Saturday 14 February 2015

പ്രണയം


Picture courtesy : Google 



പ്രണയം,
                     മോഹിപ്പിക്കുന്ന
                     ഒരു മരീചിക പോലെ,

 ഒരു നിമിഷാര്‍ദ്ധത്തില്‍         വിടര്‍ന്നു-
 മായുന്ന അതി മനോഹരമായ
 ഒരു മാരിവില്ലുപോലെ,

സൂര്യതാപത്താലുരുകുന്ന
പുലരൊളിയില്‍ തിളങ്ങുന്ന
ഒരു മഞ്ഞുതുള്ളിപോലെ,

വിടരുകയും കൊഴിഞ്ഞടരുകയും ചെയ്യുന്ന സുന്ദരമായൊരു
പൂവുപോലെ,

പ്രണയം,
          ഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
          പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!

Thursday 12 February 2015

അന്തര്‍മുഖങ്ങള്‍

നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.

ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.

അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.

നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.

നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!

ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..

വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!