Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 8 February 2020

സ്വപ്നക്കൂട്





ഉള്ളിന്റെയുള്ളിൽ തേങ്ങലായൊരു മോഹം
പൊന്നൊളി വിതറിയർക്കനായുയരും നേരം
പറക്കണം,
ചേർന്ന് പറക്കണം കൂട്ടരോടൊത്ത്.

പറന്നു പറന്നങ്ങു ചക്രവാള ശീമക്കരികെ,
രാവിലും പകലിലും പൂക്കൾ വിടരു-
മൊരു പച്ചപ്പിൻ മഞ്ഞു താഴ്വരയിൽ,
ആരാരും ശല്യപ്പെടുത്താത്തൊരു കോണിൽ 
ചേക്കേറണം.
പിന്നെ
ചേലൊത്തൊരു കൂടുമെനയണമാ-
തുള്ളിയോടും പൂഞ്ചോലയിലേക്കു-
ചാഞ്ഞൊരു ചില്ലയിൽ.!!!

കലപില കൂട്ടണം, ചോല തോൽക്കും
കളകളാരവത്താൽ.
സ്നേഹം പെയ്യണം, പൗർണമി നാണിക്കും
നറുശോഭയാൽ.!!!

ഉണരണം പുലരിയിൽ..
കാണണമന്നുവരെ കണ്ടിട്ടില്ലാത്തയത്ര
മനോഹരമാമൊരു സൂര്യോദയം

ചിറകൊന്നു വീശിപ്പറക്കണം...
കുളിരുന്നൊരാ പുലർമഞ്ഞിൽ...
ഇരയൊന്നു  കൊത്തിത്തിരികെയണയണം
കുഞ്ഞുകൂട്ടിൽ കലമ്പും കുഞ്ഞോമനകൾക്കരികിലായ്
 
കളിചിരികൾ നിറച്ചൊരു സ്വർഗ്ഗമാക്കേണമെൻ
മഴവില്ലിൻ ചേലൊത്ത സ്നേഹക്കൂട്.!!!


Picture Courtesy: Google

Monday, 20 January 2020

വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ..!!!

വേണ്ടെന്നു പറഞ്ഞകന്ന നാവിനോട്
കലിപൂണ്ട് തച്ചുടച്ച ഹൃദയവുമായ്
വേദനയുടെ തെരുവില്‍ ഞാനിരിക്കെ,


ഓര്‍മകളുടെ തീവെയിലില്‍ വെന്തു വെന്തിരിക്കെ,


പ്രക്ഷുബ്ദ്ധ മാനസച്ചൂടില്‍
കിനിയുന്നോരോ കണ്ണീര്‍ കിണറുകളും
വറ്റി വരണ്ടിരിക്കെ,


ആശ്വാസത്തിന്‍റെ കുടയും ചൂടിയൊരുനാള്‍
നീയൊരു തണലായ് വന്നു ചേര്‍ന്നു..!!!


തകര്‍ന്ന ഹൃദയത്തിന്‍ കഷണങ്ങൾ
പെറുക്കി തുളുമ്പും സ്നേഹത്താലൊട്ടിച്ചു,
പിന്നെ
നെഞ്ചോട് ചേർത്തു കൊണ്ടുപോയി..!


പകരമായ് തന്ന
മിനുത്ത ഹൃദയവും പേറി ഞാൻ
മനസ്സിന്‍റെ വാതിലില്‍ പകച്ചു നിന്നു...!!


ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
കുറ്റിയിട്ട വാതിലുകൾ, 

ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
കല്‍വിളക്ക്..!

ഇല്ല. ആവില്ല..
ഇനിയൊരിക്കലുമാവില്ലയീ വാതില്‍
തുറക്കുവാന്‍..

ക്ഷുഭിതമാനസം കലിതുള്ളിയാര്‍ത്തു..
നിനക്കിതുവേണ്ട.!!

തിരികെ നല്കുക .!!!

തിരികെ നല്‍കുവാന്‍ ചെന്നനേരം
സ്നേഹത്തിന്‍ താക്കോലൊരെണ്ണം
നീട്ടിമൊഴിഞ്ഞു..


ഇല്ല ഇനി വിട്ടുകൊടുക്കില്ല നിന്നെയൊരു
നിരാശയ്ക്കും..!


ഇനിയൊരു കണ്ണീര്‍പുഴയീ കപോലങ്ങള്‍
തഴുകില്ല..!!


