൽ തളര്‍ന്നു വാടിയ ചെടികള്‍ക്കാശ്വാസമായണയാമായിരുന്നു...

പൂക്കള്‍ വിടര്‍ത്തും സുഗന്ധമായ്
പൂന്തോട്ടങ്ങളില്‍ നിറയാമായിരുന്നു...

അങ്ങനെയങ്ങനെ എണ്ണമറ്റൊരായിരം കനവുകളുടെ ചിറകേറിയൊരു പൂമ്പാറ്റയായ് പറക്കാമായിരുന്നു..!!!

Saturday, 22 August 2015

എന്‍റെ പ്രണയം


എന്‍റെ പ്രണയത്തെ ഞാൻ
സുരക്ഷിതമായ ഒരു സ്നേഹപാനീയത്തിലിട്ട് , മൂടിയില്ലാത്തൊരു പാത്രത്തില്‍
വെയിൽ കായാന്‍ വച്ച്,
കാക്കയും പൂച്ചയും കൊണ്ടു പോകാതെ കാവലിരിക്കുകയായിരുന്നു...

അപ്പോള്‍ കുശലം ചോദിച്ചെത്തിയൊരു കുസൃതിച്ചെറുക്കന്‍

എനിക്കതു തരുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി കേട്ട്, പിന്നെയും
കളി പറഞ്ഞു പറ്റിക്കൂടി നിന്നെപ്പോഴോ,
ആ പ്രണയത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തു കൊണ്ടോടിപ്പോയി..!!!

തിരികെത്തരാന്‍ പറഞ്ഞു പുറകെയോടിയെങ്കിലും,
അവനത് കൊണ്ടു പോയൊരു ചില്ലുപാത്രത്തിലിട്ടടച്ചു വച്ചതിന്‍
ഭംഗി കണ്ട്
മതിമറന്നവിടെത്തന്നെയങ്ങു നിന്നുപോയി..!!! :-)

                         ********************

കഥയുമല്ല കവിതയുമല്ലിത് ജീവിതമാണ്.!!


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ

Saturday, 18 July 2015

കണ്ണീര്‍ മഴ

1. മഴ*

വിലക്കു കല്പിക്കപ്പെട്ട
പ്രേയസിയെപ്പോല്‍,
പകലന്തിയോളം
മ്ലാനവദനയായ്-
സൂര്യനുറങ്ങാന്‍
പോയനേരത്ത്-
രാവുപുലരും വരെ,
ആര്‍ത്തലച്ചു
കരഞ്ഞാളവള്‍.

പൊന്നിന്‍ കസവു-
ടുത്തെത്തിയ
പുലരിയോട്
വൃഥാ
പുഞ്ചിരിയ്ക്കാന്‍
ശ്രമിച്ചാളവള്‍.

വീണ്ടും
നൈരാശ്യത്താല്‍,
നഷ്ടബോധം
നെഞ്ചിലേറ്റി-
തേങ്ങിത്തേങ്ങി
കരഞ്ഞു തുടങ്ങി...
നിര്‍ത്തലില്ലാതെ....

 *** * ***      2. കണ്ണീര്‍

മഴ കരയുകയായിരുന്നു.
അവളും.
അവളുടെ കണ്ണുനീരൊഴുകിയൊഴുകി തലയിണ നനഞ്ഞപ്പോള്‍, മഴയൊഴുകിയൊഴുകി ഭൂമി നനഞ്ഞു.!!

(രണ്ടുവരി കഥ)* പണ്ട് രാത്രിമഴ എന്ന കവിത പഠിച്ചപ്പോള്‍, അതില്‍ പ്രചോദനം കൊണ്ട് കുറിച്ചിട്ട വരികളാണ്. ഈ കര്‍ക്കിടക മഴക്കാലത്ത് എന്‍റെ വക ഇത്തിരിപ്പോന്നൊരു കവിതമഴ.!

ചിത്രങ്ങള്‍:- ഗൂഗിൾ