Pages

Thursday, 7 May 2020

എട്ടാംക്‌ളാസ്സുകാരിയുടെ പെണ്ണ് കാണൽ

"അഅആ.... ഇബടെ ദ് വരെ  പൊറപ്പാടൊന്നും കഴിഞ്ഞില്ല്യേ....." ചോദ്യം കേട്ട് നിലത്തു കുത്തിയിരുന്ന് അമ്മായിയുടെ സാരിയുടെ ഞൊറി ശരിയാക്കി കൊടുക്കുകയായിരുന്ന അവൾ തലയുയർത്തി നോക്കി.
"വണ്ടി വന്നൂട്ടോ...." അന്വേഷിച്ചു വന്നയാൾ അറിയിച്ചു .
"ദാ കഴിഞ്ഞു... എറങ്ങായി..." അമ്മായിയുടെ മറുപടി. 
പിന്നെ അധികം താമസിയാതെ  അമ്മായിയും അവളും അമ്മയും സഹോദരങ്ങളും പിന്നെ പെണ്ണ് കാണാൻ പോകാനായി വന്നു ചേർന്ന മറ്റു ബന്ധുക്കളും എല്ലാരും കൂടി വീട്ടിൽ നിന്നിറങ്ങി. റോഡരികിലാണ് വാഹനം നിൽക്കുന്നത്. ഇടവഴിയിലൂടെ നടന്നു പാടവരമ്പും കഴിഞ്ഞു വേണം അവിടെയെത്താൻ. എല്ലാവരും അങ്ങോട്ട്‌ നടന്നു. അവൾ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഏട്ടന്റെ പെണ്ണ് വീട് കാണാൻ പോകൽ ആണിന്ന്. ഏട്ടൻ എന്ന് പറഞ്ഞാൽ അമ്മായിയുടെ (അച്ഛന്റെ പെങ്ങളുടെ ) മകനാണ്, എങ്കിലും അവൾക്ക് സ്വന്തം ഏട്ടൻ തന്നെയാണ് ഒരേ വയറ്റിൽ പിറന്നില്ലെന്നുള്ളത് മാത്രമേ അതിനൊരു അപവാദം ആയിട്ടുള്ളൂ...