കൊണ്ട്പോകുകയീ സ്നേഹത്തിന്‍
താക്കോല്‍,
മനസ്സിന്‍റെ വാതിലില്‍ ചേര്‍ത്തു വയ്ക്കുക .

താനേതുറക്കും നിന്നകതാരിനുള്ളില്‍
പ്രതിഷ്ഠിക്കൂയെന്‍ ഹൃദയം..🥰


തിരിച്ചെത്തി,
വീണ്ടുമാ ഹൃദയത്തിന്‍ സ്നേഹഭാരം
പേറിയെന്‍ മനവാതിലില്‍ പതറിനിന്നു..


പൂട്ടി വലിച്ചെറിഞ്ഞൊരു
താക്കോലെവിടെയോ കിടന്ന്
തുരുമ്പിച്ചു പോയിരിക്കുന്നു...


വിളറി വിയര്‍ത്ത്,
തളര്‍ന്നിരുന്നൊത്തിരിനേരമാ
മാനസശ്രീകോവിലിന്‍ പടിക്കെട്ടുകളില്‍..

ഒടുവിലൊരു പുലരിയില്‍,
ഒരുപാട്  കൂട്ടലിനും കിഴിക്കലിനും
പേര്‍ത്തുംപേര്‍ത്തുമുള്ള
വിശകലനത്തിനുമൊടുവിലായ്..


തളര്‍ന്ന പാദങ്ങൾ  പെറുക്കിവച്ചാ
പടിക്കെട്ടുകളേറി, 
സ്നേഹത്തിന്‍
താക്കോലാ വാതിലിനോടൊന്നു
ചേര്‍ത്തു വച്ചു...


മെല്ലെ.. 
വളരെമെല്ലെ.. 
വളരെവളരെ മെല്ലെ..
ഗദ്ഗദത്തോടു കൂടിയാ കതകുകള്‍തുറന്നു...

ഇല്ല..
കഴിയില്ലയെന്നാർത്തു വിളിക്കും
ഹൃദയത്തിൻ   ഭാരം താങ്ങാതെയാ
ചുമരിൽ ചാരി തളർന്നിരുന്നു ....

കണ്ണുകൾ പെരുമഴയായി....

വേദനകളുടെ പാടുകളും
ഓര്‍മകളുടെ നോവുകളും
ദിനരാത്രങ്ങളുടെ
കണ്ണീര്‍പ്പെയ്ത്തിലലിഞ്ഞുപോയതിന്‍
ശേഷം,

ഇഷ്ടദാനമായ് കിട്ടിയൊരാ മിനുത്ത
ഹൃദയമവിടെ  പ്രതിഷ്ഠിച്ചു, 
പിന്നെ,
വെണ്ണക്കല്‍പോല്‍ തിളങ്ങും മനതാരിലെ
സ്നേഹത്തിന്‍ കല്‍വിളക്കില്‍
തിരികൊളുത്തി...!!!

പ്രഭ വിടർന്നു...
മാനസമൊരു പൂഞ്ചോലയായ് കുതിച്ചൊഴുകി....

പൊയ്കയിൽ നീരാടും  ഹംസങ്ങളായ്
മോഹങ്ങൾ ചിറകടിച്ചു ....

ദിനങ്ങൾ വസന്തങ്ങളായ് വിടർന്നു
കൊഴിഞ്ഞു ....

എങ്കിലും ,
ഒരുനാളുമണയരുതെന്നാശിച്ചൊരുപാട്
കാത്തുവച്ചെങ്കിലുമിനിയൊരു
തിരികൊളുത്തലിനാകാത്ത പോൽ,  

ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
പോയാ സ്നേഹത്തിൻ ദീപനാളം  ....!!!

Monday, 2 May 2016

ഹൃദയത്തിലൊരു മുറിവ്


കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി....

നാളെത്രയേറിയിട്ടുമുണങ്ങാതെ
വിങ്ങുന്നു,
വയ്ക്കുവാനില്ലയീ മുറിവിലൊരു
മരുന്നും.!!

അടങ്ങാത്ത സങ്കടത്തിന്‍റെയൊടുങ്ങാത്ത-
വിങ്ങല്‍ കൊണ്ടുമുറിവേറ്റയെന്‍ ഹൃദയം
കൂടുതൽ പിളര്‍ന്നുപോയ് സ്നേഹ-
ത്തിന്നാധിക്യത്താല്‍..!!

