Wednesday 8 April 2015

പാല്‍മണം മാറാത്ത പയ്യനും പിന്നെ പോലീസുകാരനും.

എന്തൊക്കെയോ ചിന്തകളെ മനസ്സിലിട്ടുരുട്ടിക്കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്നു ഞാൻ.. ഏതാനും അടികൾ നടന്നാല്‍ മെയിന്‍ റോഡിലെത്താം. അവിടെ നിന്നുമാണ് ബസ്സിൽ കയറി പോകേണ്ടത്.

അപ്പോഴാണ് തൊട്ടരികിലൂടെ ഒരു പഴയ സ്കൂട്ടര്‍ കടന്നു പോയത്. മെയിന്‍ റോഡിലേക്ക് കയറും മുന്‍പ് സ്കൂട്ടറിനു തൊട്ടുമുന്നിലേക്ക്, ചിത്രകഥകളിലെ കൊള്ളക്കാരനെപ്പോലെ ഒരു പോലീസുകാരന്‍ ചാടിവീണു..!

"നിര്‍ത്തടാ വണ്ടി..."

ഞൊടിയിടകൊണ്ട് വണ്ടി ഓഫാക്കി ചാവി അദ്ദേഹം കൈക്കലാക്കി...

" നിന്‍റെ ലൈെസന്‍സെടുക്ക്".

ഉണ്ടാകില്ലെന്ന ഉറപ്പോടെ തന്നെ വിരട്ടി...

ഒരു നിമിഷം സ്തംഭിച്ചു പോയ സ്കൂട്ടര്‍ യാത്രികന്‍ വണ്ടിയില്‍ നിന്നുമിറങ്ങി, ആകാവുന്നത്ര ദൈന്യത മുഖത്ത് വരുത്തിക്കൊണ്ട് പോലീസേമ്മാനു നേരെ കൈകൂപ്പി. ഇന്നേവരെ ആരുടെ മുന്നിലും കൈകൂപ്പാത്ത ഒരാളാണെന്ന് ആ വികലമായ കൈകൂപ്പലില്‍ നിന്നു തന്നെയറിയാം..

യാത്രക്കാരന്‍റെ മുഖത്തേക്കു നോക്കിയ എനിക്കു ചിരിപൊട്ടി.. ഞാനത് പുറത്തു വിടാതെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ചു.

പാല്‍മണം മാറാത്ത ഒരു പയ്യന്‍..!
എട്ടിലോ, ഒമ്പതിലോ ആയിരിക്കണം.. നന്നേ വെളുത്ത് തുടുത്ത് ഓമനത്തം തുളുമ്പുന്ന മുഖം. അവന്‍റെ മുടി ആധുനിക പയ്യന്‍മാരുടെ സ്റ്റൈലില്‍, പശു നക്കിയതുപോലെ കുറച്ച് താഴോട്ടും ബാക്കി മുള്ളന്‍പന്നി മുള്ളുകള്‍ എഴുന്നതുപോലെ മുകളിലോട്ടും തെറിച്ചു നിന്നിരുന്നു.

"ഇവനേ... കുറെ നേരമായി  തുടങ്ങിയിട്ട്... അതിലേ പോകുന്നു.. ഇതിലേ പോകുന്നൂ..."

ഇതെന്തു പൂരം എന്ന മട്ടില്‍ കാഴ്ച കണ്ടു നിന്നവരോടായി പോലീസുകാരന്‍ പറഞ്ഞു.

പിന്നെ പയ്യന്‍റെ നേരെ ആക്രോശിച്ചു.
"എന്തടാ... ഞങ്ങളൊക്കെ പൊട്ടന്‍മാരാന്നു വിചാരിച്ചോ നീയ്..".

പയ്യനപ്പോഴും പുറത്തുചാടാത്ത ഒച്ചയില്‍ കൈകൂപ്പിക്കൊണ്ട് "സാറേ ഒന്നും ചെയ്യരുത്" എന്നു ദൈന്യമായ് കേണുകൊണ്ടിരുന്നു.

ഇതിനിടയിൽ അദ്ദേഹം വയര്‍ലസ്സിലൂടെ ആര്‍ക്കോ വിവരം കൈമാറുന്നുമുണ്ടായിരുന്നു.

ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ആടു കിടന്നിടത്തു പൂടപോലുമില്ല. വീണ്ടുമുള്ള നിരീക്ഷണത്തില്‍ കുറച്ചു ദൂരെയായി സ്കൂട്ടര്‍ ചാരിവച്ചിരിക്കുന്നത് കണ്ടു.. പയ്യന്‍സിനെ പോലീസുകാരന്‍ കൊണ്ടു പോയി.

Google Images

             *         *           *          *          *           *
ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തുന്നത്, മുന്‍പ് ഇതു പോലെ ഒരു യാത്രയിൽ ബസ് കാത്തുനില്‍ക്കുന്ന വേളയിൽ കേട്ട ഒരു വഴിയോര പ്രസംഗത്തെക്കുറിച്ചാണ്.

അതില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞിരുന്നത്.

അവിടെ നിന്നും ഞാൻ ശ്രവിച്ച ചില ഭാഗങ്ങൾ,
പ്രാസംഗികന്‍റെ ഭാഷയിൽ, ഓര്‍മയില്‍ നിന്നും പങ്കു വയ്ക്കട്ടെ...


"ദാ ഇത് ഇന്നാട്ടില്‍ തന്നെ നടന്നൊരു സംഭവാണ്.. ബാപ്പയും ഉമ്മയും മോനുമടങ്ങുന്നൊരു ചെറിയ കുടുംബം.. ബാപ്പ ഗള്‍ഫിലാണ്.
അങ്ങനെയിരിക്കെ ബാപ്പ അവധിക്കു വന്ന ഒരു ദിവസം ഉമ്മ, ബാപ്പാനെ സമീപിച്ചിട്ടു പറയ്യാണ്..

"...ദോക്കിന്‍... മ്മടെ മോനൂന് ഒരു വണ്ടി  വേണം ന്ന്.."

"വണ്ട്യോ... ന്ത് വണ്ടി..??"

" ചെക്കന്‍മാര്‍ക്കിപ്പൊ ന്ത് വണ്ട്യാ വേണ്ടേ.. ബൈക്ക്.."

"അയിന് ഓന്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്..?"

"ഓന്‍റെ കൂട്ടാര്‍ക്കൊക്കെ ഉണ്ടത്രേ..., ഓനത് ഓടിക്കാനൊക്കെ പഠിച്ചേക്കണ്.."

ഉമ്മാക്ക് മോനെ ഓര്‍ത്ത് അഭിമാനം..

"ഓനിപ്പൊ നല്ലണം പഠിക്കാന്‍ പറ.. പത്തിലു നല്ല മാര്‍ക്ക് വാങ്ങ്യാ മേടിച്ചൊട്ക്കാം.."

അത്തവണ ബാപ്പ മടങ്ങിപ്പോയി..

അടുത്ത കൊല്ലം ബാപ്പ നാട്ടില്‍ വരുമ്പോഴേക്കും മകന്‍ ഉമ്മയോട് ശട്ടം കെട്ടി. ഇത്തവണ ബാപ്പ വരുമ്പൊ എന്തായാലും വണ്ടി വാങ്ങിപ്പിക്കണം. ഇല്ലെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നത്  പോയിട്ട് പരീക്ഷയ്ക്കു പോലും പോവില്ല.

അങ്ങനെ ബാപ്പ നാട്ടിലെത്തി. ഒന്നു രണ്ടൂസം കഴിഞ്ഞു. മകന്‍റെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ ഫലായി ഉമ്മ വിഷയം ബാപ്പാന്‍റെ മുന്നിലെത്തിച്ചു.

" മോനു പറയ്യേണ് ഓന്‍ നന്നായി പഠിച്ചോളാം ഓന് വണ്ടി വാങ്ങിക്കൊടുക്കണംന്ന്.."

"ങാ പരീക്ഷ കഴിയട്ടെ.."

"അതല്ലാന്ന്,  ഓന്‍റെ കൂടെള്ള കുട്ട്യോളൊക്കെ വണ്ടീമ്മെങ്ങനെ തേരാ പാരാ പാഞ്ഞു നടക്കുമ്പൊ... മ്മടെ മോന് മാത്രം..."

ഉമ്മാക്കത് പ്രസ്റ്റീജിന്‍റെ കൂടി പ്രശ്നമാണ്.

" ഇമ്മക്ക് ആകെക്കൂടിള്ളതല്ലേ.... ഓന്‍റെ സന്തോഷല്ലേ... മ്മടെ സന്തോഷം.. അല്ലാണ്ടെ.. ങ്ങള് സമ്പാദിക്കണതൊക്കെയാര്‍ക്കാ..."

