Showing posts with label കുറിപ്പുകൾ. Show all posts
Showing posts with label കുറിപ്പുകൾ. Show all posts

Friday, 6 March 2020

അനോണിക്കത്തിനൊരു മറുപടി


ബ്ലോഗ്‌സാപ്പ് മലയാളം വാട്സാപ്പ് ഗ്രൂപ്പിന്റെ ഫെബ്രുവരി ആക്ടിവിറ്റീസ് ആയ ബ്ലോഗ് പോസ്റ്റ്‌ ഓഫ് ദി ഡേ യിലെ എന്റെ ഊഴവും സഹബ്ലോഗർക്കൊരു കത്തെഴുതാം പരിപാടിയിലെ കത്തിനുള്ള മറുപടി എഴുത്തും കൂടി ഒരൊന്നൊന്നര ചലഞ്ച് ആയി മുന്നിൽ നിന്ന് പല്ലിളിച്ചപ്പോൾ എന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ ആണ് രണ്ടും കൂടി ഒറ്റയടിക്ക് പണി തീർക്കുക എന്നത് . കത്തെഴുത്ത് പരിപാടിയിലൂടെ രണ്ട് കത്ത് കിട്ടി. 8ന്റെയും 9ന്റെയും പണികൾ..😳😳😳. ആദ്യം കിട്ടിയത് ഒരു അനോണിക്കത്ത്. മുഴുവനായും സിനിമാപ്പേരുകൾ കൊണ്ട് എഴുതിയ രസകരമായ ഒരു കത്ത് . ഇത്തരം ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ ഇഷ്ടമായതിനാൽ കത്ത് എനിക്ക് ഇശ്ശി ബോധിച്ചു. അത്രയും ക്രീയേറ്റീവ് ആയ കത്തിന് മറുപടി എഴുതേണ്ട കാര്യം ഓർത്തപ്പോൾ വയറുളുക്കി. അതിനേക്കാൾ മികച്ചത് ആയില്ലെങ്കിലും ആരും മോശം പറയാത്ത ഒരു കത്ത് വേണ്ടേ എഴുതാൻ... 😨😧. അതിനുള്ള എന്റെ ഒരു പരിശ്രമം ആണ് ഈ പോസ്റ്റ്‌ അഥവാ മറുപടിക്കത്ത്.  കിട്ടിയ കത്തിന്റെ പടം താഴെ , അതിനും താഴെ മറുപടിയും . കത്ത് എല്ലാവർക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു .

അനോണിക്കത്ത്  part 1


അനോണിക്കത്ത്  part 2



അനോണിക്കത്തിനൊരു മറുപടി
*************************************

മിത്രം നിനക്കായ്‌ ,
നാലാം നിലയിലെ എഴുത്തുമുറിയിൽ നിന്നും സ്നേഹപൂർവ്വം  രേവതിയുടെ  മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ. കത്തുപെട്ടി തുറന്നു. കണ്ണീരും പുഞ്ചിരിയും വന്നു . അക്ഷരങ്ങൾക്ക് മുൻപേ എന്റെ കാഴ്ച തമസ്യ മറച്ചു. അനോണികൾക് ഒരിടം !!. ആരാണീ മലയാളി ? അന്വേഷണം എങ്ങുമെത്തിയില്ല.