കിട്ടാത്ത സാന്ത്വനമെന്നൊരൊറ്റമൂലി-
മാത്രമുള്ളയീ മുറിവുണക്കുവാന്‍
കഴിയില്ലതിനും കാരണമെന്തെന്നാല്‍,
എപ്പോഴെന്‍ മുറിവായിലാശ്വാസം
പകരുന്നുവോ, അപ്പോഴതു വീണ്ടും
പിളരുന്നു, ഒടുങ്ങാത്തൊരെന്‍ സ്നേഹത്തിന്നാധിക്യത്താല്‍..!!

കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി..!

ഹൃദയത്തിലൊരു മുറിവ്..!!
എന്‍റെ ഹൃദയത്തിലൊരു മുറിവ്...!!
ഒരിക്കലുമുണങ്ങാത്തൊരു മുറിവ്..!!!

         * * * * * *

നമ്മള്‍ വളരെയധികം സ്നേഹിക്കുന്നവര്‍ എന്തെങ്കിലും കടുത്തു പറഞ്ഞാല്‍ അത് നമുക്ക് വലിയൊരു വേദനയായിരിക്കും. കടുത്ത വാക്കുതന്നെയാകണമെന്നില്ല.
അങ്ങനെ ഒരു വാക്കുകേട്ടപ്പോള്‍ എനിക്ക് അതിയായി വേദനിക്കുകയും, ആ വേദനയില്‍ നിന്ന് പിറവിയെടുക്കുകയും ചെയ്തതാണീ കവിത.!!

മക്കളെ വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്യാത്ത ഒരാളാണ് ഞങ്ങളുടെ അച്ഛന്‍.
എന്നാലോ സ്നേഹിക്കുകയൊ ലാളിക്കുകയോ ചെയ്യുകയുമില്ല.
ഒരു കടലോളം സ്നേഹം ഉണ്ട് താനും.
അത് അറിയുന്നത് കൊണ്ട്  തന്നെ അച്ഛൻ എനിക്ക് ഒരു വീക്ക്നെസ്സാണ്. അമ്മ എത്രയൊക്കെ സ്നേഹം പ്രകടിപ്പിച്ചാലും, ഞാൻ ഒരു തനി അച്ഛൻ കുട്ടിയാണ്. അന്നും ഇന്നും എപ്പോഴും.!!
അതുകൊണ്ടാണ് അച്ഛനെന്തോ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ നൊന്തുപോയത്..
അതു കഴിഞ്ഞിട്ടൊത്തിരി കാലമായി...,
അന്നെന്താണ് പറഞ്ഞതെന്നും വിസ്മൃതിയിലലിഞ്ഞു...
പക്ഷേ.. അന്നു കുറിച്ചിട്ട വരികളും വേദനയും ഇപ്പോഴും ബാക്കി..!!!





Wednesday, 3 February 2016

സൗഹൃദ സംഗമം

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ

ആയുസ്സിന്‍റെ വഴിത്താരയില്‍
നാംനട്ടുവളര്‍ത്തിയ സൗഹൃദങ്ങള്‍
പൂക്കുന്നതും കായ്ക്കുന്നതും
വീണ്ടും മുളച്ച് പൊന്തുന്നതും...

ചില വിത്തുകള്‍ കുറേയേറെ നാള്‍
വിസ്മൃതിയാണ്ടുകിടന്ന്,
അപ്രതീക്ഷിതമായൊരു സന്ദര്‍ശനമഴയില്‍
പെട്ടെന്നൊരുനാള്‍ മുളച്ചു പൊങ്ങുന്നതും...

അപ്പോള്‍,
ജീവിതമരച്ചില്ലയില്‍ ഒരു കിളി പാടുന്നതും
താഴെ ഓര്‍മകളൂഞ്ഞാലാടുന്നതും
പഴയ തമാശകളോര്‍ത്ത് ഹൃദയങ്ങള്‍
കുണുങ്ങിച്ചിരിയ്ക്കുന്നതും....

മനസ്സിന്‍റെ വേലിക്കെട്ടുകള്‍ക്ക-
പ്പുറത്തേയ്ക്കു പടര്‍ത്തിയ രഹസ്യവള്ളികളില്‍ വിടര്‍ന്ന
വിശ്വാസത്തിന്‍റെ വെള്ളപ്പൂക്കളിറുക്കുന്നതും

പോയകാലത്തിന്‍റെ ഇടനാഴികളിലവ
മാലകോര്‍ത്തു തൂക്കുന്നതുമെല്ലാം

എത്രയോര്‍ത്താലും മതിവരാത്തൊരു
പുലര്‍കാലസ്വപ്നമായ്
മനസ്സിന്‍റെ മലര്‍വാടിയില്‍
മഴവില്ലുപോല്‍ വിടര്‍ന്നു നില്‍ക്കേ...
ഈ ഇത്തിരിവെട്ടമായ ജീവിതം
ഒരു മധുരമിഠായി നുണയുംപോലെ...!!!



