Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, 7 February 2020

മണൽക്കൊട്ടാരം



വളരെയധികം തിരക്കുള്ള ഒരു കടപ്പുറത്ത്, ഒട്ടേറെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഇടതടവില്ലാതെ , ഉല്ലസിച്ചും, പരസ്പരം കൈകോർത്തു കഥകൾ പറഞ്ഞും, ചിലർ അവനവന്റെ സ്വപ്നലോകത്ത് കടല കൊറിച്ചും , മറ്റു ചിലർ വിരഹത്താൽ കണ്ണീർ വാർത്തും, ഇനിയും ചിലർ വിഷാദത്തിന്റെ അർദ്ധ ബോധാവസ്ഥയിൽ സ്വയം മറന്നും,  നടക്കുകയും, ജീവിത പ്രാരാബ്ധങ്ങളറിയാത്ത കുട്ടികൾ ഓടിക്കളിക്കുകയും ചെയ്തു കൊണ്ടിരുന്നു ... അതിനിടയ്ക്ക് കരയോട് സല്ലപിക്കുന്ന തിരകൾ ഏറിയും കുറഞ്ഞും വന്നു പൊയ്ക്കൊണ്ടുമിരുന്നു ....

അത്രയും തിരക്കിനിടയിലിരുന്ന് അവൾ മണൽ കൊണ്ടൊരു കൊട്ടാരം ഉണ്ടാക്കുകയായിരുന്നു ... തന്നെത്തന്നെ ആത്മ സമർപ്പണം ചെയ്ത് അവൾ അതിനു മോടി കൂടിക്കൊണ്ടിരുന്നു.... അവളുടെ സന്തോഷം ആ കൊട്ടാരത്തിന്റെ ആത്മാവായിരുന്നു...  പക്ഷേ ... വളരെ തിരക്കിട്ട് ഇടയ്ക്കിടെ കടന്നു പോകുന്ന ആളുകൾ , ഓടിക്കളിക്കുന്ന കുട്ടികൾ, ഏറിയും കുറഞ്ഞും വരുന്ന തിരകൾ എല്ലാം അവളുടെയാ മോഹസൗധം തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നു ..... 
അതുകണ്ടവളുടെ നെഞ്ചു പൊള്ളി.....
 ഉള്ളിന്റെയുള്ളിൽ അലറിക്കരഞ്ഞു.... 
കണ്ണീർ വാർത്തുകൊണ്ട് അവൾ വീണ്ടും ആ കൊട്ടാരം പണിതുയർത്തി  കമനീയമാക്കാൻ പണിപ്പെട്ടുകൊണ്ടിരുന്നു .....

ചില നേരങ്ങളിൽ ഏറി വരുന്ന തിരകൾ അവളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്തിക്കൊണ്ട് പോയി ..... അവൾ പിന്നെയും നെഞ്ച് വിങ്ങിക്കൊണ്ടും , കണ്ണീർ വാർത്തുകൊണ്ടും ഒരു വിഡ്ഢിയെ പോലെ കൊട്ടാരം മെനഞ്ഞുകൊണ്ടിരുന്നു......

പകലൊഴിഞ്ഞു രാവു വന്നു... തിരകളപ്പോഴും ഏറിയും കുറഞ്ഞും വന്നു പോയ്‌കൊണ്ടിരുന്നു...... ഉള്ളു പൊള്ളയായ, അടിത്തറയ്ക്കുറപ്പില്ലാത്ത , കൊട്ടാരങ്ങൾ പണിത് പണിത് അവൾ അവശയായിട്ടുണ്ടായിരുന്നു.... 
വേഗം തകർന്നടിയുന്ന കൊട്ടാരങ്ങളിൽ അവൾ മോഹിച്ച, അവൾ തേടുന്ന  ആത്മാവില്ലെന്നുള്ള അറിവ് അവളെ വല്ലാതെ  തളർത്തിയിരുന്നു.... എങ്കിലും പിന്നെയും പിന്നെയും അവൾ കൊട്ടാരം പണിതുകൊണ്ടിരുന്നു.... 
ഒരുവേള ... നിരാശയുടെ ഉപ്പുകാറ്റിൽ ഒരു വലിയ തിര വന്നു തന്നെയും തന്റെ കൊട്ടാരത്തെയുമങ്ങു കൊണ്ടു പോയിരുന്നെങ്കിൽ എന്നവളാശിച്ചു...
പക്ഷേ പിന്നെയും ഒരു തിര പമ്മി പമ്മി വന്നു അടിത്തറ ഇളക്കിക്കൊണ്ട് പോയി..... അവളുടെ സൗധം പിന്നെയും വീണടിഞ്ഞു....

ആ അന്ധകാരത്തിൽ നിന്നുമവൾ  വീണ്ടും തപ്പിപ്പെറുക്കി മനോഹരമായൊരു കൊട്ടാരം കെട്ടിപ്പൊക്കി... ഇത്തവണ ആ കൊട്ടാരം ആർക്കും തകർക്കാൻ കൊടുക്കില്ലെന്നൊരു വാശിയോടെ അതിദ്രുതം അവളതിനെ മോടി പിടിപ്പിച്ചു... ആ ഇരുട്ടിലും അതിന്റെ കെട്ടും മട്ടും ആകാര ഭംഗിയും സങ്കല്പിച്ചു അർമാദം കൊണ്ടു.... പിന്നെയൊരുന്മാദിനിയെപ്പോലെ ആത്മാവില്ലാത്ത , അകം  പൊള്ളയായ സൗധവും വാരിയെടുത്ത് പിൻവാങ്ങുന്നൊരു തിരയിലേക്കവൾ പാഞ്ഞു പാഞ്ഞിറങ്ങിപ്പോയി..... 