മറക്കാതിരിക്കായി മാത്രം ജീവിതം പറഞ്ഞു തന്നത് ചിലകഥകൾ . ജീവിതം ഒരു യാത്രയാണ്.. നാട്ടുവഴിയിലൂടെ ഉദയപ്രഭൻറെ അരുണിമ വീശും സൂര്യവിസ്മയം കണ്ട് തൃശൂർ വിശേഷങ്ങൾ പറഞ്ഞു നടക്കാം . മതിലുകളില്ലാതെ ഇടവഴി . വഴിയോരക്കാഴ്ചകൾ കാണാം . പുഞ്ചപ്പാടം . ഊർക്കടവ് . ഹൃദയകല്ലോലിനി ഒഴുകുന്ന കൽപ്പടവുകൾ. അവൾ ഒരു പ്രവാഹിനി. ആമ്പൽപൊയ്ക . തവളച്ചന്തം . നീലത്താമരയും ലോകവും . പൊടിക്കാറ്റ് . കാറ്റിന്റെ കനിവും കണ്ണീരിന്റെ മഴയും . മാധവന്റെ വഴിമരങ്ങളുടെ ദലമര്മരങ്ങൾ. തുഷാരത്തുള്ളികൾ മൊഴിയും ഓരില കഥകൾ. ഒരിറ്റ് നോടൊപ്പം വീണപൂവ് . നാട്ടുപൂക്കൾ , വിടരുന്ന മൊട്ടുകൾ , പൂക്കുന്നിതാ മുല് , മന്ദാരം ,  കോളാമ്പി, റോസാപ്പൂക്കൾ , ചിത്രശലഭം , മഞ്ഞക്കിളി , ഇറ്റിറ്റിപ്പുള്ളു , ചിതൽ , ചിതൽപ്പുറ്റ് , കേരളത്തനിമ. ചിത്രവിശേഷം, രാജാവ് കോട്ടമതിലിൽ വരച്ചിട്ടത് കൊച്ചി രാജാവിന്റെ ജീവിതം .

കേരള ഡവലപ്മെന്റ് എന്റെ സ്വപ്നം .
ആദി ടോക്സ് എബൌട്ട്‌ കെഡി കാഴ്ചകൾ ഇൻ കൈലാസ്. വാർത്തകൾ വിശേഷങ്ങൾ പറയാം. അങ്ങ് താഴത്ത് അതിക്രമങ്ങൾ, കാരണം അനന്തം അജ്ഞാതം. കാലം കലികാലം .വ്യക്തിഹത്യ , വിവാദങ്ങൾ.. എന്തേ ഈ മലയാളികൾ ഇങ്ങനെ ? ലോകം എന്റെ കണ്ണിൽ വികടലോകം .ലുങ്കി ന്യൂസ് .

ഞാൻ എഴുത്തുകാരി. എന്റെ ലോകം ബൂലോഗം . എന്റെ സ്വന്തം ബ്ലോഗ് രണ്ടെണ്ണം . എന്റെ പടങ്ങൾ , എന്റെ ചിന്തകൾ , എന്റെ പൊട്ടത്തരങ്ങൾ , എന്റെ തലതിരിഞ്ഞ ചിന്തകൾ,  ചില കുറിപ്പുകൾ , കഥകൾ , കവിതകൾ , അനുഭവങ്ങൾ പാളിച്ചകൾ.

വേറെ പണിയൊന്നുമില്ല. ചിരിക്കുക ചിന്തിക്കുക . അത്രന്നേ.

കൊടകരപുരാണത്തെക്കാൾ കേമം  ബിലാത്തിപ്പട്ടണത്തിലെ ചരിത്രചരിതം . എന്റെ നാട് .!! അതേപ്പറ്റി  പുനലൂരാൻ എഴുതിയ ഏരിയലിന്റെ കുറിപ്പുകളുമുണ്ട്.
എന്റെ ഗ്രാമം നിറയെ നന്മയും തിന്മയും . ഇവിടെ ജീവിതം മനോഹരം .

എന്റെ ബാല്യകാലസ്മരണകൾ പറയാതെ വയ്യ . ഓലപ്പന്ത് , ഓലപ്പീപ്പി , കപ്പലണ്ടി മിഠായി, മഴവില്ലും മയിൽപ്പീലിയും, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ... ഗൃഹാതുരം - ഓർമകളുടെ കണ്ണാടി.  പാവാടക്കാരി അന്ന് വടക്കാഞ്ചേരി പോയി രണ്ടാംഭാവം സിനിമ കണ്ടു . വഴിയേ തിരിച്ചു പോകുമ്പോൾ ചായക്കടയിൽ കയറി ചൂടപ്പം കഴിച്ചു , ഒരു കപ്പ് ചായ കുടിച്ചു . സ്വപ്നം പോലെ  ഒരു കാലം .