Thursday, 24 September 2015

ഒരു കാറ്റായിരുന്നെങ്കില്‍....



ഒരു കാറ്റായിരുന്നെങ്കില്‍...
എവിടെയും കയറിച്ചെല്ലാമായിരുന്നു...

അടച്ചിട്ട വാതായനങ്ങളില്‍ ചെന്നെത്തി നോക്കാമായിരുന്നു...

പിന്നെ പരിഭവിച്ച സായന്തനങ്ങളെ ചെന്ന് തലോടാമായിരുന്നു...

വയലേലകളിലും ആഴിയുടെ പരപ്പിലും ഓളം തള്ളാമായിരുന്നു...

ഒരു നദിയുടെ മാറില്‍ കുളിരായ് അലയാമായിരുന്നു...

പിന്നൊരു മഴയോടൊപ്പം ഓടിപ്പിടിച്ചുകളിക്കാമായിരുന്നു...

വെയിലിൽ തളര്‍ന്നു വാടിയ ചെടികള്‍ക്കാശ്വാസമായണയാമായിരുന്നു...

പൂക്കള്‍ വിടര്‍ത്തും സുഗന്ധമായ്
പൂന്തോട്ടങ്ങളില്‍ നിറയാമായിരുന്നു...

അങ്ങനെയങ്ങനെ എണ്ണമറ്റൊരായിരം കനവുകളുടെ ചിറകേറിയൊരു പൂമ്പാറ്റയായ് പറക്കാമായിരുന്നു..!!!

Saturday, 18 July 2015

കണ്ണീര്‍ മഴ













1. മഴ*

വിലക്കു കല്പിക്കപ്പെട്ട
പ്രേയസിയെപ്പോല്‍,
പകലന്തിയോളം
മ്ലാനവദനയായ്-
സൂര്യനുറങ്ങാന്‍
പോയനേരത്ത്-
രാവുപുലരും വരെ,
ആര്‍ത്തലച്ചു
കരഞ്ഞാളവള്‍.

പൊന്നിന്‍ കസവു-
ടുത്തെത്തിയ
പുലരിയോട്
വൃഥാ
പുഞ്ചിരിയ്ക്കാന്‍
ശ്രമിച്ചാളവള്‍.

വീണ്ടും
നൈരാശ്യത്താല്‍,
നഷ്ടബോധം
നെഞ്ചിലേറ്റി-
തേങ്ങിത്തേങ്ങി
കരഞ്ഞു തുടങ്ങി...
നിര്‍ത്തലില്ലാതെ....

 *** * ***      



2. കണ്ണീര്‍

മഴ കരയുകയായിരുന്നു.
അവളും.
അവളുടെ കണ്ണുനീരൊഴുകിയൊഴുകി തലയിണ നനഞ്ഞപ്പോള്‍, മഴയൊഴുകിയൊഴുകി ഭൂമി നനഞ്ഞു.!!

(രണ്ടുവരി കഥ)



* പണ്ട് രാത്രിമഴ എന്ന കവിത പഠിച്ചപ്പോള്‍, അതില്‍ പ്രചോദനം കൊണ്ട് കുറിച്ചിട്ട വരികളാണ്. ഈ കര്‍ക്കിടക മഴക്കാലത്ത് എന്‍റെ വക ഇത്തിരിപ്പോന്നൊരു കവിതമഴ.!

ചിത്രങ്ങള്‍:- ഗൂഗിൾ

Wednesday, 20 May 2015

തീര്‍ത്ഥയാത്ര


ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!