പെണ്ണിനെ ഏട്ടനും കൂട്ടുകാരും ദല്ലാളെയും കൂട്ടി പോയി കണ്ടതാണ്. ഇഷ്ടപ്പെട്ടു  എന്ന് പറഞ്ഞതുകൊണ്ട് ബാക്കി വീട്ടുകാരും അടുത്ത ബന്ധുക്കളും പോയിക്കാണുന്ന ചടങ്ങാണ് ഇന്ന് . ഏട്ടന് ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല്യ. ബാക്കിയുള്ളവർ പോയി പെണ്ണിനേയും വീടും പരിസരവും കണ്ട് അളന്നും തൂക്കിയും ഹരിച്ചും ഗുണിച്ചും നോക്കിയിട്ടേ ഒരു തീരുമാനമാകൂ..
ഏട്ടനങ്ങനെ വല്ല്യ ഡിമാന്റുകൾ ഒന്നുമില്ല.
"ഓനതിന് പെണ്ണിന്റെ മോത്തിക്ക് നോക്കീട്ടു വേണ്ടേ..." എന്നാണ് കൂടെപ്പോകാറുള്ള മറ്റൊരു ഏട്ടൻ , ഏട്ടന്റെ പെണ്ണുകാണാൻ പോക്കിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ മുന്നേ ഏട്ടനിഷ്ടപ്പെട്ടു എന്ന് പറഞ്ഞു വീട്ടുകാരും ബന്ധുക്കളും കൂടി കാണാൻ പോയിട്ട് ആർക്കും ഇഷ്ടപ്പെടാതെ പോന്ന അനുഭവങ്ങളുമുണ്ട്. അന്നൊന്നും അവൾ പോയിട്ടില്ല, ഇപ്രാവശ്യം അവളും പോകുന്നുണ്ട്. അല്ലെങ്കിലും ഏട്ത്ത്യമ്മയാകാൻ പോണ പെണ്ണിനെ അവൾക്കും കാണണ്ടേ..? 'ഇപ്പ്രാവശ്യങ്കിലും ശര്യായാ മത്യാർന്നു... " അവൾ വിചാരിച്ചു.
ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചാലും ഒരു പത്തുമുപ്പതു പേരെങ്കിലും ഉണ്ടാകും. എല്ലാവരെയും രണ്ടു വലിയ ജീപ്പുകളിലായി അഡ്ജസ്റ്റ് ചെയ്തു കേറ്റി, വണ്ടികൾ പുറപ്പെട്ടു. ഏകദേശം പറഞ്ഞ സമയത്ത് തന്നെ പെണ്ണിന്റെ വീടിനടുത്തു എത്തി. റോഡരികിലേക്ക് ചേർത്ത് വണ്ടികൾ നിർത്തി. പെണ്ണിന്റെ വീട് കാണാനുള്ള ആകാംക്ഷയോടെ എല്ലാവരും ഇറങ്ങി പരിസരവീക്ഷണം തുടങ്ങി. സമീപത്തായി ഒരു പഞ്ചായത്ത്‌ കിണർ കണ്ടു.
"വെള്ളണ്ടോ ആവോ..?" ഒന്ന് രണ്ടാള്  പോയി അതിലേക്ക് എത്തി നോക്കി.  അവളും പോയി എത്തി നോക്കി . അല്ലെങ്കിലും എവിടെ കിണർ കണ്ടാലും പോയി എത്തി നോക്കുക എന്നത് അവളുടെ ഒരു ശീലമാണ്. എന്താന്നറിയില്ല... അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു സമാധാനല്യ.
അവൾക്ക് മാത്രല്ല വേറെ പലർക്കും ആ സൂക്കേട് ഉണ്ട് എന്നവൾക്ക് അറിയാം. 