ചില വീട്ടുകാര്യങ്ങൾ പറയാം .
ഉണ്ണിക്കുട്ടൻ തനിയെ നാട്ടുവഴിയിൽ ഗ്രാമ്യഭാവങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുമായ്‌ പോയി .
വിദ്യ വെറുതേ ഓരോന്ന് പറയും, വെറുതേ കുറെ പടങ്ങൾ വരയ്ക്കും .
സന്തോഷ്‌ സംസാരിക്കുന്നു കർഷകന്റെ മലയാളം.
ചന്തു വയസ്സ് 10 അവന് കളിമാത്രം , കളിഭ്രാന്ത് .!! ചന്തുവിന്റെ ചിന്തകൾ പോക്രിത്തരങ്ങൾ.
സമാന്തരൻ ഒരു രസികൻ , ചിന്താക്രാന്തൻ  .!! കണ്ടതും കേട്ടതും, പൊടിപ്പും തൊങ്ങലും ചേർത്ത് കവിതകളും തമാശകളും കൊണ്ട് കഥപ്പെട്ടി നിറക്കുന്നു .
ദേവിയുടെ സ്വപ്‌നങ്ങൾ മറക്കാനാവാത്ത കാഴ്ചകൾ , മായക്കാഴ്ചകൾ.!!
അളിയനും അളിയനും അച്ഛന്റെ പുരാണപ്പെട്ടി തുറന്നു. കെട്ടിലമ്മ കാഴ്ചക്കാരി. ഓ എന്നാ പറയാനാ..? മൊത്തം ചില്ലറ റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുകൾ .
മോളൂട്ടി കുസൃതികുടുക്ക. അവളുടെ മൊഴിമുത്തുകൾ കൽക്കണ്ടം പോലെ ... അച്ചുവിന്റെ കഥവണ്ടിയും ആമിയുടെ ചിത്രപുസ്തകവും വാങ്ങിക്കൊടുത്തു. ഇപ്പോൾ കുഞ്ഞുകഥകൾ, കുഞ്ഞിപ്പാട്ടുകൾ, കുഞ്ഞൂഞ്ഞമ്മ കഥകൾ ഇതൊക്കെയാണ് ഞങ്ങളുടെ ലോകം .
കല്യാണിയുടെ ലോകം കാല്പനികം . കൂട്ടുകാരൻ, എന്റെ ഹൃദയതാളങ്ങൾ അറിയുന്നവൻ.. മീനച്ചിൽ ഡയറി എഴുതും. ഏകാകിയുടെ ഡയറിക്കുറിപ്പുകൾ. പിന്നെ നിലാവ് പെയ്യുമ്പോൾ നിഴൽചിത്രങ്ങൾ നിരീക്ഷണം .  . കുറച്ചു നേരം എനിക്കായ് നളപാചകം , കൊച്ചു വർത്താനം , ഗൗരവ ബഡായികൾ , സ്നേഹ സംവാദം .... ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ.
രാത്രി ലളിത ഗാനങ്ങൾ കേൾക്കും . പാട്ടിന്റെ പാലാഴി. ഞാൻ കേട്ട പാട്ടുകൾ ഹൃദ്യം .!! എന്റെ ഇഷ്ടഗാനങ്ങൾ.
പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഇതാ ഇവിടെ വരെ .

എന്നാ ഒണ്ട് വിശേഷം?
സാധനം കയ്യിലുണ്ടോ ? വായിച്ചു തീരാത്ത പുസ്തകം .?
എനിക്ക് തോന്നുന്നത് താങ്കൾ സ്വതന്ത്രൻ . സ്റ്റേ ഡിഫറെൻറ് . ഓർമ്മകൾ ഉണ്ടായിരിക്കണം ..
ഒത്തിരി സ്നേഹത്തോടെ.....