Monday, 16 March 2015

ദാമ്പത്യപശ

Google Images










പൊട്ടിപ്പോയ ദാമ്പത്യത്തിന്‍ ചരടുകള്‍
ഒട്ടിച്ചു ചേര്‍ക്കാന്‍ ദാമ്പത്യപ്പശയെന്നൊന്നുണ്ടെന്ന്-

സ്നേഹം, ക്ഷമ, സഹനം എന്നീ
മഹത്തായ മൂല്യങ്ങൾ കൊണ്ടുണ്ടാക്കാമെന്ന്-

ഞാനെന്ന ഭാവത്തിന് ചിറകുകൾ
മുളച്ചയീ കാലഘട്ടത്തില്‍ ഇവയൊന്നുമില്ലെന്ന്-

ആയതിനാൽ,

സ്നേഹത്തിന്‍ ഇഴചേര്‍ത്തുകെട്ടാനോ,
ക്ഷമയാലവയെ നിലനിർത്തുവാനോ,
സഹനത്താല്‍ ഉറപ്പേകുവാനോ,
കഴിയാതെ;

ദാമ്പത്യത്തിന്‍ കാണാചരടുകള്‍
വേറിട്ടുതന്നെ കിടക്കുന്നു-

                     ✳✳✳

Sunday, 8 March 2015

പെണ്‍കൊടികള്‍

Google Images












പൂമണം  മാറും മുന്‍പേ
കൊഴിയുന്ന പൂക്കള്‍
പുഴുക്കുത്തേറ്റു പിടയുന്ന
പൂമൊട്ടുകള്‍
പൂന്തോട്ടമില്ലാത്ത
പുല്‍ക്കൊടിപ്പൂവുകള്‍
ചവിട്ടടിയില്‍ ഞെരിയുന്ന
അലങ്കാര പുഷ്പങ്ങൾ
പൂക്കൂടയില്‍ വീഴുന്ന
പൂജാപുഷ്പങ്ങള്‍
പൂക്കാരന്‍ വില്ക്കുന്ന
വാസനപ്പൂവുകള്‍.!!
          --:--:--

Google Images

Saturday, 14 February 2015

പ്രണയം


Picture courtesy : Google 



പ്രണയം,
                     മോഹിപ്പിക്കുന്ന
                     ഒരു മരീചിക പോലെ,

 ഒരു നിമിഷാര്‍ദ്ധത്തില്‍         വിടര്‍ന്നു-
 മായുന്ന അതി മനോഹരമായ
 ഒരു മാരിവില്ലുപോലെ,

സൂര്യതാപത്താലുരുകുന്ന
പുലരൊളിയില്‍ തിളങ്ങുന്ന
ഒരു മഞ്ഞുതുള്ളിപോലെ,

വിടരുകയും കൊഴിഞ്ഞടരുകയും ചെയ്യുന്ന സുന്ദരമായൊരു
പൂവുപോലെ,

പ്രണയം,
          ഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
          പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!

Thursday, 12 February 2015

അന്തര്‍മുഖങ്ങള്‍

നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.

ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.

അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.

നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.

നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!

ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..

വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!

Tuesday, 9 December 2014

സേഫ്റ്റി പിന്‍


അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
 ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!

അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!

അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!

എത്ര  സൂക്ഷിച്ചു  വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!

Sunday, 30 November 2014

വിഷാദം

അക്ഷരത്തൈകളെ വളര്‍ത്താന്‍
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!


ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;


എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!


അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!

                ✳✳✳

Friday, 14 November 2014

മാന്യന്‍

ഇന്നലെയൊരു മാന്യന്‍
എന്നോടു ചോദിച്ചു;

"പാലക്കാട് പോരുന്നോ.."??

ഞാനപ്പോള്‍ മേല്‍പ്പാലത്തിലൂടെ
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്;

പിറകെ നടന്നയാള്‍ മുന്നേനടന്നിട്ട്
തിരിഞ്ഞു നോക്കാതെ മന്ത്രിച്ചു;

"പാലക്കാട് പോരുന്നോ.."??

പിന്നില്‍ നിന്നുകേട്ട മന്ത്രണം
ഫോണിനോടല്ല, എന്നോടുതന്നെ.!

കേട്ടതായ് നടിച്ചില്ല, ഞാനാ മന്ത്രവും
അശ്രദ്ധമായൊന്നയാളെ വീക്ഷിച്ചു;

കണ്ടാലൊരു മാന്യന്‍,
ഭംഗിയില്‍ ഇന്‍ചെയ്ത കള്ളിഷര്‍ട്ട്,
അലക്കിത്തേച്ച കറുത്തപാന്‍റ്.!

ഒരു തോളില്‍ തൂങ്ങുന്ന കറുത്ത-
ബാഗില്‍ മുഴച്ചു നില്‍ക്കുന്നൂ
ഉച്ചയൂണിനു കൊണ്ടുപോകുന്ന
ചോറുപാത്രം.!