ബസ്‌ റൂട്ടുള്ള റോഡ് ആണ്. ആ ടാറിട്ട റോഡിൽ നിന്ന് അകത്തേക്ക് വഴി തിരിഞ്ഞു പോകുന്ന ഒരു ചെമ്മൺ റോഡുള്ള ഒരു കൊച്ചു മുക്കവലയായിരുന്നു അത്. ഒന്നു രണ്ടു കടകളും ഒരു ബസ്‌ സ്റ്റോപ്പുമുണ്ട്.
"ദാ ആ കാണണതാണ്  വീട് ട്ട്വോ ... " കാരണവന്മാരിൽ ഒരാളും ദല്ലാളും കൂടിയായ  അയ്യപ്പേട്ടൻ വീട്  ലക്ഷ്യമാക്കി  റോഡ് മുറിച്ചു കടന്നു. കൂടെ മറ്റുള്ളവരും അനുഗമിച്ചു. ഒരു പഞ്ചായത്ത്‌ ഓഫീസ് ആണ് അവൾ ആദ്യം കണ്ടത്.അതിനു മുന്നിൽ ഒരു ചെറിയ ചായക്കട. ഓഫിസിന്റെ വലത് വശത്തു ചെമ്മൺ റോഡ്, ഇടത് വശത്തു ഒരു വീട്. ലക്ഷം വീട് മാതൃകയിൽ ഉള്ള നീണ്ട ഒരു വീട്. വീടിനെ രണ്ടായി പകുക്കുന്ന, മോന്തായം മുട്ടുന്ന ഒരു  നീളൻ ചുമരും, ചുമരിൻറെ  രണ്ടു വശത്തേക്കും  ചായ്‌വും ഉള്ള വീട്. അതിന്റെ ഒരു ചായ്‌വിൽ ഒരു കുടുംബവും മറു ചായ്‌വിൽ മറ്റൊരു കുടുംബവും താമസിക്കും. അവൾ ആദ്യമായാണ് അങ്ങനെ ഉള്ള  ഒരു വീട്ടിൽ പോകുന്നത്. വീടിനു മുന്നിൽ കുറച്ചു സ്ഥലം ഉണ്ട് . മുറ്റവും തൊടിയും തൊടിയുടെ നടുവിലൂടെ മുറ്റത്തേക്ക് കയറിച്ചെല്ലാൻ ഉള്ള വഴിയും.  റോഡ് നിരപ്പിൽ നിന്നും ഉയർന്നാണ് വീടിരിക്കുന്ന സ്ഥലം. കയറിച്ചെല്ലാൻ  മണ്ണ് കൊണ്ടുണ്ടാക്കി ചാണകം മെഴുകിയ നാലഞ്ച് പടികളുണ്ട്. നടപ്പാതയുടെ ഇരു വശത്തും നാലുമണി ചെടികളും മറ്റും  ഉണ്ടായിരുന്നു. തൊടിയിൽ ഏതാനും ചില ചെറിയ മരങ്ങളും അലക്കു കല്ലും മറ്റും. മുറ്റത്തിട്ട കസേരയിലും തൊടിയിലും ഒക്കെയായി ചെന്ന ആളുകൾ ഇരിക്കുകയും നിൽക്കുകയും ഒക്കെ ചെയ്തു. അവൾ തൊടിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആണ് നിന്നത്.
"ദ് പേരയാണല്ലോ... പേരയ്ക്കണ്ടാവ്വോ.. " അനിയേട്ടൻ തൊടിയിലെ പേരമരത്തിൽ പിടിച്ചു മുകളിലേക്ക് നോക്കി. അവളും നോക്കി. അനിയേട്ടൻ അവളുടെ ചെറിയ ഏട്ടനാണ്.അച്ഛന്റെ ജ്യേഷ്ഠന്റെ  മക്കളിൽ ഒരാൾ. "ഒക്ക പച്ചയാ..." ഒരു കമ്പ് എത്തിപ്പിടിച്ചു ചില പേരയ്ക്കകൾ പൊട്ടിച്ചെടുത്തുകൊണ്ട് അനിയേട്ടൻ പറഞ്ഞു. "ന്നാ തിന്നോ.." അവൾക്കും ഒരെണ്ണം കൊടുത്തു. അവൾക്കിഷ്ടമാണ് ഇളം പേരയ്ക്ക തിന്നാൻ. അവൾ സന്തോഷത്തോടെ അത് വാങ്ങി കടിച്ചു തിന്നു. 