അപ്പോഴും തിരക്കിട്ട് ചലിച്ചിരുന്ന കടപ്പുറത്തു നിന്നും ചിലരൊക്കെ അവളെ നോക്കി ഭ്രാന്തിയെന്നു സഹതപിച്ചു  കൊണ്ട് വീണ്ടും അവരുടെ തിരക്കുകളിലേക്ക് തിരികെപ്പോയി.... 

അന്തിമാനത്തിന്റെയങ്ങേയറ്റത്ത് കടലിൽ താഴ്ന്നു പോകുന്ന സൂര്യനെപ്പോലെ അവളും അവളുടെ മോഹക്കൊട്ടാരവും മാഞ്ഞു പോയി ....
           ----------*------========-----*-----------
Photo courtesy : Google

Saturday, 18 July 2015

കണ്ണീര്‍ മഴ













1. മഴ*

വിലക്കു കല്പിക്കപ്പെട്ട
പ്രേയസിയെപ്പോല്‍,
പകലന്തിയോളം
മ്ലാനവദനയായ്-
സൂര്യനുറങ്ങാന്‍
പോയനേരത്ത്-
രാവുപുലരും വരെ,
ആര്‍ത്തലച്ചു
കരഞ്ഞാളവള്‍.

പൊന്നിന്‍ കസവു-
ടുത്തെത്തിയ
പുലരിയോട്
വൃഥാ
പുഞ്ചിരിയ്ക്കാന്‍
ശ്രമിച്ചാളവള്‍.

വീണ്ടും
നൈരാശ്യത്താല്‍,
നഷ്ടബോധം
നെഞ്ചിലേറ്റി-
തേങ്ങിത്തേങ്ങി
കരഞ്ഞു തുടങ്ങി...
നിര്‍ത്തലില്ലാതെ....

 *** * ***      



2. കണ്ണീര്‍

മഴ കരയുകയായിരുന്നു.
അവളും.
അവളുടെ കണ്ണുനീരൊഴുകിയൊഴുകി തലയിണ നനഞ്ഞപ്പോള്‍, മഴയൊഴുകിയൊഴുകി ഭൂമി നനഞ്ഞു.!!

(രണ്ടുവരി കഥ)



* പണ്ട് രാത്രിമഴ എന്ന കവിത പഠിച്ചപ്പോള്‍, അതില്‍ പ്രചോദനം കൊണ്ട് കുറിച്ചിട്ട വരികളാണ്. ഈ കര്‍ക്കിടക മഴക്കാലത്ത് എന്‍റെ വക ഇത്തിരിപ്പോന്നൊരു കവിതമഴ.!

ചിത്രങ്ങള്‍:- ഗൂഗിൾ

Wednesday, 17 June 2015

വട്ടപ്പൊട്ട്

 
റോസ് നിറം ചൊരിയുന്ന ബെഡ് ലാംപിന്‍റെ വെളിച്ചത്തില്‍ റിയാസ് എഴുതാനിരുന്നു. പേനകള്‍ക്കിടയില്‍ പരതി കറുത്ത ക്യാപ്പുള്ള പേന തിരഞ്ഞെടുത്തു. ഏറ്റവും ഇഷ്ടപ്പെട്ട പേനയാണത്. അതിന്‍റെ കറുത്ത ടോപ്പിലേക്കു നോക്കിയിരിക്കെ ഒരു കയ്പേറിയ കറുപ്പിന്‍റെ ഓര്‍മ്മ അവന്‍റെ മനസ്സിലേക്കൊഴുകിയെത്തി.

 ഇന്നലെകളുടെ താളുകളിൽ തിളങ്ങുന്നൊരു കറുത്ത വട്ടപ്പൊട്ട്.!!

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഹൈസ്കൂൾ വിദ്യാര്‍ത്ഥി. അവന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആ കറുത്ത വട്ടപ്പൊട്ടിനെയായിരുന്നു. പുതിയ സ്ഥലത്ത്, പുതിയ വീട്ടിലേക്ക് വന്നൊരു കുടുംബത്തിലെ കുട്ടിയായിരുന്നു റിയാസ്. വന്നതിന്‍റെ രണ്ടാംദിവസം പാടത്തിന്നരുകിലെ കലുങ്കിനടുത്ത് വച്ചാണ് ആദ്യമായി വട്ടപ്പൊട്ടിനെ കണ്ടത്. ഒരു കൈയിൽ കൊരുത്ത ദാവണിത്തുമ്പും മറുകൈയില്‍ ഒരു തൂക്കുപാത്രവുമായ് നടന്നുപോകുന്ന പെണ്‍കൊടി. അവളുടെ ശ്രീയുള്ള മുഖത്ത് അലങ്കാരത്തിന് ഒരു കറുത്ത വട്ടപ്പൊട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലുങ്ങുന്ന കൊലുസുമായ് അവളകന്നു പോയി.