ആ വാചകങ്ങള്‍ ബാപ്പാന്‍റെ മനസ്സില്‍ കൊണ്ടു..

ശരിയാണ്...  മണലാരണ്യത്തിലെ തീവെയിലില്‍ ജീവിതം ഉരുക്കിക്കഴിയുമ്പോള്‍ ആകെയൊരു സ്വപ്നം അതുമാത്രാണ്..

മകന്‍റെ ചിരിക്കുന്ന മുഖം.

ഒരേയൊരു മകനേയുള്ളൂ..

"ഓന്‍റെ കൂട്ടാരൊക്കെ ചോയ്ക്കിണ്ട്.. അന്‍റെ ബാപ്പ ഗള്‍ഫിലല്ലേ പിന്നെന്താ ഒരു വണ്ടിവാങ്ങാനിത്ര പ്രയാസം ന്ന്.."

അങ്ങനെ ബാപ്പ അലിഞ്ഞു.

പിറ്റേന്ന് തന്നെ പോയി. വണ്ടി ബുക്ക് ചെയ്യാന്‍. ബുക്ക് ചെയ്യണ്ടിയൊന്നും വന്നില്ല, വണ്ടി റെഡി ഉണ്ടായിരുന്നു.
മകന് ലോകം പിടിച്ചടക്കിയ സന്തോഷം, അതുകണ്ട് ബാപ്പാക്കും ഉമ്മാക്കും അതിലേറെ സന്തോഷം.

വീട്ടില്‍ എത്തിയ ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി ബൈക്കില്‍ കറങ്ങാന്‍ പോയി.

പിന്നെക്കേള്‍ക്കുന്നത് മൂന്നുപേരുമായി പോയ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും ഒരാൾ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ്....

(നിശബ്ദത)

മകന്‍റെ ചിരിക്കുന്ന മുഖം കാണാൻ ആശിച്ച മാതാപിതാക്കൾ പിന്നെ കണ്ടത് മകന്‍റെ മയ്യത്തിന്‍റെ മുഖമാണ്...

(ഒരു നിമിഷത്തെ മൗനത്തിനു ശേഷം പതിഞ്ഞ ഒച്ചയില്‍ പ്രാസംഗികന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ ഒച്ചയുയര്‍ന്നു.)

ഇവിടെ ആരാണ് കുറ്റക്കാര്‍...?

ആരാണ് ഈ സംഭവത്തിനുത്തരവാദി...??

(വീണ്ടും നിശബ്ദത.)

ഞാൻ പറയും.. അത് മറ്റാരുമല്ലാ...
അതെ അത് മറ്റാരുമല്ല, പ്രായപൂർത്തിയാകാത്ത മകന് വണ്ടി വാങ്ങിക്കൊടുത്ത ബാപ്പായും അതിനു പ്രേരിപ്പിച്ച ഉമ്മായുമാണെന്ന്.....

പക്വതയില്ലാത്ത മക്കള്‍ പലതിനു വേണ്ടിയും വാശിപിടിക്കുമ്പോള്‍ അവരുടെ താളത്തിനു തുള്ളുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. അവരെ പറഞ്ഞു തിരുത്തുകയാണ്.........


ഇരമ്പിയകലുന്ന ബസ്സിന്‍റെ ഒച്ചയില്‍ പ്രാസംഗികന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതെയായി....

          *****    *****   *****

37 comments:

  1. പക്വത -അതല്ലേ എല്ലാം !പോസ്റ്റ്‌ പ്രസക്തം ....

    ReplyDelete
  2. പ്രായപൂർത്തിയാകാത്ത മക്കൾക്ക്‌ റ്റൂവീലർ വാങ്ങിക്കൊടുക്കുന്നത്‌ മാതപിതാക്കൾക്ക്‌ അഭിമാനപ്രശ്നമല്ലെലേ ??പ്രായപൂർത്തി ആകാത്ത മകൻ ഓടിച്ച ബൈക്ക്‌ ഇടിച്ച്‌ മരിച്ച ഒരാൾക്ക്‌,ആർ സി ഓണർ ആയ പിതാവ്‌ 26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പാലാ എം.ഏ.സി.ടി കോടതിയിൽ നിന്നും ഒരു വിധിയുണ്ടായത്‌ ഇന്നലെ പത്രത്തിൽ വായിച്ചു.