ഇതേ സമയം മുറ്റത്തു ആതിഥ്യ മര്യാദകൾ നടന്നു കൊണ്ടിരുന്നു. "ന്നാ കുട്ട്യേ വിളിയ്ക്കല്ലേ.. " കരണവന്മാരിലാരുടെയോ സ്വരം ഉയർന്നത് കേട്ട് അവളുടെ ശ്രദ്ധ മുറ്റത്തേക്ക് നീണ്ടു. സദസ്സിലെ ആവശ്യം മാനിച്ചു പെൺകുട്ടിയെ  വിളിയ്ക്കപ്പെട്ടു.  താഴ്ന്ന ഇറയത്തു നിന്നിരുന്ന ആളുകൾക്ക് പിന്നിൽ നിന്നും പെൺകുട്ടി മുറ്റത്തേക്ക് ഇറങ്ങി വന്നു നിന്നു . ഒരു പത്തിരുപത്തിനാല് വയസ്സുണ്ടാകും... വെള്ള നീളൻ പാവാടയും ബ്ലൗസും അണിഞ്ഞു നാണവും ചമ്മലും ഇടകലർന്ന് മുഖത്ത് നിറഞ്ഞ ചിരിയുമായി പെൺകുട്ടി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നിന്നു. വട്ടമുഖവും ചുരുണ്ട മുടിയും ഗോതമ്പിന്റെ  നിറവും. 'ഉം... പെണ്ണിനെ കാണാൻ നല്ല ഭംഗിണ്ട്...' അവൾ മനസ്സിൽ പറഞ്ഞു... ഒപ്പം 'വെളുത്തിട്ടാണ്- മ്മടെ കൂട്ടത്തിൽ ചേര്വോവ്വോ...' എന്നുള്ള ആശങ്കയും അവൾക്കുണ്ടായി. അവളും ഏട്ടനുമെല്ലാം ഇരുനിറമാണ്. സദസ്സിൽ ഉള്ളവർ ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുകയും പെൺകുട്ടി ചിരിയോടെ മറുപടി പറയുകയും, ചില ചോദ്യങ്ങൾക്ക് വെറുതെ നിന്ന് ചിരിക്കുക മാത്രവും  ചെയ്തു. ചോദിച്ചതും പറഞ്ഞതുമായ കാര്യങ്ങൾ ഒന്നും അവൾ ശ്രദ്ധിച്ചില്ല. അവളുടെ ശ്രദ്ധ മുഴുവൻ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞു സദസ്സിൽ നിന്നും പോകാൻ അനുമതി കിട്ടിയപ്പോൾ പെൺകുട്ടി അകത്തേക്ക് കയറിപ്പോയി. തുടർന്ന് വന്നവരിൽ ചില ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ വീട് കാണാൻ അകത്തേക്ക് കയറിപ്പോയി. അവൾ വീണ്ടും തൊടിയിലേക്ക് തിരിഞ്ഞു.
"ദോക്ക്... ദ് ചെറ്യാണല്ലോ..."
നാലടി പൊക്കത്തിൽ ഇടതൂർന്ന ചെറിയ  പച്ചിലകളുമായ് നിന്ന ചെടിയുടെ അടുത്ത് ചെന്ന് നിരീക്ഷിച്ചുകൊണ്ട് അനിയേട്ടൻ പറഞ്ഞു. "ചെറ്യോ... നോക്കട്ടെ.." അവളും ചെന്നു. റോഡിൽ നിന്നും മുറ്റത്തേക്കുള്ള നടപ്പാതയിലേക്ക്  കയറുന്ന പടിക്കെട്ടുകളുടെ ഇടതു വശത്തു മുകളിൽ കയറി വരുമ്പോൾ ആദ്യം കാണുന്ന രീതിയിൽ തന്നെയാണ് ആ ചെടി നിന്നിരുന്നത്. ആദ്യമായിട്ടാണ് അവൾ ചെറിപ്പഴം ഉണ്ടാകുന്ന ചെടി കാണുന്നത്. കയറി വരുമ്പോൾ കണ്ടപ്പോൾ അവൾ ഓർത്തത് വല്ല അലങ്കാര ചെടിയും ആയിരിക്കും എന്നാണ്. "കായണ്ട്... പക്ഷേ പച്ചേണ്." ചെടിയെ പരിശോധിച്ച് കൊണ്ട് അനിയേട്ടൻ പറഞ്ഞു. അപ്പോൾ അമ്മായി അവരുടെ അടുത്തേക്ക് വന്നു. പത്തമ്പത്തഞ്ചു വയസ്സുള്ള ഉയരം കുറഞ്ഞ ഒരു സ്ത്രീയാണ് അമ്മായി.
"വല്ല്യ കൊഴപ്പല്ല്യാന്ന്  തോന്നണുല്ല്യേ അന്യാ... "
അമ്മായി അനിയേട്ടനോട് ഒരു  രഹസ്യം പറയും പോലെ സീരിയസ് ആയി ചോദിച്ചു.
അപ്പോൾ അമ്മായിക്ക് പെണ്ണിനെ ബോധിച്ചു. അവൾ അനുമാനിച്ചു.