പിന്നെയും പല തവണ അവിടെ വച്ച് റിയാസ് അവളെ കണ്ടു. അവളുടെ പേരോ, അവള്‍ ആരെന്നോ അവനറിയില്ലായിരുന്നു. പക്ഷേ എന്നും ആ മുഖത്ത് ഒരു കറുത്ത വട്ടപ്പൊട്ടുണ്ടായിരുന്നു. അതുകൊണ്ട് അവളെയവന്‍ "വട്ടപ്പൊട്ട്" എന്നു വിളിച്ചു.

വട്ടപ്പൊട്ട് എന്നുമെങ്ങോട്ടാണ് പോകുന്നത്?

എന്തായിരിക്കും അവള്‍ കൊണ്ടുപോകുന്നത്?

പിറ്റേന്ന് തന്നെ അവന് അതിനുള്ള ഉത്തരവും കിട്ടി.

തൂക്കുപാത്രത്തിന്‍റെ വശത്തുകൂടി മടിച്ചു മടിച്ചൊലിച്ചിറങ്ങുന്ന വെളുത്ത ദ്രാവകം..
ഓ.. അപ്പോള്‍ വട്ടപ്പൊട്ട് പാലു കൊണ്ട് പോകുകയാണ്. അന്ന് വട്ടപ്പൊട്ട് മടങ്ങിപ്പോകുന്നതു വരെ അവന്‍ കലുങ്കിലിരുന്നു. പിന്നെ അതു പതിവായി.!

എന്നും വട്ടപ്പൊട്ടിനെ കാണാൻ അവന്‍ കലുങ്കിലെത്തി. എന്നും കാണുന്ന അവനെ വട്ടപ്പൊട്ട് ശ്രദ്ധിച്ചിരുന്നുവോ.. എന്തോ..?
സദാ പുഞ്ചിരിക്കുന്ന അധരങ്ങളാണ് വട്ടപ്പൊട്ടിന്. വിടര്‍ന്ന മിഴികളും.!
ഒരിക്കല്‍ അവ അവന്‍റെ നേരെ നീളുകയുണ്ടായി. ചെഞ്ചുണ്ടിലെ പുഞ്ചിരി ഒന്നു തിളങ്ങുകയും.!!


സംഭ്രമത്താല്‍ റിയാസിന് പുഞ്ചിരിക്കാനായില്ല. എങ്കിലും അവന് സന്തോഷം തോന്നി. ജന്മങ്ങളുടെ അടുപ്പമാണ് വട്ടപ്പൊട്ടിനോട് തോന്നിയിരുന്നത്.. കഴിഞ്ഞ ജന്മത്തില്‍ വട്ടപ്പൊട്ട് തന്‍റെ വളരെ പ്രിയപ്പെട്ട ആരോ ആയിരുന്നു എന്നവന്‍ വിശ്വസിച്ചു.

ദിവസവും ആ സമയം എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അവന്‍ വട്ടപ്പൊട്ടിനെ കാണാൻ കലുങ്കിലെത്തുമായിരുന്നു.

പക്ഷേ...
ഒരു ദിവസം പാലുകൊടുക്കാന്‍ പോയ വട്ടപ്പൊട്ട് തിരികെ പോയില്ല. മണിക്കൂറുകളോളം അവന്‍ കാത്തിരുന്നു.
പടിഞ്ഞാറ് സൂര്യൻ ചുവപ്പണിഞ്ഞു.
അന്തിവെയിലിന്‍റെ പൊന്‍കിരണങ്ങള്‍ അവനില്‍ പതിഞ്ഞു. മുടിയിഴകളെ മിനുക്കി.. ഇര തേടാന്‍ പോയ പറവകളെല്ലാം ഒന്നൊന്നായും കൂട്ടത്തോടെയും കൂടുകൾ ലക്ഷ്യമാക്കി പറന്നു പോയി. പാടത്ത് മേയാന്‍ വിട്ടിരുന്ന പൈക്കളെല്ലാം തിരികെ വീട്ടിലേക്കു പോയി.
പുഴക്കരയില്‍ ആടുകളെ മേച്ചിരുന്ന അമ്മൂമ്മയും തന്‍റെ ആടുകളെയും തെളിച്ചുകൊണ്ട് തിരികെപ്പോയി.

പക്ഷേ വട്ടപ്പൊട്ട് മാത്രം തിരികെ പോയില്ല.!!

സന്ധ്യ മെല്ലെ പിന്‍വാങ്ങി. ഇരുട്ട് തന്‍റെ ആധിപത്യം കുറെശ്ശെ കുറെശ്ശെയായി ഭൂമിയിലേക്ക് പടര്‍ത്തി. റിയാസിനെ കാണാഞ്ഞ് ബാപ്പ ടോര്‍ച്ചു മിന്നിച്ചു കൊണ്ട് തിരഞ്ഞുവന്നു. കലുങ്കില്‍ മരവിച്ചിരുന്ന അവനെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ബാപ്പയുടെ ചോദ്യങ്ങൾക്ക് താന്‍ എന്തു മറുപടിയാണ് പറഞ്ഞതെന്ന് അവനോ, അവന്‍ എന്താണ് പറഞ്ഞതെന്ന് ബാപ്പയ്ക്കൊ വ്യക്തമായി മനസ്സിലാവുകയുണ്ടായില്ല. എന്തോ ബാപ്പ പിന്നതിനെക്കുറിച്ച് അധികം ചോദിച്ചുമില്ല.

