സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.
ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.
നിര്‍ഭാഗ്യവതിയായ സെലീന.!
എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!
സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.
ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.
രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..
ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.
വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.
ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.
ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.
തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.
അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???
ഇല്ല.
ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.
സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം. അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!
ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.
വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.
കണ്ടുമടുത്തു സെലീനയ്ക്ക്.!
കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.
പക്ഷേ..
അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.
അവരെപ്പറ്റി ഓര്‍ക്കാറില്ല.!
സഹതപിക്കാറില്ല.!
പാശ്ചാത്തപിക്കാറില്ല!.
അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..
വെറുപ്പ്.!!
റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.
സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!
വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.
വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!
മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!
ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!
അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!
ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!
ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.
അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!
സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!
**** **** ****
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.