Friday, 7 February 2020

മണൽക്കൊട്ടാരം



വളരെയധികം തിരക്കുള്ള ഒരു കടപ്പുറത്ത്, ഒട്ടേറെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഇടതടവില്ലാതെ , ഉല്ലസിച്ചും, പരസ്പരം കൈകോർത്തു കഥകൾ പറഞ്ഞും, ചിലർ അവനവന്റെ സ്വപ്നലോകത്ത് കടല കൊറിച്ചും , മറ്റു ചിലർ വിരഹത്താൽ കണ്ണീർ വാർത്തും, ഇനിയും ചിലർ വിഷാദത്തിന്റെ അർദ്ധ ബോധാവസ്ഥയിൽ സ്വയം മറന്നും,  നടക്കുകയും, ജീവിത പ്രാരാബ്ധങ്ങളറിയാത്ത കുട്ടികൾ ഓടിക്കളിക്കുകയും ചെയ്തു കൊണ്ടിരുന്നു ... അതിനിടയ്ക്ക് കരയോട് സല്ലപിക്കുന്ന തിരകൾ ഏറിയും കുറഞ്ഞും വന്നു പൊയ്ക്കൊണ്ടുമിരുന്നു ....

അത്രയും തിരക്കിനിടയിലിരുന്ന് അവൾ മണൽ കൊണ്ടൊരു കൊട്ടാരം ഉണ്ടാക്കുകയായിരുന്നു ... തന്നെത്തന്നെ ആത്മ സമർപ്പണം ചെയ്ത് അവൾ അതിനു മോടി കൂടിക്കൊണ്ടിരുന്നു.... അവളുടെ സന്തോഷം ആ കൊട്ടാരത്തിന്റെ ആത്മാവായിരുന്നു...  പക്ഷേ ... വളരെ തിരക്കിട്ട് ഇടയ്ക്കിടെ കടന്നു പോകുന്ന ആളുകൾ , ഓടിക്കളിക്കുന്ന കുട്ടികൾ, ഏറിയും കുറഞ്ഞും വരുന്ന തിരകൾ എല്ലാം അവളുടെയാ മോഹസൗധം തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നു ..... 
അതുകണ്ടവളുടെ നെഞ്ചു പൊള്ളി.....
 ഉള്ളിന്റെയുള്ളിൽ അലറിക്കരഞ്ഞു.... 
കണ്ണീർ വാർത്തുകൊണ്ട് അവൾ വീണ്ടും ആ കൊട്ടാരം പണിതുയർത്തി  കമനീയമാക്കാൻ പണിപ്പെട്ടുകൊണ്ടിരുന്നു .....

ചില നേരങ്ങളിൽ ഏറി വരുന്ന തിരകൾ അവളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്തിക്കൊണ്ട് പോയി ..... അവൾ പിന്നെയും നെഞ്ച് വിങ്ങിക്കൊണ്ടും , കണ്ണീർ വാർത്തുകൊണ്ടും ഒരു വിഡ്ഢിയെ പോലെ കൊട്ടാരം മെനഞ്ഞുകൊണ്ടിരുന്നു......

പകലൊഴിഞ്ഞു രാവു വന്നു... തിരകളപ്പോഴും ഏറിയും കുറഞ്ഞും വന്നു പോയ്‌കൊണ്ടിരുന്നു...... ഉള്ളു പൊള്ളയായ, അടിത്തറയ്ക്കുറപ്പില്ലാത്ത , കൊട്ടാരങ്ങൾ പണിത് പണിത് അവൾ അവശയായിട്ടുണ്ടായിരുന്നു.... 
വേഗം തകർന്നടിയുന്ന കൊട്ടാരങ്ങളിൽ അവൾ മോഹിച്ച, അവൾ തേടുന്ന  ആത്മാവില്ലെന്നുള്ള അറിവ് അവളെ വല്ലാതെ  തളർത്തിയിരുന്നു.... എങ്കിലും പിന്നെയും പിന്നെയും അവൾ കൊട്ടാരം പണിതുകൊണ്ടിരുന്നു.... 
ഒരുവേള ... നിരാശയുടെ ഉപ്പുകാറ്റിൽ ഒരു വലിയ തിര വന്നു തന്നെയും തന്റെ കൊട്ടാരത്തെയുമങ്ങു കൊണ്ടു പോയിരുന്നെങ്കിൽ എന്നവളാശിച്ചു...
പക്ഷേ പിന്നെയും ഒരു തിര പമ്മി പമ്മി വന്നു അടിത്തറ ഇളക്കിക്കൊണ്ട് പോയി..... അവളുടെ സൗധം പിന്നെയും വീണടിഞ്ഞു....

