Wednesday, 20 May 2015

തീര്‍ത്ഥയാത്ര


ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!

40 comments:

  1. മനസ്സാക്ഷിയാണ് പാപനാശിനി...
    അതിൽ മുങ്ങിനിവരാം!
    മനസ്സാണ് ശ്രീകോവിൽ..
    അതിൽ ഈശ്വരനെ കുടിയിരുത്താം!
    നല്ല വരികൾ!

    ReplyDelete
    Replies
    1. ഇത്തവണയും ആദ്യ കമന്‍റിനുള്ള ഒരു ഡോസ് കൂടിയ നന്ദി ഡോക്ടറുകുട്ടിക്ക് തന്നെ!!

      Delete
    2. ജ്യൂവൽ!!! സമ്മതിക്കുന്നു...വളരെയധികം ബ്ളോഗുകളിൽ ഇപ്പോള്‍ ഡോക്ടറുടെ അഭിപ്രായം കാണാറുണ്ട്...

      ഇങ്ങനെ തന്നെ ആയിരുന്നാൽ നല്ലതാണ് .....

      Delete
    3. ഇപ്പോഴാണ് ബ്ലോഗ് വായനയിൽ ശരിക്കും സജീവമാകുന്നത് സുധീ ..വായന തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

      Delete
  2. ശ്യാമളയെ ഓര്‍ത്തു പോകുന്നു.
    തേടുന്നത് ഉറവിടം തന്നെയെന്ന തിരിച്ചറിവ് യാത്രയുടെ ഗതിയെ തന്നെ മാറ്റും...ഗദ്യത്തിനും പദ്യത്തിനുമിടക്കുള്ള മനോഹരമായ ഒരു രചനാ പ്രദേശം ദിവ്യ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി വഴിമരങ്ങള്‍.!!
      ഹൊ.. ആ ശബരിമലക്കു പോക്ക് ഒരൊന്നൊന്നര പോക്ക് തന്നെല്ലേ...

      Delete
  3. കടമകള്‍ ചെയ്തു തീര്‍ത്തവര്‍ക്കാണ് തീര്‍ത്ഥാടനം മോക്ഷപ്രാപതി എന്നിവ വിധിച്ചിട്ടുള്ളത്...... അല്ലാത്തവര്‍ ....നടത്തുന്നത് ഒളിച്ചോട്ടമാണ് താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും.... കൂര്‍ത്ത മുള്ളുകളുള്ള ജീവിത വഴിയിൽ നിന്നുമുള്ള ഒളിച്ചോട്ടം.....ഏതായാലും കവിതയിലെങ്കിലും സ്വയം തിരിച്ചറിഞ്ഞ് തിരിച്ചു വരുന്നത് ആശ്വാസത്തിന് വക നല്‍കുന്നു നന്നായി എഴുതി ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി വിനോദേട്ടാ....
      കടമകള്‍ ചെയ്തു തീര്‍ക്കുന്നത് തന്നെയാണ് മോക്ഷപ്രാപ്തി.!
      ഇവിടെക്കിടന്ന് അനുഭവിക്കന്നെ. വേറെ രക്ഷയൊന്നൂല്ല്യാട്ടോ..!! :-D

      Delete
  4. ഒരു തിരിച്ചറിവും ഒപ്പമുള്ള തിരിച്ചുവരവും അല്ലേ.. ആശംസകൾ. ഞാൻ ഇവിടെ വന്നിട്ട് കുറച്ചായി. ഇവിടെയെന്നല്ല എവിടെയും എഴുതിയിട്ടും വായിച്ചിട്ടും കുറച്ചായി. ഇനിയും വരാം :)

    ReplyDelete
    Replies
    1. വന്നേ തീരൂ.. കുഞ്ഞുറുമ്പേ...
      കുഞ്ഞുറുമ്പ് തിരക്കിലാണെന്നെനിക്കറിയാമായിരുന്നു.
      വന്നല്ലോ.. സന്തോഷം. നന്ദി.!!

      Delete
  5. ലളിതസുന്ദരമായ വരികള്‍
    ജീവിതപ്രാരാംബ്ദങ്ങളില്‍നിന്ന് ഒളിച്ചോടുന്നവര്‍ക്ക് അവസാന ഗതി തിരിച്ചുവരവുത്തന്നെ.......
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ സര്‍, ഒത്തിരിസന്തോഷം.!! നന്ദി...!!