    ReplyDelete
  3. കാലികപ്രസക്തിയുള്ള പോസ്റ്റ്.
    ഇന്നു കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടുതലും ഇത്തരം വാഹനാപകടങ്ങളാണ്.വണ്ടി കിട്ടിയാല്‍ പിന്നെയവര്‍ക്ക് 'വേഗം' കൂട്ടാനുള്ള ആവേശമാണ്........................................... രക്ഷകര്‍ത്താക്കളും അതുപോലെത്തന്നെ അധികാരികളും വേണ്ടപോലെ ശ്രദ്ധിച്ചാല്‍ കുറച്ചൊക്കെ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്ക് പരിഹാരംകാണാന്‍ സാധിക്കുമെന്നാണെ് വിശ്വാസം..
    ആശംസകള്‍

    ReplyDelete
  4. നല്ല എഴുത്ത് കല്ലോലിനി ....പ്രസക്തം....

    ReplyDelete
    Replies
    1. മുഹമ്മദ് കുട്ടി മാഷേ, വിലയേറിയ അഭിപ്രായത്തിനു നന്ദി., പ്രായമെത്രയായാലും പക്വതക്കു തന്നെ പ്രാധാന്യം.!!

      സുധി, അങ്ങനെയും ഒരു സംഭവമുണ്ടായോ?? പലരും ഇതൊക്കെ അഭിമാനപ്രശ്നമായിട്ടാണ് എടുക്കുന്നത്. മക്കള്‍ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരോ പങ്കപ്പാടുകള്‍.. അഭിപ്രായത്തിന് നന്ദീട്ട്വോ...

      തങ്കപ്പൻ സര്‍, ആ പറഞ്ഞതു വളരെ ശരിയാണ്. ചെറുതായി ഒന്നു ബാലന്‍സ് പോയാല്‍ വലുതായി അപകടമുണ്ടാകുന്ന വാഹനമാണ് ബൈക്ക്. എനിക്കേറ്റവും ദേഷ്യം ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സമയങ്ങളില്‍ അക്ഷമയോടെ കുത്തിത്തിരക്കി വരുന്ന ടുവീലറുകാരോടാണ്.
      വരവിനും അഭിപ്രായത്തിനുമെല്ലാം നന്ദി.

      താങ്ക്സ് അച്ചു.... ഞാനെഴുതിയതിനേക്കാള്‍ വളരെയേറെ ഹൃദയഹാരിയായിരുന്നു ആ പ്രസംഗം...

      Delete
  5. ഞാന്‍ ഈ മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെടുന്നത് മക്കള്‍ക്ക്‌ വേണ്ടിയല്ലേ ...ബൈക്കെങ്ങാനും വാങ്ങി കൊടുത്തില്ലെങ്കില്‍ അവന്‍ വല്ല കുരുത്തക്കേടും ഒപ്പിച്ചാലോ -ശാരാശരി ബാപ്പമാര്‍ ഇങ്ങനെ ചിന്തിക്കും .അയാള്‍ക്ക്‌ ഭാര്യയില്‍ നിന്നും സമര്‍ദ്ദം .ഉമ്മാക്ക് മോനില്‍ നിന്നും സമര്‍ദ്ദം .മോന് കൂട്ടുകാരില്‍ നിന്നും ...ആരാ തെറ്റുകാര്‍ ...കന്‍ഫ്യൂഷന്‍ ആകുന്നു ...തീര്‍ച്ചയായും രക്ഷിതാക്കളുടെ പക്വതയില്ലായ്മയാണ് പ്രശ്നങ്ങള്‍ക്ക് ആധാരം ..ആശംസകള്‍

    ReplyDelete
    Replies
    1. ഷുക്കൂര്‍ക്കാ.., സമ്മര്‍ദ്ദങ്ങളെ നേരിടാൻ എല്ലാവർക്കും ദൈവം കരുത്തു നല്‍കട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം..
      വരവിനും അഭിപ്രായത്തിനും നന്ദി.. ഇനിയും വരുമല്ലോ...