ആ അന്ധകാരത്തിൽ നിന്നുമവൾ  വീണ്ടും തപ്പിപ്പെറുക്കി മനോഹരമായൊരു കൊട്ടാരം കെട്ടിപ്പൊക്കി... ഇത്തവണ ആ കൊട്ടാരം ആർക്കും തകർക്കാൻ കൊടുക്കില്ലെന്നൊരു വാശിയോടെ അതിദ്രുതം അവളതിനെ മോടി പിടിപ്പിച്ചു... ആ ഇരുട്ടിലും അതിന്റെ കെട്ടും മട്ടും ആകാര ഭംഗിയും സങ്കല്പിച്ചു അർമാദം കൊണ്ടു.... പിന്നെയൊരുന്മാദിനിയെപ്പോലെ ആത്മാവില്ലാത്ത , അകം  പൊള്ളയായ സൗധവും വാരിയെടുത്ത് പിൻവാങ്ങുന്നൊരു തിരയിലേക്കവൾ പാഞ്ഞു പാഞ്ഞിറങ്ങിപ്പോയി..... 

അപ്പോഴും തിരക്കിട്ട് ചലിച്ചിരുന്ന കടപ്പുറത്തു നിന്നും ചിലരൊക്കെ അവളെ നോക്കി ഭ്രാന്തിയെന്നു സഹതപിച്ചു  കൊണ്ട് വീണ്ടും അവരുടെ തിരക്കുകളിലേക്ക് തിരികെപ്പോയി.... 

അന്തിമാനത്തിന്റെയങ്ങേയറ്റത്ത് കടലിൽ താഴ്ന്നു പോകുന്ന സൂര്യനെപ്പോലെ അവളും അവളുടെ മോഹക്കൊട്ടാരവും മാഞ്ഞു പോയി ....
           ----------*------========-----*-----------
Photo courtesy : Google

21 comments:

  1. അങ്ങിനെ ഉന്മാദിനിയായവൾ    
    മോഹക്കൊട്ടാരവുമായി കടലാഴങ്ങളിൽ ലയിച്ചു ...! 

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷം... നന്ദി.. സ്നേഹം....

      Delete
  2. ഹൃദയം കൊണ്ടു വായിച്ചു.. നമ്മളോരോരുത്തരും പണിതുയർത്തുന്ന സങ്കല്പം സൗധങ്ങൾക്ക് ഒരു തിരയിലൊടുങ്ങാനുള്ള ആയുസ്സേ ഉള്ളു. എന്നിട്ടും കുസൃതിയോടെ ഈ കളി തുടരാൻ മനസുള്ളവർ ഭാഗ്യവാൻമാർ..
    ഒത്തിരി സന്തോഷം ഈ കനലെഴുത്തു കണ്ടിട്ട്... ☺️❤️

    ReplyDelete
    Replies
    1. ഹൃദയം കൊണ്ടുള്ള തിരിച്ചറിവിന് ഒരുപാട് നന്ദി.!!! പകരം തരാൻ സ്നേഹം മാത്രം .!!

      Delete
  3. ആർത്തലക്കുന്ന തിരമാലകൾക്ക് അല്പം ദൂരെ.... അവക്ക് എത്തി നോക്കാൻ മാത്രം പറ്റുന്ന അകലത്തിൽ എന്തുകൊണ്ടവൾ കൊട്ടാരം പണിഞ്ഞില്ല?? ഉത്തരം തന്നേ മതിയാകൂ.... എങ്കിലും ഇന്നീ ഈ മണൽക്കൊട്ടാരം പണിഞ്ഞത് മുതൽ അന്തർദ്ധാനം ചെയ്ത കല്ലോലിനി വീണ്ടും ഉറവെടുത്തിരിക്കുന്നു... തുടരുക വറ്റാത്ത പ്രവാഹമായി... ❤️❤️

    ReplyDelete
    Replies
    1. ഈ ചോദ്യത്തിന്റെ ഉത്തരം തങ്കപ്പൻ ചേട്ടന്റെ കമെന്റിൽ ഉണ്ട് ട്ടോ ചോദ്യക്കുട്ടീ ....
      റൊമ്പ റൊമ്പ താങ്ക്സ് !!

      Delete
  4. കൊള്ളാം.
    മോഹ കൊട്ടാരം ഇനിയും കെട്ടിയുയർത്തട്ടെ

    ReplyDelete
    Replies
    1. വായിച്ചതിനും നല്ല അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷം... നന്ദി.. സ്നേഹം....

      Delete
  5. പമ്മിപ്പമ്മിവന്ന തിരകൾ തകർക്കുമെങ്കിലും മോഹാസൗധങ്ങൾ നമുക്ക് കെട്ടിപ്പൊക്കാതിരിക്കാനാകില്ലല്ലോ...

    ആദ്യഭാഗത്ത് 'മോഹം സൗധം' എന്നുകാണുന്നു. 'മോഹസൗധം' അല്ലെ ശരി?

    ReplyDelete
    Replies
    1. ആവില്ല പക്ഷേ ... തുടരെ തുടരെ തിരിച്ചടികൾ കിട്ടുമ്പോൾ മനസ്സ് മരവിച്ചു പോകും ...
      മോഹസൗധം തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് . കീബോർഡ് ചതിച്ചു .
      വായനക്കും തെറ്റ് ചൂണ്ടിക്കാണിച്ചതിനും നന്ദി ..

