Friday 8 May 2015

അസ്തമിക്കുന്തോറും..!!


ഓര്‍മ്മകളോമനിച്ച് വളര്‍ത്തിയ ആ തടാകക്കരയിലൂടെ, കൈകോര്‍ത്തു നടന്നിരുന്ന രാപകലുകള്‍ എത്രയെത്ര കിനാവുകളുടെ കഥയാണ് പറഞ്ഞിരുന്നത്!

ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!

എന്നിട്ടും....

എന്നിട്ടും എന്താണ് സംഭവിച്ചത്?

മൃദുസ്പര്‍ശവുമായ് നിത്യസന്ദര്‍ശകനായിരുന്ന മന്ദമാരുതന്‍ ചൊല്ലിയ വാക്കുകള്‍;

മഴക്കാലോത്സവങ്ങളില്‍ അണിയുന്ന കങ്കണങ്ങള്‍ കിലുകിലെ കിലുക്കി പാദസരം ചിലമ്പിച്ച് ഓടിയെത്താറുള്ള പുഴ വഴിയിലെവിടെയോ തളര്‍ന്നു വീണെന്ന്.!

ഇനിയൊരിക്കലും പഴയ പ്രസരിപ്പോടും, പ്രസാദത്തോടും കൂടി അവള്‍ ഓടി വരില്ലെന്ന്!

പാതിവഴിക്കു കുഴഞ്ഞുപോയ അവളുടെ കാലുകൾ ആരോ വെട്ടിമാറ്റാന്‍ തുടങ്ങുകയാണത്രേ..!

ഇതുകേട്ട് കരയിലെ കല്‍ക്കെട്ടുകളിലുംസൈകതങ്ങളിലും ഹൃദയവേദനയോടെ ഓളങ്ങള്‍ തലതല്ലിയലച്ചു കരഞ്ഞു....

സമാധാനത്തിന്‍റെ ചിറകടികള്‍ നിലച്ചുതുടങ്ങി....

കാറ്റിന്‍റെ മൃദുസ്വരം നഷ്ടപ്പെട്ടു..!

അവന്‍ പലപ്പോഴും വിഹ്വലതകളുടെ തീക്കാറ്റുമായാണ് ഓടി വന്നിരുന്നത്. ആ തീ നാളങ്ങള്‍ ഓര്‍മ്മകളുടെ മാധുര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാനാരംഭിച്ചു....!

പിന്നെയും ഉദയാസ്തമയങ്ങള്‍ പിറന്നു...,

പക്ഷേ....

ദിനാവലികളുടെ പ്രണയത്തിന്‍റെ കഥകേള്‍ക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.

ദു:ഖത്തോടെയെങ്കിലും തടാകവും കരയെ വിട്ടകലാന്‍ നിര്‍ബന്ധിതയായിക്കൊണ്ടിരുന്നു....

അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം....

ശാന്തിയുടെ കോട്ടമതിലുകള്‍ തകര്‍ത്തിരുന്ന, പ്രകൃതിയുടെ സ്വപ്നസൗധങ്ങള്‍ ദഹിപ്പിച്ചിരുന്ന മസ്തിഷ്കങ്ങളുടെ, തായ് വേരുകള്‍ക്ക് വിഷം ബാധിച്ചുതുടങ്ങി...

സ്വയം ജ്വലിപ്പിച്ച മാരകാഗ്നിയില്‍ ഈയാം പാറ്റകളെപ്പോലെ എല്ലാം വന്നു വീഴാന്‍ തുടങ്ങി.

ആരവങ്ങളമര്‍ന്നുകൊണ്ടിരുന്നു....

പകരം ദീനരോദനങ്ങളുയര്‍ന്നു ..!!

പിന്നീടുള്ള ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും അന്ത്യമായിരുന്നു...!!

  ചിത്രം: ഗ്രാമ്യഭാവങ്ങള്‍

                *** *** *** *** *** *** ***



പിന്‍കുറിപ്പ്:- വെറുതെ ഒരോര്‍മപ്പെടുത്തല്‍ മാത്രം.!!
സമാന സ്വഭാവമുള്ള എന്‍റെ മറ്റൊരു കവിത.