      Delete
  6. നമുക്ക് കുറ്റക്കാർ ആരാണെന്ന് ഒറ്റയടിക്ക് പറയാൻ കഴിയുമോ..? ഇന്നത്തെ നിരത്തുകളിൽ കുട്ടികൾ ചീറിപായുമ്പോൾ നോക്കിനിൽക്കുന്ന മറ്റൊരു കുട്ടിക്കും ആഗ്രഹാമുണ്ടാവുമല്ലോ..?

    കാലത്തെ പഴിച്ചാരി പിന്നെയും നമുക്ക് കണ്ണടച്ചിരുട്ടാക്കാം.

    പ്രസക്തം ഈ എഴുത്ത്.

    ReplyDelete
    Replies
    1. ആഗ്രഹമുണ്ടാകും കുഞ്ഞേ... കാരണം ആഗ്രഹങ്ങളാണല്ലോ മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ ആഗ്രഹങ്ങള്‍ അവശ്യമോ അനാവശ്യമോ എന്നു തിരഞ്ഞെടുക്കുന്നതില്‍ പക്വത കാണിക്കണം എന്നുമാത്രം..!!
      നന്ദി ശിഹാബ്. ഇനിയും വരണംട്ടോ...

      Delete
  7. ദിവ്യ ആളങ്ങു മാറിയല്ലോ. വലിയ വലിയ കാര്യങ്ങൾ ആണല്ലോ ചർച്ച ചെയ്യുന്നത്. നന്നായി . പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്. പൊങ്ങച്ചം കാണിയ്ക്കുക അതാണ്‌ ഇന്ന് എല്ലാവരുടെയും അജണ്ട, അടുത്ത വീട്ടിലെ പയ്യന് ബൈക്ക് ഉണ്ടെങ്കിൽ നമ്മുടെ മോനും വേണം. ഇത്തരത്തിൽ ഉള്ള മാനസികാവസ്ഥ ആണ് കുഴപ്പത്തിൽ എത്തിയ്ക്കുനത്.

    ReplyDelete
    Replies
    1. ബിപിൻ സര്‍....
      മ്മള് പഴേ... മ്മള് തന്ന്യാണേ..,
      കുഞ്ഞുപിള്ളേര്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോകുന്നത് കാണുമ്പോള്‍ നെഞ്ചിൽ കൈവച്ചു പോകും.. അവര്‍ക്ക് അതിനുള്ള അവസരം കിട്ടിയിട്ടല്ലേ അങ്ങനെ ചെയ്യുന്നത്..
      അഭിപ്രായത്തിനു വളരെ നന്ദി..

      Delete
  8. വളരെ വലിയ ചര്‍ച്ച വേണ്ട വിഷയമാണിത്... കാരണം... നല്ലൊരു വിഭാഗം മാതപിതാക്കളും പടുമരണം വിലക്കുവാങ്ങി കൊടുക്കാന്‍ മത്സരിക്കുകയാണ്....മകന്‍റെ വണ്ടിക്കു വേഗം കൂടുതലാണെന്ന് ചില തെണ്ടി തന്തമാരോട് പറഞ്ഞാല്‍ .....തിരിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍....ഇവനേം കൊന്ന് നേരെ കണ്ണൂരിലേക്ക് പോയാലൊന്ന് തോന്നും...
    എന്തായാലും പ്രിയ മിത്രമേ....പോസ്റ്റ്.... വളരെ വലിയ ഉപകാരമുണ്ടാക്കട്ടെ....ആശംസകൾ

    ReplyDelete
    Replies
    1. വിനോദേട്ടാ നന്ദി....,
      എല്ലായിടത്തും ചര്‍ച്ചചെയ്യപ്പെടട്ടെയെന്ന് ഞാനും ആശിക്കുന്നു...

      Delete
  9. ലൈസൻസ് കിട്ടാതെ വണ്ടി വാങ്ങി കൊടുക്കുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാലിക പ്രസക്തമായ ലേഖനം.

    ReplyDelete
    Replies
    1. ഒരിക്കല്‍ കൂടി സ്വാഗതം കൊച്ചൂ...
      താങ്കളുടെ നിലപാടില്‍ എനിക്ക് സന്തോഷം തോന്നുന്നൂ.. ഇതുപോലെ ചിന്തിക്കുന്നവര്‍ ഇനൊയുമുണ്ടാകട്ടെ.!!
      നന്ദി... ഇനിയും ഇതുവഴി വരൂ...