"ങ്ങാ  ആകമൊത്തം കൊഴപ്പോന്നും തോന്നണില്യ."

"ന്നാപ്പിന്നെ അവരോടു അങ്ങട് വരാൻ പറയാം ല്ലേ.."

"ആ അങ്ങനെയ്ക്കോട്ടേ..."

അനിയേട്ടന്റെ മറുപടി കേട്ട് അമ്മായി സദസ്സിലേക്ക് തിരിച്ചു പോയി. തുടർന്ന് പിറ്റേ ആഴ്ച ചെക്കൻവീട് കാണാൻ വരാനുള്ള ഏർപ്പാടുകൾ ഒക്കെ പറഞ്ഞുറപ്പിച്ചു ചായ സൽക്കാരവും കഴിഞ്ഞു അവർ തിരിച്ചു പോന്നു .

തിരിച്ചു പോരുമ്പോൾ അവളുടെ മനസ്സിൽ നിറയെ  കുഞ്ഞു പച്ചിലകൾ തിങ്ങിയ ചെറിച്ചെടിയും അതിന്റെ  പച്ചനിറമുള്ള മാലബൾബ്  പോലെയുള്ള കായ്കളും ,  പിന്നെ നീളൻ പാവാടയും ബ്ലൗസും അണിഞ്ഞ പെൺകുട്ടിയുടെ നിറഞ്ഞ ചിരിയും ആയിരുന്നു . പിന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷവും. !!!

'ഇത് നടക്കുമായിരിക്കും !!'

അവൾ മനക്കണക്കുകൂട്ടി.!
ആ കണക്ക് തെറ്റിയില്ലെന്നു പിന്നീട് കാലം തെളിയിച്ചു.!!
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

#Blog post of the day season 3 'പെണ്ണ് കാണൽ'


15 comments:

  1. കുഞ്ഞു പ്രായത്തിലെ പെണ്ണ് കാണൽ

    ReplyDelete
  2. നേരിട്ടു കണ്ട പ്രതീതി

    ReplyDelete
  3. ഒരു നിമിഷം ആലോചിച്ചിരുന്നു പോയി. പട്ടു പാവാടയും ഉടുത്ത് ഞാൻ. സുന്ദരിയായി. നാണം കൊണ്ട് തുടുത്ത മുഖവുമായി.പെണ്ണ് കാണലിന്. ചെറുക്കനെവിടെ? ഞാൻ ഒളി കണ്ണിട്ടു നോക്കി. കാണാൻ നല്ല രസം. എന്നെ ഇഷ്ടപ്പെടില്ലേ.
    പെട്ടെന്ന് ഉണർന്നു. ചേട്ടത്തിയമ്മയെ നോക്കി ഇരുന്നു.

    ദിവ്യ വിട്ടുകളഞ്ഞ രണ്ടാം ഭാഗം.

    ReplyDelete
  4. ഒരു പെണ്കുട്ടിയുടെ മനോരാജ്യത്തിലൂടെ നടന്ന പെണ്ണുകാണലിന് അതിന്റെതായ ഒരു പുതുമായുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്ന പെണ്കുട്ടിക്ക് ചേർന്ന ഏട്ത്ത്യമ്മയാകാൻ കഴിയുമെന്ന് തൊടിയിലെ മരങ്ങൾ പറയുന്നതായും കഥ പറയാതെ പറയുന്നപോലെ..ഹൃദ്യം..

    ReplyDelete
  5. ഹോ...... കൊള്ളാമല്ലോ..

    ഈ പെണ്ണുകാണൽ നടന്ന സ്ഥലം കാണാൻ പോകാൻ തോന്നുന്നു..