42 comments:

  1. മരിച്ച പുഴയുടെ വരണ്ട മാറിൽ,തീക്കാറ്റിന്റെ ചൂടേറ്റു കരിഞ്ഞു വീഴുന്ന എത്രയെത്ര കിനാവുകൾ!
    വളരെ നന്നായി.

    ReplyDelete
    Replies
    1. അതെ... പ്രിയ ജ്യുവല്‍...!!
      ആദ്യ കമന്‍റിന് ഒരു ഡോസ് കൂടുതൽ താങ്ക്സ്..!

      Delete
    2. കല്ലോലിനി വഴിയാണ് എൻറെ ബ്ലോഗിലേക്ക് എത്തിയതെന്ന് സുധി പറഞ്ഞു. അതിന് ഒരു സ്പെഷ്യൽ താങ്ക്സ് അങ്ങോട്ടു പറയാനിരിക്കുവാരുന്നു ഞാൻ!

      Delete
    3. സ്വീകരിച്ചിരിക്കുന്നു ഡോ.ജ്യുവല്‍

      Delete
  2. Replies
    1. നന്ദി വിനീത്.. വായനയ്ക്ക് വളരെ നന്ദി...

      Delete
  3. നന്നായിരിക്കുന്നു രചന
    ഗ്രാമ്യഭാവങ്ങളുടെ ചിറകുകളിലേറി ഉയര്‍ന്നുയര്‍ന്നു പൊങ്ങട്ടെ ഭാവന!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ സര്‍, അങ്ങയുടെ വാക്കുകളില്‍ വളരെയേറെ സന്തോഷം..!! നന്ദി... ആശംസകൾ ശിരസ്സാവഹിക്കുന്നു..!!

      Delete
  4. ഓർമ്മകൾക്കൊരിക്കലും അസ്തമനം ഉണ്ടാകാതിരിക്കട്ടെ.

    കഥയോ കവിതയോ?????

    ഇഷ്ടപ്പെട്ടു.

    അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
    ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം...//////
    ഈ വരികൾ നന്നായി ഇഷ്ടപ്പെട്ടു..അമ്പരപ്പിക്കുകയും ചെയ്തു.

    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. അമ്പരന്നതെന്തിന് സുധീ....???
      സുഖമുള്ള ഓര്‍മകള്‍ ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ..!!
      വായനയ്ക്ക്, അഭിപ്രായത്തിന്, ആസ്വാദനത്തിന്, എല്ലാം... നന്ദി.
      രചന ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു..

      Delete
  5. നല്ല ഭാവന! നല്ല വരികൾ!!

    ReplyDelete
    Replies
    1. വളരെ നന്ദി. ഡോക്ടർ ജീ...

      Delete
  6. ഒന്നൊന്നായി അവസാനിയ്ക്കുന്ന നമ്മുടെ പ്രകൃതിയെ നന്നായി അവതരിപ്പിച്ചു. ഭാവനയും ഭാഷയും നന്നായി.

    ഒന്നിച്ചിരുന്ന ആ കാലത്തിനെ ഓർമയിൽ കൊണ്ട് വന്നതിനു ശേഷം നഷ്ട്ട വസന്തത്തിൻറെ കഥകൾ ആണ് പറയുന്നത്. ആ കഥയുടെ അവസാനം ഒന്നിച്ചിരുന്ന കാലത്തിന്റെ സ്മരണകൾ ( അതിലുണ്ടായ മാറ്റങ്ങൾ) ഒന്ന് കൊണ്ട് വന്നിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

    നല്ല എഴുത്ത്.

    ReplyDelete
    Replies
    1. അതു ശരിയാണല്ലോ ബിപിൻ സര്‍, അത്രയ്ക്കും ചിന്തിച്ചില്ല്യാട്ടോ... ഈ നിര്‍ദ്ദേശത്തിനു വളരെയധികം നന്ദി.!!

      Delete
  7. എന്താ കഥ !..... ഭാവനയും .......ഭാഷയും നന്നായി.....ആശംസകൾ.....