മറുകയ്യിലെന്തോ തൂക്കിപ്പിടിച്ചതുമായ്
കുറെ മുന്നോട്ടു പോയയാള്‍ നിന്നു;
വിട്ടുകളയാത്ത പ്രതീക്ഷയോടെ,
ഭാരമിറക്കി വച്ചിട്ടെന്നെ നോക്കി.

കേട്ടതായ് നടിക്കാനോ,
ക്രുദ്ധമായ് നോക്കാനോ,
പ്രതികരണമത്രയും മറന്നുപോയ്,
എന്തെന്നാല്‍ ചിന്തകളപ്പോഴും
ചോറുപാത്രത്തിന്‍ മുഴപ്പി-
ലങ്ങനെയങ്ങനെയുടക്കി നിന്നൂ;

അതില്‍ ചോറുനിറച്ചൊരു
ശ്രീമതിയിലേക്കെന്‍റെ
ചിന്തകളങ്ങു നീണ്ടുപോയി, പിന്നെ

വസ്ത്രങ്ങള്‍ തേച്ചൊരാ
വളയിട്ട കൈകളും,
മിഠായി കാത്തിരിക്കും
കുഞ്ഞുമിഴിയിണകളുംതെളിഞ്ഞു;

എന്തിനാണിങ്ങനെയീ മനുഷ്യര്‍??

മഞ്ഞക്കണ്ണു കൊണ്ടല്ലാതെ
മറ്റൊരു പെണ്ണിനെ
കാണാനറിയാത്തവര്‍..

മാന്യതയ്ക്കുള്ളില്‍
കാപട്യമേന്തുമിവരും..
സദാചാര കേരളത്തിന്‍
ശേഷിപ്പുകൾ തന്നെ..!!


Sunday, 9 November 2014

ഉണ്ടക്കണ്ണി

ഒരായിരം പരിഭവങ്ങള്‍ കുത്തിനിറച്ചയെന്‍റെ


കൂര്‍ത്തനോട്ടങ്ങളെ നേരിടാനാകാതെ,

ഇനിയവയെങ്ങാനും

അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന-

വിടെയൊളിപ്പിച്ചു വച്ചിരിക്കുന്ന

വികാരവിചാരങ്ങളെയൊക്കെയും കണ്ടു-

പിടിക്കുമോയെന്നൊരു സന്ദേഹത്തോടെ,

കരയുമ്പോളൊരുറവയായൊഴുകുകയും,

ചിരിക്കുമ്പോള്‍ ചുരുങ്ങിച്ചെറുതായിത്തിരി-

യില്ലാത്തൊരു നേര്‍രേഖപോലെയാകുകയും

ചെയ്യുന്ന മിഴികളെ നോക്കി,

എന്‍റെ പുഞ്ചിരിയിലേക്കൊരു മറു-

പുഞ്ചിരിയുടെ സ്നേഹമിറ്റിച്ചു-

കൊണ്ടവന്‍ വിളിച്ചു;  " ഉണ്ടക്കണ്ണി.!!! "
               
              ❇❇❇❇❇❇

Monday, 3 November 2014

നഷ്ടങ്ങള്‍

തീരാവഴികളിലൂടെ നടന്ന് പാദങ്ങള്‍
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;

ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!

ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!

സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!


പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!

നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്‍റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!

Monday, 27 October 2014

പേനയും കടലാസും


എന്‍റെ പേനയും കടലാസും
പ്രണയബദ്ധരായ
 സ്ത്രീപുരുഷന്‍മാരെപ്പോലെ...

അവർക്ക് തമ്മില്‍
 ഒരു നിമിഷം പോലും
 പിരിഞ്ഞിരിക്കാനിഷ്ടമല്ല...!

Friday, 10 October 2014

സ്വാര്‍ത്ഥത



എന്‍റെ വീട്
എന്‍റെ കുടുംബം

എന്‍റെ നാട്
എന്‍റെ സമൂഹം

എന്‍റെ രാജ്യം
എന്‍റെ ലോകം
ഇവയെല്ലാം
എന്‍റെ സ്വാര്‍ത്ഥത!

Wednesday, 8 October 2014

മയില്‍പീലി

ഓർമ്മതൻ പുസ്തകതാളിൽ സൂക്ഷിക്കും
പ്രണയമൊരു കൊഴിഞ്ഞ മയിൽപീലി..

(ഒരു കുഞ്ഞുകവിത)