    ReplyDelete
  6. നല്ല ഗ്രാമീണത്തനിമയുള്ള പെണ്ണുകാണൽ. പെണ്ണുകാണലിൻ്റെ വിശേഷങ്ങളോടൊപ്പം തൊടിയിലെ ചെടികളുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ, എട്ടാം ക്ലാസുകാരിയുടെ വീക്ഷണം കറകറക്ടായി.

    ReplyDelete
  7. .." അവൾക്കും ഒരെണ്ണം കൊടുത്തു. അവൾക്കിഷ്ടമാണ് ഇളം പേരയ്ക്ക തിന്നാൻ. അവൾ സന്തോഷത്തോടെ അത് വാങ്ങി കടിച്ചു തിന്നു.
    ഇളം പേരയ്ക്ക പോലെ സുന്ദരമായ എഴുത്ത്

    ReplyDelete
  8. എഴുത്തിൽ നിറഞ്ഞനിന്ന നിഷ്കളങ്കദാവം ഇഷ്ടപ്പെട്ടു. എട്ടാം ക്ലാസ്സുകാരി പെണ്ണിനോടെന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ചു.
    പെണ്ണുകാണൽ ഹൃദ്യമായി.
    ആശംസകൾ

    ReplyDelete
  9. ഇളം കണ്ണിലൂടെ ഒരു പെണ്ണുകാണൽ...
    അർത്ഥമറിയാത്ത പെണ്ണുകാണലായി മാറി.
    പെണ്ണിന്റെ വസ്ത്രത്തിന്റെ വർണ്ണപ്പകിട്ട്, തൊലിയുടെ നിറം ഒക്കെ അവരെ സംബന്ധിച്ച് കെങ്കേമം എന്നു പറയാം. ഇതൊരു കുട്ടിക്കളി മാത്രം ..

    ReplyDelete
  10. നന്നായീട്ടോ അനിയത്തിക്കുട്ടിയുടെ പെണ്ണുകാണൽ...

    ടാറിട്ട റോഡിൽ നിന്നും തിരിഞ്ഞു പോകുന്ന മൺപാത... മുക്കവല... പാടം കഴിഞ്ഞ് റോഡിൽ നിന്നും അല്പം ഉയരത്തിൽ പടികൾ കയറി എത്തുന്ന മുറ്റം... തൊടിയിലെ വൃക്ഷങ്ങൾ... നല്ല പരിചയം തോന്നുന്നല്ലോ ഈ സ്ഥലം... :)

    ReplyDelete
  11. ഹായ് ... ഇത് ഞാനറിഞ്ഞില്ല ദിവ്യ പെണ്ണുകാണാൻ പോയേ . ഒരു കൊച്ചുപെൺകുട്ടിയുടെ മനസ്സിലെ ചിന്തകൾ അതതുപോലെ പകർത്തിയത് വായിക്കാനും കൗതുകമായി .

    ReplyDelete
  12. നന്നായി.... പെണ്ണുകാണലിനെ ഒരു ചെറിയ പെൺക്കുട്ടിയുടെ കണ്ണിലൂടെ അവതരിപ്പിച്ചത് വളരെ ഭംഗിയായി.,. പെണ്ണുകാണലിൽ ഞാൻ ഇതുവരെ ചിന്തിക്കാത്ത ഒരു തലമായിരുന്നു ഇത്.... അത് കൊണ്ട് തന്നെ �� ചെറി ഉള്ള ചെറിയ കണ്ണിലൂടെയുള്ള പെണ്ണുകാണൽ ഇഷ്ടപ്പെട്ടു......

    ReplyDelete
  13. ഇതാരുടെ പെണ്ണുകാണലാ അഡ്മിനേ?

    ReplyDelete
  14. കണക്കുതെറ്റിയില്ല... വായനയുടെ സെലക്ഷനും

    ആശംസകളോടെ
    രൂപ

    ReplyDelete
  15. ആഹാ... എന്ത് രസം! വൈകിയാണെങ്കിലും കണ്ടൂട്ടോ :) :)

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......