      Delete
  6. ഒരു തിര, ഭൂമിയുടെ ഒരു ഉന്മാദം, മഴയുടെ ഒരു കുറുമ്പ് അതിൽ തീരുന്ന സൗധങ്ങൾ..മോഹങ്ങൾ എന്നത് യാഥാര്ഥ്യം. അതോർത്ത് ഒരു മോഹവും അടക്കി പിടിക്കാണവാത്ത നമ്മളും..
    ബന്ധങ്ങളും സ്നേഹങ്ങളും തിരയെടുത്ത് പോകാതിരിക്കട്ടെ..
    അവ ആത്മാവില്ലാത്തവ ആകാതിരികട്ടെ, അതിനോളം വലിയ നിർഭാഗ്യമെന്തുണ്ട്?
    കടലോളം ആഴത്തിൽ, സ്നേഹത്തിന്റെ പരിരക്ഷയാൽ, മനസ്സിലാക്കലിന്റെ മോടിയിൽ തിളങ്ങട്ടെ

    ReplyDelete
    Replies
    1. എപ്പോഴാണ് തട്ടിത്തെറിപ്പിക്കുകയെന്നറിയില്ലെങ്കിലും.. ഇങ്ങനൊക്കെ വീണ്ടും നമുക്ക് മോഹിക്കാം അല്ലേ ചേച്ചീ ...
      വായനയ്ക്കും ആശംസയ്ക്കും നന്ദി .!!

      Delete
  7. ഹാ! ജീവിതം...
    ജീവിതക്കാലയളവിനുള്ളിൽ മോഹങ്ങളും,സ്വപ്നങ്ങളും കൊണ്ടു ത്തീർത്ത മണൽക്കൊട്ടാരങ്ങൾ തകരുകയും തകർക്കപ്പെടുകയും ചെയ്യുമ്പോഴും ഹതാശരാകാതെ ആത്മവീര്യത്തോടെ വീണ്ടും പൊള്ളയായ സൗധം തീർത്ത് സങ്കല്പ'വി'മാനത്തിലേറി ശൂന്യതയിൽ വിലയം പ്രാപിക്കുന്നവർ...
    ആശംസകൾ

    ReplyDelete
    Replies
    1. ജീവിതം ഒരു വല്ലാത്ത പ്രഹേളിക തന്നെയല്ലേ ..
      നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  8. ഇതിനെ രണ്ടു രീതിക്ക് കാണാം എന്ന് തോന്നുന്നു. മനസ്സിൽ കെട്ടിപൊക്കിയ സ്വപ്നങ്ങളെയും ആഗ്രഹങ്ങളേയും എല്ലാം നഷ്ടപ്പെടുന്നതായും, വീണ്ടെടുക്കാൻ ശ്രമിക്കുന്നതും, അലെങ്കിൽ
    ഒരു ഭ്രാന്തിയുടെ ഭ്രാന്തുകളായും ഒക്കെ കാണാൻ സാധിക്കുന്നു.
    വായനക്കാരന്റെ ചെറിയ ബുദ്ധിക്കനുസരിച്ച് മനസ്സിൽ കാണാൻ കഴിഞ്ഞത് പറഞ്ഞന്നേ ഉള്ളുട്ടോ.

    ഏത് തരത്തിൽ കാണുന്നതാവും ശരി?

    നല്ല എഴുത്ത്.
    ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. ആദീ...
      എങ്ങനെ വേണമെങ്കിലും കാണാം ...
      എത്ര ശ്രമിച്ചിട്ടും പിന്നെയും പിന്നെയും പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന നിരാശ സമനില തെറ്റിക്കുന്ന മനസ്സ് എന്നതാണ് ഞാൻ ഉദ്ദേശിച്ചത് .

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷം... നന്ദി.. സ്നേഹം....

      Delete
  9. നല്ല സാഹിത്യം . നല്ല എഴുത്ത് . ഏറെ ഇഷ്ടം ദിവ്യാ ... ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷം... നന്ദി.. സ്നേഹം....

      Delete
  10. കാലത്തിനു പുറത്തു നിന്നു നോക്കുമ്പോൾ അവൾ സ്വയം മാഞ്ഞുപോയതല്ല, ആരോ മായ്ച്ചുകളഞ്ഞതാണ്.

    ReplyDelete
    Replies
    1. അതേ... അങ്ങനെയും പറയാം ...
      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷം... നന്ദി.. സ്നേഹം....

      Delete
  11. ഒരു തിരയിലും തകരാത്ത അടിത്തറയിൽ കൊട്ടാരം പണിയുക ദിവ്യമേ. ആത്മാവും,ജീവനും,ചൈതന്യവുമുള്ള, കാണുന്നവരുടെ സ്വപ്നങ്ങളിൽ പോലും നിറയുന്ന കൊട്ടാരം.ഒരു നഷ്ടത്തിലും ഉന്മാദത്തെ പ്രണയിക്കാതിരിക്കുക.സലാം

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......