      Delete
  10. പോസ്റ്റില്‍ കളിയുണ്ട് കാര്യമുണ്ട് . മക്കളുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാന്‍ യത്നിക്കുന്ന മാതാപിതാക്കള്‍ മിക്കവാറും ഇതുപോലെ ദുഖിക്കേണ്ടി വരുന്നത് കാണാം .
    ദൈവം രക്ഷിക്കട്ടെ .
    ഇവ്വിഷയത്തില്‍ പണ്ട് പണ്ട് ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു വേണേല്‍ ഇവിടെ അമര്‍ത്തി വായിക്കാം
    ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി ...
    - 'പ്രാസംഗികന്‍' അല്ല ' പ്രസംഗകന്‍' ആണ് ശരിയായ പ്രയോഗം .
    - ബ്ലോഗിലെ ഈ തത്തമ്മപച്ച കളര്‍ എന്നെപോലത്തെ വൃദ്ധര്‍ക്ക് കണ്ണിനു ആയാസമുണ്ടാക്കും .
    ആശംസകള്‍ !

    ReplyDelete
    Replies
    1. സ്വാഗതം ഇസ്മായിലിക്ക..
      തെറ്റുകൾ തിരുത്തിക്കോളാം.. കളറിന്‍റെ കാര്യം ഇതുവരെയും ആരും പറഞ്ഞില്ല്യ. പ്രകൃതിയുടെ നിറമായതുകൊണ്ടാണീ കളറിട്ടത്. കണ്ണിനു കുളിര്‍മയുണ്ടായിക്കോട്ടേന്നു വച്ചു.
      അത് പുലിവാലായോ..??
      അഭിപ്രായത്തിന് വളരെയധികം നന്ദി.. ഇനിയും ഇതു വഴി വരൂ...

      Delete
  11. കുറ്റക്കാര്‍ ഒരുപാട് പേരാണ്..
    ഓടിക്കാന്‍ പാകമെതും മുന്‍പ് വണ്ടി വാങ്ങി കൊടുക്കുന്ന വീട്ടുകാര്‍..
    വണ്ടിയോടും ഫാസ്റ്റ് ഡ്രൈവിങ്ങിനോടും കമ്പം തോന്നുന്ന കുട്ടികള്‍..
    ട്രാഫിക് നിയമങ്ങള്‍ പാലിക്കപെടാതെ പോകുന്ന അന്യവാഹന യാത്രക്കാര്‍...
    അതിനു കുട പിടിക്കുന്ന നിയമപാലകര്‍..
    റോഡിന്റെ കരാര്‍ പണിയില്‍ കൃത്രിമത്വം കാണിക്കുന്ന ഉദ്യോഗസ്ഥര്‍..
    ഒക്കെയും ഇതിലെ ഭാഗഭാക്കാണ്..

    ReplyDelete
    Replies
    1. സ്വാഗതം വിനീത്, പറഞ്ഞതിനോടെല്ലാം യോജിക്കുന്നു..
      നന്ദി.. വീണ്ടും വരൂ..

      Delete
  12. നന്നായിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് ടീനേജ് പ്രായക്കാരാണ്.

    ReplyDelete
    Replies
    1. കപ്പത്തണ്ടേ... ഹൃദ്യമായ സ്വാഗതം..
      താങ്കളുടെ ബ്ലോഗിലെ രചനകൾ കണ്ട് ഞാൻ അത്ഭുതപരതന്ത്രയായി..
      ഇത്രയും നല്ല പോസ്റ്റുകൾ ഉണ്ടായിട്ടും അവിടെ കമന്‍റില്ലാത്തത് എന്തോ സാങ്കേതിക പ്രശ്നമല്ലേ..??
      ഈ വരവിനും അഭിപ്രായത്തിനും നന്ദീട്ടോ... ഇനിയും പ്രതീക്ഷിക്കുന്നു..

      Delete
  13. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗു കൂടി സന്ദര്‍ശിക്കില്ലേ...ലിങ്ക്
    http://kappathand.blogspot.in/2015/04/blog-post_8.html

    ReplyDelete
  14. ചുറ്റിലും നടക്കുന്നു എന്നല്ല ,നമ്മളില്‍ത്തന്നെ നടക്കുന്നു എന്ന് പറയേണ്ട വിഷയം.. അവതരണരീതി പുതുമയുള്ളതായി.. അതുകൊണ്ട് തന്നെ ആരും ഒന്നു ചിന്തിച്ചു പോകും

    ReplyDelete
    Replies
    1. മുഹമ്മദ്ക്കാ നന്ദി..
      ഈ അവതരണരീതി ദൈവത്തിന്‍റേതാണ്. കാരണം രണ്ടും അനുഭവങ്ങൾ ആണ്. ഭാവന അക്ഷരങ്ങളില്‍ മാത്രേ പുരട്ടീട്ടുള്ളൂ...

