Thursday 12 February 2015

അന്തര്‍മുഖങ്ങള്‍

നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.

ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.

അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.

നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.

നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!

ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..

വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!

13 comments:

  1. അല്പം നീണ്ട കവിത. മനസ്സിൽ വേദന ഉണർത്തുന്നു!!

    ReplyDelete
    Replies
    1. ചിരിച്ചു കാണുന്ന പലരെയും അടുത്തറിയുമ്പോഴാണ് അറിയുക, അവര്‍ക്കുള്ളിലും ഒരു സങ്കടപ്പുഴയൊഴുകുന്നുണ്ടെന്ന്.., വരികള്‍ വേദന യുണര്‍ത്തിയെന്നറിഞ്ഞ് ഒരേ സമയം സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യുന്നു.. വരവിനും വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടൊരുപാട് നന്ദി...

      Delete
  2. എന്തൊരു കട്ടിയാ..
    രണ്ടു മൂന്നു തവണ വായിക്കേണ്ടി വന്നു..

    ReplyDelete
  3. സ്വാഗതം സുധീ...., രണ്ടുമൂന്നു തവണ വായിക്കാന്‍ ക്ഷമയുണ്ടായല്ലോ... രണ്ടു വാക്കു കുറിക്കുവാനും.. നന്ദി...! കട്ടി കുറച്ച് കൂടുതലാണെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്... വര്‍ഷം കുറേ മുന്‍പ് എഴുതിവച്ചതാണ്.. മാറ്റങ്ങളൊന്നും വരുത്തിയില്ല.

    ReplyDelete
  4. ചിതലരിക്കുന്ന നിഴലുകളില്‍
    അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
    തകരുന്നു- വ്യക്തമായറിയുന്നു
    നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ... പച്ചയായ ജീവിതങ്ങള്‍... നന്ദി വായനയ്ക്കും അഭിപ്രായ പ്രകടനത്തിനും...

      Delete
  5. ഈ പൂനിലാവിൽ എന്നൊ,ഇപ്പൂനിലാവിൽ എന്നോ അല്ലേ ശരി???

    ReplyDelete
    Replies
    1. @Sudhi,
      ഈ പൂനിലാവില്‍ എന്നതാണ് സംഗതി.. ഇവിടെ പ്രയോഗിക്കുന്നത് ഇപ്പൂനിലാവില്‍ എന്നാണ്.. തെറ്റ് തിരുത്തുന്നു.. ഉപദേശത്തിനു നന്ദി..

      Delete
  6. നൊമ്പരപ്പെടുത്തുന്നു!
    നല്ല കവിത.
    ആശംസകള്‍

    ReplyDelete
  7. സ്വാഗതം സാര്‍,
    ഇവിടെ വരുകയും, അഭിപ്രായങ്ങൾ എഴുതുകയും ചെയ്തതിന് അകമഴിഞ്ഞ നന്ദി..

    ReplyDelete
  8. രണ്ടാവര്‍ത്തി വായിച്ചു.....കവിത നന്നായി

    ReplyDelete
  9. കൊറച്ച് കട്ടികൂടിപ്പോയല്ലേ.. വിനോദേട്ടാ...
    നന്നായി എന്നു പറഞ്ഞതില്‍ സന്തോഷിക്കുന്നു..
    വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളും ആവാട്ടൊ.. ഞാൻ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കുകയൊന്നുമില്ല. :-)

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......