വീട്ടിലെത്തിയപ്പോള്‍ അയലത്തമ്മമാരുമായി ഉമ്മ ഗൗരവമായ സംഭാഷണത്തിലാണ്.

"കഷ്ടം തന്നെ.!! എന്താണ്ടായതെന്ന് ആര്‍ക്കുമറിയില്ല." അവരുടെ സംഭാഷണ ശകലങ്ങള്‍ അവന്‍റെ കാതിലെത്തി. അവന് ഒന്നും മനസ്സിലായില്ല. അവന്‍ അടുക്കള വാതിലിന്‍റെ അരികിൽ വന്നു നിന്നു. ഉമ്മ സങ്കടം പറയുന്നു.
" എന്ത് തങ്കക്കുടം പോലിരുന്ന കുട്ട്യാര്‍ന്നു. അതിനെ ഏത് ശെയ്ത്താന്‍മാര് പിടിച്ചോ എന്തോ..???"

"അതിന്‍റെ തള്ളേടെ നെലോളി കേള്‍ക്കുമ്പോഴാ..." മറ്റൊരാൾ.

"ന്‍റെ ശ്രീക്കുട്ട്യേ കാണാനില്ലല്ലോന്ന് പറഞ്ഞ് അത് കരയണൂ.."

"തള്ളയല്ലേ.... ദെണ്ണം കാണില്ല്യേ..." അവര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു.
റിയാസിന് ഒരെത്തും പിടിയും കിട്ടിയില്ല.

"ഉമ്മാ..." അവന്‍ വിളിച്ചു.

"ആ നീ വന്നോ.. നിനക്ക് ചായയിരിക്ക്ണ്.." അവർ വന്ന് അവന് ചായയെടുത്തു കൊടുത്തു.
"എന്തുമ്മാ കാര്യം.??" അവന്‍ തിരക്കി.
"നീയ്യ് ചായ കുടിച്ചോ.." അവർ അതവഗണിച്ചു.
"ദിവസോം കൃത്യായി പാലും കൊണ്ട് പോവ്വേം വരേം ചെയ്യണ കുട്ട്യാ.." അയല്‍ക്കാരിലൊരാള്‍ പറഞ്ഞത് കേട്ട് റിയാസ് ഞെട്ടി.
 "ഹാരെയാ കാണാണ്ടായത്?" വിറയലോടെ അവന്‍ ചോദിച്ചു. അവന്‍റെ മനസ്സിലേക്ക് വട്ടപ്പൊട്ടിന്‍റെ മുഖം ഓടിയെത്തി.

"ശ്രീക്കുട്ടിയേ... നീ കണ്ടിട്ടുണ്ടാവും ചെലപ്പോ... വൈകിട്ട് പാലും കൊണ്ട് പോണതു കാണാം..."!!
ഉമ്മയുടെ വാക്കുകള്‍ കേട്ട് റിയാസ് വീണ്ടും ഞെട്ടി.!
"അതിന്"??
"അതിനെ കാണാനില്ല്യാന്ന് "..!!ഉമ്മ പറഞ്ഞു തീര്‍ന്നതും റിയാസിന്‍റെ കയ്യില്‍നിന്നും ഗ്ലാസ് വഴുതി, ശബ്ദത്തോടെ നിലത്ത് വീണുടഞ്ഞു. തരിച്ചു നിന്നതേയുള്ളൂ അവന്‍.!!
"നെന്‍റെ കയ്യിനെല്ലില്ല്യേ... ചെക്കാ..."
ഉമ്മ ദേഷ്യപ്പെട്ടു.
റിയാസിന്‍റെ ചെവിക്കകത്ത് ഒരു മൂളല്‍ മാത്രമായിരുന്നു. ധൃതിയില്‍ ചില്ലുകൾ പെറുക്കി തറ തുടച്ച് വൃത്തിയാക്കി ഉമ്മ സംസാരത്തിനായി പോയി. റിയാസും അവിടേക്ക് കാതോര്‍ത്തു.

"ആളോള് തെരയാന്‍ പോയിട്ട്ണ്ട്. എവിടെപ്പോയന്നോഷിക്കാനാ..."

"അത് തനിച്ചെങ്ങടും പോയതാവില്ല്യ. വല്ല കാലമാടന്‍മാരും പിടിച്ചോണ്ട് പോയതാവും."

അവരുടെ സംസാരം നീണ്ട്നീണ്ട് പോയി.

