പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.
തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.
കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.
ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.
ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..
വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.
കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..
"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."
അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.
ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!
വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!
കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!
ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.
"കടല്‍പ്പൂവ്"
പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!