      Delete



  15. അപക്വമായ ആവശ്യങ്ങളെ ,ആപല്ക്കരമായ വാഗ്ദാനങ്ങൾക്കൊണ്ട് തൃപ്തിപെടുത്തുന്നത് നമ്മുടെ പ്രോത്സാഹനരീതിയായിരിക്കുന്നു.



    നന്നായെഴുതി ദിവ്യാ .

    ReplyDelete
    Replies
    1. വഴിമരങ്ങള്‍ പറഞ്ഞത് ശരിയാണ്..
      നന്ദി.. ഇനിയും ഈ കല്ലോലിനിയിലേക്ക് ഇലകൾ പൊഴിക്കുക...

      Delete
  16. എനിക്ക് കല്ലോലിനിയുടെ ബ്ലോഗിൽ നേരിട്ട് എത്താൻ കഴിയുന്നില്ല. അതെന്താണെന്ന് മനസ്സിലാകുന്നില്ല. മറ്റൊരു ബ്ലോഗു വഴിയാണ് ഞാനെത്തിയത് . വളരെ നല്ല ഒരു സന്ദേശം കൂടി ഈ എഴുത്തിലൂടെ പറഞ്ഞിട്ടുണ്ട്. പക്വത എത്താത്ത പ്രായത്തിൽ കുട്ടികളുടെ വാശിയും അതിനു വഴങ്ങേണ്ടി വരുന്ന മാതാപിതാക്കളും പിന്നീട് ഓരോ വിപത്തിൽ ചെന്നു പെടുന്നതും. വളരെ നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി.. ഗീതച്ചേച്ചീ... പ്രശ്നമെന്താണെന്നു മനസ്സിലാവുന്നില്ലല്ലോ..??
      ബ്ലോഗ് ഫോളോ ചെയ്തു നോക്കൂ.. അല്ലെങ്കില്‍ സബ്സ്ക്രൈബ് ചെയ്തു നോക്കൂ... നോക്കിയിട്ട് പറയണേ..
      മെയിൽ അയച്ചാലും മതി.

      Delete
  17. നന്നായിട്ടുണ്ട് കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി.. ഷംസ്.....
      ഇടയ്കൊക്കെ ഇതിലേ വരുമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  18. വായിക്കാൻ താമസിച്ചു പോയി...വളരെ നന്നായി.പ്രസക്തമായ പോസ്റ്റ്‌.മക്കളോടുള്ള അമിത വാത്സല്യം കൊണ്ട് അവർക്ക് ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ തന്നെയാണ് ഒന്നാം പ്രതികൾ.പക്ഷേ കൂട്ടുകാരുടെ വണ്ടി കടം വാങ്ങി അപകടത്തിൽ പെടുന്നവരും കുറവല്ല.ഇക്കാര്യത്തിൽ സമഗ്രമായ ബോധവത്കരണം ആവശ്യമാണ്‌.
    സുന്ദരമായ എഴുത്തിൻറെ കല്ലോല്ലിനി അനുസ്യൂതം ഒഴുകട്ടെ.

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദിയുടെയൊരു കല്ലോലിനി അങ്ങോട്ടും ഒഴുക്കിവിട്ടിരിക്കുന്നു ജ്യുവല്‍..!! :-D

      Delete
  19. ശരിക്കും പ്രസക്തമായ കാര്യങ്ങൾ തന്നെയാണിത് കേട്ടൊ കല്ലോലിനി

    ReplyDelete
    Replies
    1. താങ്ക്സ് മുരളിയേട്ടാ.....

      Delete
  20. നന്നായിടുണ്ട് ......എഴുത്ത് തുടരുക

    ReplyDelete
    Replies
    1. തന്‍വി.... ഈ ഹൃദയകല്ലോലിനിയുടെ തണുപ്പിലേയ്ക്ക് സ്വാഗതം.!!
      നന്ദി... വീണ്ടും വരിക.!!

      Delete
  21. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......