      Delete
  6. നന്നായിരിക്കുന്നു. ഗദ്യകവിതയിൽ, ഇടയ്ക്കിടെ പദ്യരീതിയിൽ പെടേണ്ടവ ഒഴിവാക്കാൻ നോക്കുക (ഏറ്റുപറഞ്ഞിടുമ്പോള്‍... ജപിച്ചിടുമ്പോള്‍... മുതലായവ). അതാണ്‌ ഭംഗി. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ ജീ.. നന്ദി.. അഭിപ്രായത്തിനും ഉപദേശത്തിനും...
      ഇനി ശ്രദ്ധിക്കാമേ...!!

      Delete
  7. മോക്ഷ പ്രാപ്തിയിലെയ്ക്കുള്ള ശരിയായ പ്രയാണം ആ തിരിച്ചു പോക്ക്. സത്യത്തിൽ ആർക്കും മോക്ഷമില്ല. ജീവിതം ജീവിച്ചു തീർക്കണം. അതിനിടയിൽ സ്വയം വിട്ടു പോകാം എന്നൊരു സ്വാതന്ത്ര്യം ഉണ്ടെന്നു മാത്രം. അപ്പോൾ അത് വരെ ആയിരുന്നു ജീവിതം എന്ന് വ്യാഖ്യാനിയ്ക്കാം.

    വഞ്ചനയുടെ നിഴൽ വീണു കരി പിടിച്ച മുഖം - അർത്ഥം അത്ര വ്യക്തമല്ല. ആരുടെ വഞ്ചന? അലയുന്നു മോക്ഷ പ്രാപ്തിയ്ക്കായ് ക്ഷേത്രാങ്കണങ്ങളിൽ എന്നത് അവിടെ യോജിയ്ക്കുന്നില്ല. അതിനു മുൻപ് മനസ്സിലാക്കിയല്ലോ മിഥ്യ ആണെന്ന്.

    നന്നായി എഴുതി. നല്ല കൊച്ചു കഥ.

    ReplyDelete
    Replies
    1. ബിപിൻ സര്‍, വിശദമായ വിശകലനത്തിനു നന്ദി.
      എന്തിന്‍റെ പേരിലായാലും, ജീവിതകാലം മുഴുവൻ പോറ്റേണ്ട ഭാര്യയെ സകലമാന കടങ്ങളുടെയും ബാധ്യതകളുടെയും നടുവിൽ ഉപേക്ഷിച്ചു പോകുന്നതിനെയാണ് "വഞ്ചന" എന്നുദ്ദേശിച്ചത്.
      എന്‍റെ എളിയ വരികളാല്‍ അര്‍ത്ഥം വ്യക്തമാക്കിത്തരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
      അലയുന്നു ക്ഷേത്രാങ്കണങ്ങളില്‍ എന്നു പറഞ്ഞത്, കഥാനായകൻ സത്യം തിരിച്ചറിഞ്ഞുടനേ തിരിച്ചു പോരുന്നില്ല. കുറേക്കൂടി അലഞ്ഞതിനു ശേഷമാണ് തിരികെ പോരുക എന്ന തീരുമാനത്തിലെത്തുന്നത്.
      വായനക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി.

      Delete
  8. ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി ,ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് പാപനാശിനികളിൽ മുങ്ങിയാൽ പാപങ്ങൾ മാറുമെന്ന പാഴ്സങ്കല്പത്തെ കവയിത്രി ഇവിടെ പരിഹസിച്ചിരിക്കുന്നത് ഇഷ്ടമായി.
    കടമകൾ മറന്ന് മഹാക്ഷേത്രങ്ങളും,പുണ്യനദികളും അന്വേഷിച്ച് നടക്കുന്നയാളെ വിടാതെ പിന്തുടരുന്ന ദയനീയ മുഖം പുറകോട്ട് വലിക്കുന്നു..എന്നാലും തിരിച്ച് വരുന്നത് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാനല്ല,പൊന്നോമനയുടെ മുഖം കാണാൻ മാത്രമാണല്ലോ.ന്യായീകരണമില്ല.

    നല്ല കവിത.......


    ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...//////
    ജീവിക്കാൻ ത്രാണിയില്ലാതെ ഒളിച്ചോടിയ ആൾ മിഥ്യ ലക്ഷ്യം വെച്ചാണോ അങ്ങനെ ചെയ്തത്?ഇടക്ക് വെച്ച് തിരിച്ചറിയുന്നതല്ലേ?അപ്പോൾ ലക്ഷ്യത്തിനു പകരം മറ്റൊരു വാക്കുപയോഗിക്കാം...((((ചുമ്മാ പറഞ്ഞതാ...നല്ല കവിത.**ഒരു കവിത വായ്പ തരണം.പിന്നെ തിരിച്ചു തരാം.ആകെ എഴുതിയ ഒരേ ഒരു കവിത ശ്രീജ എൻ എസിന്റെ ബ്ലോഗിൽ കമന്റായി ഇട്ടു....))))

    ReplyDelete
    Replies
    1. തിരിച്ച് വരുന്നത് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാന്‍ തന്നെയാണ് സുധീ..,

      അത്രയും ദുരിതങ്ങളിലേക്ക് തിരിച്ചു വരുമ്പോള്‍.. ആകെയുള്ള ഒരാശ്വാസമാണ് കുഞ്ഞ്. അതുകൊണ്ടാണ് അങ്ങനെയെഴുതിയത്.
      "മാത്രമാണ്",എന്നു ഞാൻ എഴുതീട്ടില്ല്യാലോ സുഹൃത്തേ...
      ലക്ഷ്യം വച്ചത് മോക്ഷമാണ്, ജീവിത ദുരിതങ്ങളില്‍ നിന്നൊരു വിടുതല്‍. ആ ലക്ഷ്യത്തിലേക്കുള്ള വഴിയാണ് പിഴച്ചത്. ലക്ഷ്യം വച്ച കാര്യമല്ല. അപ്പൊപ്പിന്നെ അവിടെ വേറെന്താ ഉപയോഗിയ്ക്കാ..???
      അറിഞ്ഞൂടല്ലോ.....
      ചുമ്മാ പറഞ്ഞഭിപ്രായത്തിനും ഉപദേശങ്ങള്‍ക്കും ആസ്വാദനത്തിനുമെല്ലാം നന്ദി....

      Delete
  9. Replies
    1. നന്ദി മുഹമ്മദ്ക്കാ....

      Delete
  10. ഞാനും ഓർത്തു ശ്യാമള ചേച്ചിയെയും വിജയേട്ടനെയും :)

    ReplyDelete
    Replies
    1. ഈ നായകന് വിജയന്‍റെ അത്ര മടിയൊന്നുമില്ല കൊച്ചൂ....
      അങ്ങേരെക്കൊണ്ടാവാഞ്ഞിട്ടാണ്...
      നന്ദി. വീണ്ടും വരൂട്ട്വോ....

      Delete
  11. എനിക്കും ഇവരെത്തന്നെയാണ് ഓർമ്മ വന്നത്. ശ്യാമളയെയും,വിജയനെയും.
    കല്ലോലിനീ കഥ പിന്നെ കവിത എല്ലാം നന്നായി തന്നെ കവയിത്രി കൈകാര്യം ചെയ്യുന്നു. എന്റെ എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി ഗീതച്ചേച്ചീ.....
      ഉത്തരവാദിത്വങ്ങളില്‍ നിന്നുമൊളിച്ചോടിയത് പരിശ്രമിച്ചു പരാജിതനായിട്ടാണ്. അങ്ങനെയൊരു വരി ചേർക്കാതിരുന്നതെന്‍റെ ന്യൂനതയായി മനസ്സിലാക്കുന്നു. ഇനി ശ്രദ്ധിക്കാം..

      Delete
  12. ഒരു തീർത്ഥ യാത്രപോലെ മനോഹരം

    ReplyDelete
    Replies
    1. കപ്പത്തണ്ടേ.... നന്ദി.
      പുതിയ പോസ്റ്റിടുമ്പോള്‍ ലിങ്ക് ഒന്നു മെയിൽ ചെയ്തേക്കണേ..
      Eagerly waiting for ur posts..