    ReplyDelete
    Replies
    1. വിനോദേട്ടാ.... താങ്ക്സ്.. താങ്ക്സ് ഡബിള്‍ താങ്ക്സ്!!

      Delete
  8. Replies
    1. മുഹമ്മദ്ക്കാ വളരെ നന്ദി...

      Delete
  9. പുഴപോലെ ഒഴുകുന്ന ഈ ഭാഷയ്ക്ക്‌ ഇഷ്ടം അറിയിക്കുന്നു.ഒപ്പം ആ നല്ല ഭാവനക്കും.
    കഥ മനോഹരം..,ഹൃദ്യം.

    ReplyDelete
    Replies
    1. ഹായ് ശിഹാബ്, ഈ ബ്ലോഗിന്‍റെ ലോകത്ത് കുഞ്ഞോന്‍റെ എഴുത്തും, ഗൗരവതരമായ വായനയും പ്രത്യേക ഇഷ്ടം പിടിച്ചു പറ്റുന്നവയാണ്. ചേച്ചിയുടെ വക ഒരു പിടി താങ്ക്സ്..!!

      Delete
  10. കനവുകളിലേയ്ക്ക് കനൽ വാരി എറിയുന്ന ഈ ഓർമപ്പെടുത്തലിന് നന്ദി പറയാൻ തുടങ്ങുമ്പൊത്തന്നെ ഉള്ളിൽ ആരോ വലിച്ച് വീഴ്ത്തും... കനലെരിയുന്ന കനവുകളിലേയ്ക്ക്...

    ReplyDelete
    Replies
    1. ധ്രുവന്‍, ഈ വാക്കുകള്‍ക്ക് വളരെ നന്ദി...

      Delete
  11. ജീവിതം വിധിയുടെ കൈകളിലെന്ന ഓര്‍മ്മപ്പെടുത്തല്‍ ! തീരത്തെത്താന്‍ വെമ്പുന്ന സ്വപ്ന കല്ലോലിനികള്‍ .....!!

    ReplyDelete
    Replies
    1. മുഹമ്മദ് കുട്ടി മാഷേ..., ഈ വാക്കുകള്‍ക്ക് പകരം തരാന്‍, രണ്ടക്ഷരത്താല്‍ മനോഹരമായ ഒരേയൊരു വാക്ക് "നന്ദി".!!

      Delete
  12. //ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!// ആ പുഴ പോലും വിചാരിച്ച് കാണില്ല, ഇത്ര ഗംഭീരമായാണ് അതൊഴുകുന്നത് എന്ന് :)

    ReplyDelete
    Replies
    1. ഹ ഹാ കൊച്ചൂസ്, ഇഷ്ടപ്പെട്ടേ....
      ഈ വരവിന് നന്ദി.!!

      Delete
  13. ദിക്കുകള്‍ സഞ്ചരിക്കുന്ന കാറ്റ് എന്തെല്ലാംകാര്യങ്ങളാണ് വന്നു പറഞ്ഞത്.നല്ല എഴുത്ത്

    ReplyDelete
    Replies
    1. റോസിലി ചേച്ചീ... വളരെ വളരെ നന്ദി.!! ഇനിയും വരണേ.

      Delete
  14. നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പുഴകൾ, പ്രകൃതി എല്ലാം വരികളിലൂടെ കല്ലോലിനി നന്നായി പറഞ്ഞിരിക്കുന്നു. ഒത്തിരി ആശംസകൾ ഈ ഭാവനക്ക് .

    ReplyDelete
    Replies
    1. ഗീതച്ചേച്ചീ... ഒത്തിരി നന്ദി. ഈ വാക്കുകള്‍ക്ക്!!

      Delete
  15. ഓരോ യുഗങ്ങളിലും....
    ഓരോ അസ്തമയങ്ങളും ഓരോ നല്ല പുലരികളുടെയും......

    ഈ പ്രയോഗങ്ങൾ തെറ്റ്.