തിരച്ചില്‍ രണ്ട് ദിവസം പിന്നിട്ടു.
മൂന്നാംദിവസം.
റിയാസും ബാപ്പയും കൂടി അടുക്കളത്തോട്ടം നനക്കുമ്പോഴാണ് ഒരയല്‍ക്കാരി ഓടിപ്പാഞ്ഞുവന്നത്.
"ഇത്താ..... ങ്ങളറിഞ്ഞോ...." അവർ വേലിക്കല്‍നിന്നു കിതച്ചു. ജിജ്ഞാസയോടെ റിയാസും ബാപ്പയും അങ്ങോട്ട് ചെന്നു. അടുക്കളയില്‍ നിന്നും ഉമ്മ പാഞ്ഞുവന്നു.
"ശ്രീക്കുട്ടീടെ ശവം പൊഴേല്...."
അവർ പറഞ്ഞതുകേട്ട് റിയാസിന് തല കറങ്ങി.
"എവ് ടേ...." എന്നു ചോദിച്ച് മൂവരും പാഞ്ഞു. ഹോസ് താഴെയിട്ട് അവനും ഓടി അവരുടെ പുറകെ.!
പുഴവക്കത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. രണ്ടുമൂന്നാണുങ്ങള്‍ വെള്ളത്തില്‍ നിന്ന് ശവം വലിച്ചു കയറ്റി. വെള്ളത്തില്‍ നിന്നതു പൊങ്ങിയപ്പോള്‍ ദുര്‍ഗന്ധമുണ്ടായി. റിയാസ് അറിയാതെ മൂക്കുപൊത്തി. വിറക്കുന്നുണ്ടായിരുന്നു അവന്‍. ഹൃദയത്തിലെ പെരുമ്പറ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു. കണ്ടുനിന്ന സ്ത്രീകളെല്ലാം കരഞ്ഞു. ആളുകളുടെ കൈകളിൽ തൂങ്ങുന്ന വട്ടപ്പൊട്ടിന്‍റെ മുഖത്തേക്ക് റിയാസ് ഉറ്റുനോക്കി.
 കരിനീലിച്ചു പോയെങ്കിലും വട്ടപ്പൊട്ടിന്‍റെ പവിഴാധരങ്ങളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. പാതിയടഞ്ഞ കണ്ണുകള്‍. അവന്‍ എന്നും കണ്ടിരുന്ന ആ കറുത്ത വട്ടപ്പൊട്ട് അപ്പോള്‍ അവളുടെ മുഖത്തില്ലായിരുന്നു.!!
 റിയാസ് തിരിഞ്ഞോടി.
വട്ടപ്പൊട്ടില്ലാത്ത ചേതനയറ്റ ആ മുഖം അവന് കാണണ്ടായിരുന്നു.!!!

ര്‍മ്മകളുടെ കുലുക്കത്തില്‍ റിയാസ് അടിമുടി വിറച്ചു. എ.സി യുണ്ടായിട്ടും വിയര്‍പ്പില്‍ കുളിച്ചു.
ഇന്ന് ശ്രീക്കുട്ടിയുടെ അച്ഛനുമമ്മയുമെല്ലാം മരിച്ചുപോയി. അന്വേഷണം ഒക്കെ നടന്നെങ്കിലും വലിയ തുമ്പും വാലുമൊന്നുമില്ലാതെ ശ്രീക്കുട്ടിയുടെ മരണം മാഞ്ഞുപോയി. ഇന്നാരും അവിടെ വട്ടപ്പൊട്ടിനെ ഓര്‍ക്കാറില്ല. ആ നാടുതന്നെ മറന്നു പോയിരിക്കുന്നു, എന്നും പാലുകൊണ്ട് പോയിരുന്ന ആ പെണ്‍കിടാവിനെ.! റിയാസിന്‍റെ ഉമ്മയും മറന്നുപോയിരിക്കുന്നു ആ ദുരന്തം.!!
അവരുടെ വാര്‍ദ്ധക്യം പഴയ പല ഓര്‍മകളുടെയും നിറം കെടുത്തിയിരിക്കുന്നു.

ലോകം തന്നെ മറന്നാലും വട്ടപ്പൊട്ടിനെ ഒരിക്കലും റിയാസ് മറക്കില്ല. ആ ഗ്രാമത്തിന്റെ ശാലീനതപോലെ എന്നും പാലുമായി പോയിരുന്ന പെണ്‍കുട്ടി. രാത്രിക്കഴുകന്‍മാരുടെ ചോരത്തിളപ്പില്‍ പൊലിഞ്ഞുപോയൊരു ഓര്‍മ്മപ്പൊട്ട്.
ഒരു കയ്യില്‍ കൊരുത്ത ദാവണിത്തുമ്പുമായ് റിയാസിന്‍റെ ഓര്‍മയിലേക്കുമാത്രം ഇടയ്ക്കെല്ലാം അവള്‍ വന്നുപോയ്ക്കൊണ്ടിരുന്നു.!!


             
















* ***** ***** ***** *

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിൾ

Friday, 8 May 2015

അസ്തമിക്കുന്തോറും..!!


ഓര്‍മ്മകളോമനിച്ച് വളര്‍ത്തിയ ആ തടാകക്കരയിലൂടെ, കൈകോര്‍ത്തു നടന്നിരുന്ന രാപകലുകള്‍ എത്രയെത്ര കിനാവുകളുടെ കഥയാണ് പറഞ്ഞിരുന്നത്!

ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!

എന്നിട്ടും....

എന്നിട്ടും എന്താണ് സംഭവിച്ചത്?

മൃദുസ്പര്‍ശവുമായ് നിത്യസന്ദര്‍ശകനായിരുന്ന മന്ദമാരുതന്‍ ചൊല്ലിയ വാക്കുകള്‍;

മഴക്കാലോത്സവങ്ങളില്‍ അണിയുന്ന കങ്കണങ്ങള്‍ കിലുകിലെ കിലുക്കി പാദസരം ചിലമ്പിച്ച് ഓടിയെത്താറുള്ള പുഴ വഴിയിലെവിടെയോ തളര്‍ന്നു വീണെന്ന്.!