      Delete
  13. പല വാക്കുകളെയും മനുഷ്യര്‍ ഉപയോഗിക്കുന്നത് സ്വയം ചെയ്യുന്ന തെറ്റുകളെ ന്യായികാരിക്കനാണ്. തീര്‍ത്ഥയാത്ര എന്ന പേരും ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഉചിതമായിരിക്കുന്നു.
    കവിത ഇഷ്ടായി.

    ReplyDelete
    Replies
    1. റാംജി സാര്‍... അപ്രതീക്ഷിതമായ ഈവിരുന്ന് അത്യധികം സന്തോഷിപ്പിക്കുന്നു... ഹൃദയം നിറഞ്ഞ സ്വാഗതം.!!
      ഈ കല്ലോലിനിയുടെ ഓളങ്ങളില്‍ ഇനി അങ്ങയുടെയും കയ്യൊപ്പ് പ്രതീക്ഷിക്കുന്നു...
      ബൂലോഗത്തിലെ ഏറ്റവും സന്തോഷിപ്പിക്കുന്ന സംഗതി മുതിർന്നവർ ഇളയവര്‍ക്കു നല്‍കുന്ന സ്നേഹവും പ്രോത്സാഹനവുമാണ്.
      നന്ദി... വരവിനും അഭിപ്രായത്തിനും..!!

      Delete
  14. "ഒരു മടക്കയാത്ര..
    നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
    എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
    വേദനയെങ്കിലുമതുമതി.!
    മതിയീ തീര്‍ത്ഥയാത്ര.!!!"- മനോഹരമായ വരികൾ സുഹൃത്തെ!! അനുയോജ്യമായൊരു തലക്കെട്ടും..ആശംസകൾ!!

    ReplyDelete
    Replies
    1. നമസ്കാരം രാജാവേ....
      അവിടുന്ന് ഇവിടുത്തേയ്ക്ക് ആദ്യമായി എഴുന്നള്ളുകയാണല്ലോ..
      അതിയായ സന്തോഷം.. നന്ദി...
      ഇടയ്ക്കിടെ ക്ഷേമം അന്വേഷിക്കാനിറങ്ങണേ....

      Delete
  15. സഫലമാകട്ടെ എല്ലാ ജീവിത യാത്രാ ലക്ഷ്യങ്ങളും....

    ReplyDelete
    Replies
    1. ഷഹീം....
      സ്വാഗതം.!!!, നന്ദി!!!
      വീണ്ടും വരൂ.....

      Delete
  16. ആ മടക്കം നല്ലതിനാകട്ടെ...
    നല്ല കവിത..
    ആശംസകൾ

    ReplyDelete
    Replies
    1. കുഞ്ഞോനേ.....
      സ്നേഹം നിറഞ്ഞ നന്ദി...

      Delete
  17. നല്ല കവിത. മടങ്ങിയത് നല്ലതുതന്നെ.
    ഒരു മടക്കയാത്ര..
    നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
    എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
    വേദനയെങ്കിലുമതുമതി.!
    മതിയീ തീര്‍ത്ഥയാത്ര.!!!

    ReplyDelete
    Replies
    1. കുസുമം ചേച്ചീ... സ്വാഗതം..
      ഇവിടെ വന്നതിനും രണ്ട് വാക്ക് കോറിയിട്ടതിനും നന്ദി.... ഒരുപാട് സന്തോഷം..!!

      Delete
  18. നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
    എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
    വേദനയെങ്കിലുമതുമതി.! മതിയീ തീര്‍ത്ഥയാത്ര.!!!

    ReplyDelete
    Replies
    1. മുരളിയേട്ടാ, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുന്ന, മുരളിയേട്ടന്‍റെ ബ്ലോഗ് വായിക്കുന്ന ട്രിക്ക് ഞാനും ഇപ്പോള്‍ ഇടയ്ക്ക് പയറ്റി നോക്കാറുണ്ട്..
      ഈ വരവിനും പ്രോത്സാഹനത്തിനും നന്ദി..

      Delete
  19. തീർത്ഥയാത്ര പാപം പേറി കൊണ്ടല്ല...
    പാപം കഴുകി കളഞ്ഞ ഹൃദയത്തിനാണ്...
    ആദ്യം ഉണ്ടാവേണ്ടത് തിരിച്ചറിവ് തന്നെയാണ്...
    ഭാവുങ്ങൾ, നന്നായിരിക്കുന്നു

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......