    'ഓരോ' എന്നത് ഏകവചനം..... യുഗങ്ങൾ, അസ്തമയങ്ങൾ, പുലരികൾ... എല്ലാം ബഹുവചനം....

    ഓരോ യുഗത്തിലും....
    ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും...... എന്നു വേണം എഴുതാൻ.....

    അസ്തമിക്കുന്തോറും....... ഈ പ്രയോഗവും ശരിയാണോ?

    ReplyDelete
    Replies
    1. ന്‍റെ ഗുരുവായൂരപ്പാ... ഇങ്ങനെയൊക്കെയുണ്ടായിരുന്നോ...
      ഇത് വല്ലതും അറിയണ്ടേ...
      പ്രിയ ആള്‍രൂപന്‍ മാഷേ,, ഇങ്ങനെയൊക്കെ ആരെങ്കിലും തിരുത്തിത്തന്നാലല്ലേ പഠിക്കാന്‍ പറ്റൂ...
      മലയാളത്തിൽ വല്ല്യ പിടിപാടൊന്നുമില്ല. ഇനിയും ഇത്തരം സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി.. വീണ്ടും വരിക.!!

      Delete
  16. സുധി പറഞ്ഞത് ശരിയാണ്,അകമേ കൊള്ളുന്ന പ്രയോഗങ്ങൾ ദിവ്യ.
    വരണ്ട ഉൾതടങ്ങളിൽ ചെറുനനവെങ്കിലും പൊടിക്കട്ടെ

    ReplyDelete
    Replies
    1. അതെ!! ആ നനവില്‍ ഒരായിരം തൈകള്‍ കിളിര്‍ക്കട്ടെ. ഓര്‍മ്മകളുടെ വഴി നിറയെ ഒരായിരം വഴിമരങ്ങള്‍..!!!
      പ്രിയ സുഹൃത്തേ നന്ദി..

      Delete
  17. ആദ്യ വരവാനിന്നു തോന്നുന്നു,. ഇനി ഇടയ്ക്കിടെ വരാം.
    വായിച്ചു. രസിച്ചു.
    കവിതയിലോ കവിത കലർന്ന കഥയിലോ വലിയ പ്രാവീണ്യമില്ലാത്തതുകൊണ്ട് വായന രേഖപ്പെടുത്തി മറയുന്നു.

    ReplyDelete
    Replies
    1. സ്വാഗതം പ്രദീപേട്ടാ.,
      ആദ്യം തന്നെ ഈ വരവിന് നന്ദി..
      പിന്നെ അഭിപ്രായത്തിന് ഒരായിരം നന്ദി....
      താങ്കള്‍ക്ക് എന്തിനാണ് കഥയിലും കവിതയിലും പ്രാവീണ്യം..??
      ജീവിതം തന്നെ പോരേ...
      ആ പ്രതിഭയ്ക്കു മുന്‍പില്‍ നമ്മളൊക്കെ വെറും പുല്‍ക്കൊടിപ്പൂവുകള്‍..!!
      ഇനിയും ഇതിലേ വരണേ...

      Delete
  18. കവിതയുടെ ലാസ്യ ഭംഗിയോടെ കഥ പറഞ്ഞിരിക്കുകയാണല്ലോ ഇത്തവണ

    ReplyDelete
    Replies
    1. ഹായ് മുരളിയേട്ടന്‍ വന്നല്ലോ...,
      വളരെ സന്തോഷം.. നന്ദി.!!

      Delete
  19. മറക്കാതിരിക്കെണ്ടുന്ന ഓര്‍മ്മപ്പെടുത്തലുകള്‍.

    ReplyDelete
    Replies
    1. അതെ.!!
      വളരെ നന്ദി. റാംജിസര്‍.

      Delete
  20. ഹൃദയത്തിൽ ഒരു പുഴയുടെ നനവ്....
    അഭിനന്ദനങ്ങൾ...

    ReplyDelete
  21. Good attempt.. കുറച്ചു കൂടെ കുറുക്കിയാൽ, ഭാഷ ലളിതമാക്കിയാൽ നന്നാവും എന്നെനിക്ക് തോന്നുന്നു.

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......