                                                                                                               എന്ന് സ്വന്തം കൂട്ടുകാരി,
                                                                                                 
                 രേവതി
 ദേവി ശ്രെയസ്സ് (H)
ചിന്നുവിന്റെ നാട്
ബിലാത്തിപ്പട്ടണം
ഉട്ടോപ്പിയ

റഫറൻസ് : തൃശൂർ വിശേഷങ്ങൾ (http://thrissurviseshangal.blogspot.com/?m=1), മലയാളം ബ്ലോഗ് റോൾ( https://mlblogroll.wordpress.com/), പിന്നെ എന്റെ സ്വന്തം ബുദ്ധിയും . 😜😜😜

Sunday, 5 October 2014

വൈകിയെത്തുമ്പോള്‍...


ഒരുപാട് വൈകിയാണ് ഞാനീ വഴിക്കു വരുന്നത്.
അതുകൊണ്ട് തന്നെ പിന്നിട്ട വഴികളൊക്കെ ഒരുപാട് മുന്നേറിയിരുന്നു...
ഫെയ്സ് ബുക്ക് കവലയും, ട്വിറ്റർ വഴികളും.. പിന്നെ പിന്‍ററസ്റ്റ്, ഗൂഗിൾ പ്ലസ്, ലിങ്ക്ഡ് ഇന്‍ അങ്ങനെയെന്തൊക്കെയോ...

ആദ്യത്തെ പരിചയക്കാരന്‍ ഓര്‍ക്കുട്ട് ഈയിടെ ഓര്‍മ്മയുമായി....
പുത്തന്‍ വഴികളിലൂടെ നാടോടുമ്പോള്‍ നടുവേയോടുന്ന ജനത....  അവര്‍ക്കൊപ്പമെത്താന്‍ ഈ ബൂലോകവാസികളും എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്...

വര്‍ദ്ധിച്ച ആധുനികവത്കരണം കൊണ്ടും കൃഷി ചെയ്യാന്‍ ആളില്ലാത്തതു കൊണ്ടും നശിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കാന്‍.. സംരക്ഷിക്കാന്‍ പ്രകൃതിസ്നേഹികള്‍ നടത്തുന്ന പരിശ്രമം പോലെ...

ഇവിടെയും അക്ഷരങ്ങളെ സ്നേഹിക്കുന്ന ചിലര്‍ പരിശ്രമിക്കുന്നു..


ഫെയ്സ്ബുക്ക് ഒരു പ്രദര്‍ശനശാല പോലെ... ബഹളമയം.... ആകെ പോസ്റ്റുകളുടെ തിക്കും തിരക്കും....

ഫെയ്സ് ബുക്കിനെ ഒരു വിനോദ ഉപാധിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.....

എന്നാലീ ബൂലോകം സര്‍ഗ്ഗാത്മകതയുടെ വിളനിലം പോലെ... കഥകളും കവിതകളും വിളഞ്ഞ വയലേലകള്‍.... നീണ്ടു പരന്ന് നോക്കെത്താ ദൂരത്തോളം...

ഈ പുല്‍മേട്ടിലേക്ക് അക്ഷരസ്നേഹമെന്നയെന്‍റെ പൈക്കിടാവിനെ മേയ്ക്കാന്‍ ഞാനുമിറങ്ങട്ടെ..!


Friday, 26 September 2014

തിരികെ


ഏറെ നാളായി അടഞ്ഞുകിടന്നിരുന്ന എഴുത്തുപുരയുടെ വാതില്‍ പണിപ്പെട്ടു തുറന്ന് മനസ്സിന്‍റെ കലവറയിലൊന്നു കയറി നോക്കി.