ഇനിയൊരിക്കലും പഴയ പ്രസരിപ്പോടും, പ്രസാദത്തോടും കൂടി അവള്‍ ഓടി വരില്ലെന്ന്!

പാതിവഴിക്കു കുഴഞ്ഞുപോയ അവളുടെ കാലുകൾ ആരോ വെട്ടിമാറ്റാന്‍ തുടങ്ങുകയാണത്രേ..!

ഇതുകേട്ട് കരയിലെ കല്‍ക്കെട്ടുകളിലുംസൈകതങ്ങളിലും ഹൃദയവേദനയോടെ ഓളങ്ങള്‍ തലതല്ലിയലച്ചു കരഞ്ഞു....

സമാധാനത്തിന്‍റെ ചിറകടികള്‍ നിലച്ചുതുടങ്ങി....

കാറ്റിന്‍റെ മൃദുസ്വരം നഷ്ടപ്പെട്ടു..!

അവന്‍ പലപ്പോഴും വിഹ്വലതകളുടെ തീക്കാറ്റുമായാണ് ഓടി വന്നിരുന്നത്. ആ തീ നാളങ്ങള്‍ ഓര്‍മ്മകളുടെ മാധുര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാനാരംഭിച്ചു....!

പിന്നെയും ഉദയാസ്തമയങ്ങള്‍ പിറന്നു...,

പക്ഷേ....

ദിനാവലികളുടെ പ്രണയത്തിന്‍റെ കഥകേള്‍ക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.

ദു:ഖത്തോടെയെങ്കിലും തടാകവും കരയെ വിട്ടകലാന്‍ നിര്‍ബന്ധിതയായിക്കൊണ്ടിരുന്നു....

അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം....

ശാന്തിയുടെ കോട്ടമതിലുകള്‍ തകര്‍ത്തിരുന്ന, പ്രകൃതിയുടെ സ്വപ്നസൗധങ്ങള്‍ ദഹിപ്പിച്ചിരുന്ന മസ്തിഷ്കങ്ങളുടെ, തായ് വേരുകള്‍ക്ക് വിഷം ബാധിച്ചുതുടങ്ങി...

സ്വയം ജ്വലിപ്പിച്ച മാരകാഗ്നിയില്‍ ഈയാം പാറ്റകളെപ്പോലെ എല്ലാം വന്നു വീഴാന്‍ തുടങ്ങി.

ആരവങ്ങളമര്‍ന്നുകൊണ്ടിരുന്നു....

പകരം ദീനരോദനങ്ങളുയര്‍ന്നു ..!!

പിന്നീടുള്ള ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും അന്ത്യമായിരുന്നു...!!

  ചിത്രം: ഗ്രാമ്യഭാവങ്ങള്‍

                *** *** *** *** *** *** ***



പിന്‍കുറിപ്പ്:- വെറുതെ ഒരോര്‍മപ്പെടുത്തല്‍ മാത്രം.!!
സമാന സ്വഭാവമുള്ള എന്‍റെ മറ്റൊരു കവിത.

Tuesday, 21 April 2015

വെറുപ്പ്


സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.

ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.

നിര്‍ഭാഗ്യവതിയായ സെലീന.!

എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!

സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.

ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.

രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..

ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.

 വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.

ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.

ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.

തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.

അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???

ഇല്ല.

ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.



സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം.  അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!


ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.

 വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.


കണ്ടുമടുത്തു സെലീനയ്ക്ക്.!


കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.

പക്ഷേ..

അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.

അവരെപ്പറ്റി ഓര്‍ക്കാറില്ല.!

സഹതപിക്കാറില്ല.!

പാശ്ചാത്തപിക്കാറില്ല!.

അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..

വെറുപ്പ്.!!

റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.


സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!

വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!

മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!


ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!

അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!

 ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!

 ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.

അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!

സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!

                   **** **** ****

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.

Saturday, 28 March 2015

നഷ്ടശലഭങ്ങള്‍

Google Images


ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് പല ചിന്തകളും കയറിവരാറുള്ളത്. ചിലത് സന്തോഷം നല്‍കുന്നവ, ചിലത് ദു:ഖിപ്പിക്കുന്നവ. അഭിമാനം തോന്നുന്നവയും ആത്മനിന്ദ തോന്നുന്നവയും...

പിന്നെ ഭാവനയുടെ നിറമാര്‍ന്ന ചിറകുകൾ വീശി വരുന്ന ചില ചിത്രശലഭങ്ങള്‍...

അവളുടെ ഏകാന്തതയുടെ പുഷ്പവാടിയിലെ ചിന്താശലഭങ്ങള്‍..!

പക്ഷേ..... എന്നോ അവ വരാതായി...
കാരണം ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു, എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.!

അതിന്നുള്ളിൽ പുളക്കുന്നത് വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം....!!

അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!

തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഒരു വഴിത്താര കൂടി തുറന്നിട്ടപ്പോള്‍ പിന്നെയവിടെ ചിന്തകള്‍ക്കിടമില്ലാതായി...

