Google Images |
ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് പല ചിന്തകളും കയറിവരാറുള്ളത്. ചിലത് സന്തോഷം നല്‍കുന്നവ, ചിലത് ദു:ഖിപ്പിക്കുന്നവ. അഭിമാനം തോന്നുന്നവയും ആത്മനിന്ദ തോന്നുന്നവയും...
പിന്നെ ഭാവനയുടെ നിറമാര്‍ന്ന ചിറകുകൾ വീശി വരുന്ന ചില ചിത്രശലഭങ്ങള്‍...
അവളുടെ ഏകാന്തതയുടെ പുഷ്പവാടിയിലെ ചിന്താശലഭങ്ങള്‍..!
പക്ഷേ..... എന്നോ അവ വരാതായി...
കാരണം ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു, എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.!
അതിന്നുള്ളിൽ പുളക്കുന്നത് വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം....!!
അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!
തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഒരു വഴിത്താര കൂടി തുറന്നിട്ടപ്പോള്‍ പിന്നെയവിടെ ചിന്തകള്‍ക്കിടമില്ലാതായി...
പിന്നെ അവളും ഏകാന്തതയും കൂടി വിരസമായ ജീവിതവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെയലഞ്ഞു....
ആ ലക്ഷ്യമില്ലാത്ത യാത്രയിൽ കാഴ്ചയിൽ പതിഞ്ഞ വെളിച്ചത്തിന്‍റെ ചില അക്ഷരപ്പൊട്ടുകള്‍....
തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം....!!
ആ അക്ഷരപ്പൊട്ടുകള്‍ അവളെ വിളിച്ചു.
"നീ ഞങ്ങളോടൊപ്പം വരൂ.... ഞങ്ങള്‍ക്ക് നിന്‍റെ ഭാവനയുടെ നിറം ചാര്‍ത്തിത്തരൂ... പകരമായ് നിനക്ക് മഴവില്‍ പുഞ്ചിരി നല്‍കാം..."
ആ അക്ഷരങ്ങള്‍ നല്‍കിയ ആത്മബലത്തില്‍ ഒരിക്കലും ഒരു ഊർജ്ജവും പകര്‍ന്നു നല്കാത്ത മടുപ്പിക്കുന്ന ഓര്‍മ്മകളുടെ അറകൾ അവള്‍ വലിച്ചു തുറന്നു....
മാറാല പിടിച്ച ഓര്‍മ്മകളെ പുറത്തേക്കെറിഞ്ഞു.!
ഇനിയവള്‍ക്കാ ദുഃഖ സ്മാരകം തല്ലിയുടച്ച്, അതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടാ കണ്ണീര്‍പ്പുഴയങ്ങു നികത്തണം...
വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങട്ടെ.!!
കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!
ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!!
ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും....
അപ്പോള്‍ എങ്ങു നിന്നെന്നറിയാതെ ശലഭങ്ങള്‍ പാറി വരും...
അവയ്ക്ക് ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ സൗന്ദര്യവുമുണ്ടായിരിക്കും....!!
അവളുടെ മനം നിറഞ്ഞ പുഞ്ചിരി പോലെ.!!
****** ****** ****** ******