മുറിയിൽ നിറയെ മറവിയുടെ മാറാല...

തുരുമ്പെടുത്ത അക്ഷരങ്ങൾ..

പലതും വേര്‍തിരിക്കാനാവാത്ത വിധം കുഴഞ്ഞുമറിഞ്ഞ് കൂടിക്കലര്‍ന്നിരിക്കുന്നു....!

ചിന്തയുടെ കടവാവലുകള്‍ അന്തമില്ലാതെ ചിറകടിച്ചു പറക്കുന്നു..
ഓര്‍മ്മയുടെ പുസ്തകങ്ങളെല്ലാം ചിതലരിച്ചിരിക്കുന്നു....!!

ആശയം ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍ നോക്കി ഞാന്‍ അന്തിച്ചു നിന്നു പോയി...

ഇനിയിതെല്ലാം തൂത്തുതുടച്ച് പ്രതീക്ഷയുടെ ഒരു തിരിനാളം കൊളുത്തിവയ്ക്കാനാകുമോ...???
ആശങ്കയുടെ ഇരുട്ടില്‍ പകച്ചു നില്‍ക്കുന്നു ഞാനിപ്പോഴും...!‍

Tuesday, 23 September 2014

ആമുഖം


ആദ്യമായ്
************


ആദ്യത്തെ പോസ്റ്റാണ്. കഥയല്ല. കവിതയുമല്ല. ഒരു കുറിപ്പ്.

സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ടേ അല്ലറ ചില്ലറ എഴുത്തു കുത്തുകളൊക്കെയുണ്ടായിരുന്നു... പാതിയും രഹസ്യമായി... രഹസ്യമാക്കി വച്ചിരുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല. ലജ്ജയാണ്... ഒരു ചമ്മല്‍...

പോത്സാഹനത്തിന്‍റെ പോഷകഗുണങ്ങളൊന്നും കിട്ടാത്തതുകൊണ്ട് വിളറി ശോഷിച്ച ഒരു കുട്ടിയെപ്പോലെയായി എന്‍റെ എഴുത്ത്.....

സഹപാഠികള്‍ക്കിടയില്‍ മാത്രം വെളിച്ചം കണ്ടിരുന്ന അക്ഷരത്തുണ്ടുകള്‍.... സൗഹാര്‍ദ്ദത്തിന്‍റെ കൈ പിടിച്ചാണ് പിച്ചവയ്ക്കാന്‍ പഠിച്ചതുതന്നെ.!

മിക്കവരുടെയും ജീവിതത്തിലെ മിന്നുന്ന കാലഘട്ടമാണ് സ്കൂൾ കാലം. എന്‍റെയും.... ഉത്തരവാദിത്വത്തിന്‍റെ കെട്ടുപാടുകള്‍ ചുറ്റിപ്പിണഞ്ഞിട്ടില്ലാത്ത നാളുകള്‍.!

നൂലുപൊട്ടിയ പട്ടം പോലെ പാറി നടക്കുന്ന ചിന്തകള്‍...!
അക്ഷരങ്ങളുടെ പൂമഴ...!!

പഠനകാലം പിന്നിട്ടതോടെ ആ മഴക്കാലവും കഴിഞ്ഞു.!

വെയിൽ കൊണ്ടു വെന്ത കൊയ്ത്തുപാടങ്ങള്‍ പോലെ വിണ്ടു കീറിക്കിടക്കുന്നു മനസ്സ്...

ഋതുഭേദങ്ങള്‍ക്കപ്പുറം,  എഴുതുവാനുള്ള മോഹം വീണ്ടുമൊരു കുളിര്‍ക്കാറ്റായി വീശുമ്പോള്‍....
പെയ്തുവീഴുന്ന അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടിയെടുക്കട്ടെ ഞാൻ..

ഒരു പെരുമഴക്കാലത്തിനു കൂടി കാതോര്‍ത്ത്....
                                                    കല്ലോലിനി.