പിന്നെ അവളും ഏകാന്തതയും കൂടി വിരസമായ ജീവിതവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെയലഞ്ഞു....

ആ ലക്ഷ്യമില്ലാത്ത യാത്രയിൽ കാഴ്ചയിൽ പതിഞ്ഞ വെളിച്ചത്തിന്‍റെ ചില അക്ഷരപ്പൊട്ടുകള്‍....

തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം....!!

ആ അക്ഷരപ്പൊട്ടുകള്‍ അവളെ വിളിച്ചു.

"നീ ഞങ്ങളോടൊപ്പം വരൂ.... ഞങ്ങള്‍ക്ക് നിന്‍റെ ഭാവനയുടെ നിറം ചാര്‍ത്തിത്തരൂ... പകരമായ് നിനക്ക് മഴവില്‍ പുഞ്ചിരി നല്‍കാം..."

ആ അക്ഷരങ്ങള്‍ നല്‍കിയ ആത്മബലത്തില്‍ ഒരിക്കലും ഒരു ഊർജ്ജവും പകര്‍ന്നു നല്കാത്ത മടുപ്പിക്കുന്ന ഓര്‍മ്മകളുടെ അറകൾ അവള്‍ വലിച്ചു തുറന്നു....

മാറാല പിടിച്ച ഓര്‍മ്മകളെ പുറത്തേക്കെറിഞ്ഞു.!

ഇനിയവള്‍ക്കാ ദുഃഖ സ്മാരകം തല്ലിയുടച്ച്, അതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടാ കണ്ണീര്‍പ്പുഴയങ്ങു നികത്തണം...

വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങട്ടെ.!!

കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!

ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!!

 ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും....

അപ്പോള്‍ എങ്ങു നിന്നെന്നറിയാതെ ശലഭങ്ങള്‍ പാറി വരും...

അവയ്ക്ക് ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ സൗന്ദര്യവുമുണ്ടായിരിക്കും....!!

അവളുടെ മനം നിറഞ്ഞ പുഞ്ചിരി പോലെ.!!

******      ******       ******     ******

Wednesday, 17 December 2014

ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയും


ഇരുണ്ട നിറം ബ്രഷുകൊണ്ട് ചാലിച്ചെടുക്കുമ്പോള്‍ കവിത ക്യാന്‍വാസിലേക്ക് ഒന്നുകൂടി നോക്കി. പെയ്യാന്‍ വെമ്പുന്ന മേഘങ്ങളുമായി കറുത്തിരുണ്ട ആകാശമായിരുന്നു അത്. കാറും കോളും നിറഞ്ഞ ആകാശം.! ഭൂമിയിലൂടെ ഒരു വന്‍നദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്തിനാണ് അന്തരീക്ഷം ഇത്രയും "വെറ്റ്" ആയിട്ടിരിക്കുന്നത്??

കവിത ഓര്‍ക്കാതിരുന്നില്ല.

അതിനു പുറകിലൊരു കാരണമുണ്ടായിരുന്നു; കഥയുണ്ടായിരുന്നു.

ഭൂമിയ്ക്ക് എന്നും ചിന്ത തന്‍റെ ഏക പെണ്‍തരിയായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. അവളില്‍ പൊടിയും പുകപടലങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവളിൽ പടരുന്ന ചിരിവെയിലിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണെന്നോര്‍ക്കുമ്പോഴൊക്കെ ഭൂമി ആധിയില്‍ വെന്തു.

തന്‍റെ സ്വപ്നങ്ങളുടെ പൂക്കള്‍ കരിഞ്ഞുണങ്ങുമോ..??

ആഗ്രഹത്തിന്‍റെ പുഴകൾ വറ്റിപ്പോകുമോ??

മോഹസാഫല്യത്തിന്‍റെ
ഫലങ്ങള്‍ തനിക്കുണ്ടാകില്ലേ...???

 നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഭൂമി മകളെ വളര്‍ത്തിയത്. കാരണം തൊട്ടടുത്ത് ശൂന്യാകാശം എന്നൊരു ഗന്ധര്‍വനുണ്ടായിരുന്നു.
ഏതൊന്നു ഭൂമി ഭയന്നുവോ അതുതന്നെ സംഭവിച്ചു.

അന്തരീക്ഷകന്യകയുടെ മനസ്സിന്‍റെ നേര്‍ത്ത ഓസോൺ പാളിയുടെ വിടവിലൂടെ ശൂന്യാകാശം തന്‍റെ അനുരാഗത്തിന്‍റെ അള്‍ട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടു.അവള്‍ ശൂന്യാകാശത്തിനോട് അനുരാഗലോലുപയായി.
ഇതറിഞ്ഞ് ഭൂമി ക്ഷോഭിച്ചു.!

അവളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടായി...!

 ഭൂകമ്പങ്ങളുണ്ടായി..!!

അമ്മയുടെ വഴക്കുകേട്ട് അന്തരീക്ഷം ദുഃഖിതയായി. അവളുടെ കൂനിക്കൂടിയുള്ള ഇരിപ്പുകണ്ട് അച്ഛനായ സൂര്യൻ സമാധാനിപ്പിച്ചു.

"പോട്ടെ... സാരമില്ല. എന്‍റെ കുട്ടി ഒരു അന്യമതക്കാരനെ സ്നേഹിക്കരുതായിരുന്നു."

ആ വാക്കുകള്‍ കേട്ടപ്പോള്‍ അന്തരീക്ഷത്തിനു വീണ്ടും കരച്ചില്‍ വന്നു. അവളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദ്രന്‍ എത്തിയത്. അവന്‍ അകത്തേക്കു കടന്നു വരുമ്പോള്‍ സൂര്യൻ പുറത്തേക്ക് പോകുകയായിരുന്നു.

"ചെല്ല്, നിന്‍റെ കൂട്ടുകാരി വളരെ വിഷമിച്ചാണിരിക്കുന്നത്."!

ചന്ദ്രൻ പതിയെ കൂട്ടുകാരിയുടെ അരികിലെത്തി.

"എന്തുപറ്റി."?? അവന്‍ ആരാഞ്ഞു.

 മറുപടിയൊന്നും കിട്ടിയില്ല.ഭൂമിയിൽ നിന്നും അവന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

"എന്താ നീയിങ്ങനെ?? എണീറ്റുവാ... നമുക്കു കളിക്കാം.." ചന്ദ്രൻ പറഞ്ഞുനോക്കി.

"നീ പൊയ്ക്കോ... ചെറുക്കാ.. കളിക്കാന്‍ ഞാനെന്താ കൊച്ചുകുട്ട്യോ..."?? അവള്‍ ചീറി.

 ചന്ദ്രന് വിഷമവും അമ്പരപ്പുമുണ്ടായി.!

 ഇന്നലെക്കൂടി അവളായിരുന്നു, 'വാ കളിക്കാം' എന്നു പറഞ്ഞിരുന്നത്.
ദിവസവും ചന്ദ്രൻ കളിക്കാന്‍ വരുമ്പോഴേക്കും സൂര്യൻ കടലിൽ പോയിട്ടുണ്ടാകും.. അപ്പോള്‍ മുതൽ ഭൂമി ഭീതിയും സംഭ്രമവും കൊണ്ട് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലില്‍ പോയാല്‍ അന്തരീക്ഷത്തിന്‍റെ മുഖവും മങ്ങും. പക്ഷേ ചന്ദ്രൻ വന്നാല്‍ അവളുടെ മുഖം തെളിയും.!!

ചില ദിവസങ്ങളില്‍ ചന്ദ്രൻ വരുമ്പോൾ സിന്ദൂരച്ചെപ്പും കൊണ്ട് വരും. അവളതിനു വേണ്ടി തട്ടിപ്പറിക്കുമ്പോള്‍ ചെപ്പ് തുറന്ന് അവിടം മുഴുവനും സിന്ദൂരം പരക്കും.! പോകാനൊരുങ്ങി നില്‍ക്കുന്ന സൂര്യനും സിന്ദൂരം കൊണ്ട് നിറയും. മകളുടെ കുസൃതിയില്‍ അയാൾ എന്നും പുഞ്ചിരിക്കാറേയുള്ളൂ.

പിന്നെ സൂര്യൻ തിരികെ വരുവോളം അവർ കളിക്കും. ആ അവളാണ് ഇന്നിങ്ങനെ....

ചന്ദ്രന് അവളെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. ചന്ദ്രൻ മൂകനായി ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

 അന്തരീക്ഷത്തിന്‍റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. ഭൂമി വഴക്കു പറയുവാനും അന്തരീക്ഷം കരയാനും തുടങ്ങി..

 ഇടിയും മിന്നലും പേമാരിയും...!!

ചന്ദ്രൻ അത് സഹിക്കാന്‍ വയ്യാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി.

പെരുമഴയായി അന്തരീക്ഷം കരഞ്ഞുകൊണ്ടേയിരുന്നു...

"ഉണ്ണാന്‍ വരൂ.."

വാതില്‍ക്കല്‍ അമ്മയുടെ സ്വരം കേട്ടാണ് കവിത ചിന്തയില്‍ നിന്നുണര്‍ന്നത്.

താനിത്ര നേരം ഏതു സ്വപ്നലോകത്തായിരുന്നു..?!!! അവള്‍ ആശ്ചര്യപ്പെട്ടു.

വാള്‍ക്ലോക്കിലെ കിളി 10 പ്രാവശ്യം ചിലച്ചു. അപ്പോഴാണ് അവള്‍ക്ക് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും തീര്‍ത്ത് അവള്‍ എണീറ്റു. ഡൈനിംങ് ഹാളിലേക്കുള്ള സ്റ്റെയര്‍കേയ്സിറങ്ങുമ്പോള്‍ തന്‍റെ ചിത്രത്തിലേതെന്ന പോലെ ആ വീടിനു പുറത്തും പേമാരി തകര്‍ക്കുകയാണെന്ന് അപ്പോഴുണ്ടായ ഒരു ഇടിമുഴക്കം അവളെ അറിയിച്ചു.!!
                              *********            





പിന്നാമ്പുറം: പ്ലസ്ടു പഠനകാലത്ത് ആണ് ഇതെഴുതിയത്. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ താളുകളിൽ ഉറങ്ങിക്കിടക്കുന്നവയിലൊന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:-,ഗൂഗിൾ