Pages

Wednesday 17 June 2015

വട്ടപ്പൊട്ട്

 
റോസ് നിറം ചൊരിയുന്ന ബെഡ് ലാംപിന്‍റെ വെളിച്ചത്തില്‍ റിയാസ് എഴുതാനിരുന്നു. പേനകള്‍ക്കിടയില്‍ പരതി കറുത്ത ക്യാപ്പുള്ള പേന തിരഞ്ഞെടുത്തു. ഏറ്റവും ഇഷ്ടപ്പെട്ട പേനയാണത്. അതിന്‍റെ കറുത്ത ടോപ്പിലേക്കു നോക്കിയിരിക്കെ ഒരു കയ്പേറിയ കറുപ്പിന്‍റെ ഓര്‍മ്മ അവന്‍റെ മനസ്സിലേക്കൊഴുകിയെത്തി.

 ഇന്നലെകളുടെ താളുകളിൽ തിളങ്ങുന്നൊരു കറുത്ത വട്ടപ്പൊട്ട്.!!

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഹൈസ്കൂൾ വിദ്യാര്‍ത്ഥി. അവന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആ കറുത്ത വട്ടപ്പൊട്ടിനെയായിരുന്നു. പുതിയ സ്ഥലത്ത്, പുതിയ വീട്ടിലേക്ക് വന്നൊരു കുടുംബത്തിലെ കുട്ടിയായിരുന്നു റിയാസ്. വന്നതിന്‍റെ രണ്ടാംദിവസം പാടത്തിന്നരുകിലെ കലുങ്കിനടുത്ത് വച്ചാണ് ആദ്യമായി വട്ടപ്പൊട്ടിനെ കണ്ടത്. ഒരു കൈയിൽ കൊരുത്ത ദാവണിത്തുമ്പും മറുകൈയില്‍ ഒരു തൂക്കുപാത്രവുമായ് നടന്നുപോകുന്ന പെണ്‍കൊടി. അവളുടെ ശ്രീയുള്ള മുഖത്ത് അലങ്കാരത്തിന് ഒരു കറുത്ത വട്ടപ്പൊട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലുങ്ങുന്ന കൊലുസുമായ് അവളകന്നു പോയി.

പിന്നെയും പല തവണ അവിടെ വച്ച് റിയാസ് അവളെ കണ്ടു. അവളുടെ പേരോ, അവള്‍ ആരെന്നോ അവനറിയില്ലായിരുന്നു. പക്ഷേ എന്നും ആ മുഖത്ത് ഒരു കറുത്ത വട്ടപ്പൊട്ടുണ്ടായിരുന്നു. അതുകൊണ്ട് അവളെയവന്‍ "വട്ടപ്പൊട്ട്" എന്നു വിളിച്ചു.

വട്ടപ്പൊട്ട് എന്നുമെങ്ങോട്ടാണ് പോകുന്നത്?

എന്തായിരിക്കും അവള്‍ കൊണ്ടുപോകുന്നത്?

പിറ്റേന്ന് തന്നെ അവന് അതിനുള്ള ഉത്തരവും കിട്ടി.

തൂക്കുപാത്രത്തിന്‍റെ വശത്തുകൂടി മടിച്ചു മടിച്ചൊലിച്ചിറങ്ങുന്ന വെളുത്ത ദ്രാവകം..
ഓ.. അപ്പോള്‍ വട്ടപ്പൊട്ട് പാലു കൊണ്ട് പോകുകയാണ്. അന്ന് വട്ടപ്പൊട്ട് മടങ്ങിപ്പോകുന്നതു വരെ അവന്‍ കലുങ്കിലിരുന്നു. പിന്നെ അതു പതിവായി.!

എന്നും വട്ടപ്പൊട്ടിനെ കാണാൻ അവന്‍ കലുങ്കിലെത്തി. എന്നും കാണുന്ന അവനെ വട്ടപ്പൊട്ട് ശ്രദ്ധിച്ചിരുന്നുവോ.. എന്തോ..?
സദാ പുഞ്ചിരിക്കുന്ന അധരങ്ങളാണ് വട്ടപ്പൊട്ടിന്. വിടര്‍ന്ന മിഴികളും.!
ഒരിക്കല്‍ അവ അവന്‍റെ നേരെ നീളുകയുണ്ടായി. ചെഞ്ചുണ്ടിലെ പുഞ്ചിരി ഒന്നു തിളങ്ങുകയും.!!


സംഭ്രമത്താല്‍ റിയാസിന് പുഞ്ചിരിക്കാനായില്ല. എങ്കിലും അവന് സന്തോഷം തോന്നി. ജന്മങ്ങളുടെ അടുപ്പമാണ് വട്ടപ്പൊട്ടിനോട് തോന്നിയിരുന്നത്.. കഴിഞ്ഞ ജന്മത്തില്‍ വട്ടപ്പൊട്ട് തന്‍റെ വളരെ പ്രിയപ്പെട്ട ആരോ ആയിരുന്നു എന്നവന്‍ വിശ്വസിച്ചു.

ദിവസവും ആ സമയം എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അവന്‍ വട്ടപ്പൊട്ടിനെ കാണാൻ കലുങ്കിലെത്തുമായിരുന്നു.

പക്ഷേ...
ഒരു ദിവസം പാലുകൊടുക്കാന്‍ പോയ വട്ടപ്പൊട്ട് തിരികെ പോയില്ല. മണിക്കൂറുകളോളം അവന്‍ കാത്തിരുന്നു.
പടിഞ്ഞാറ് സൂര്യൻ ചുവപ്പണിഞ്ഞു.
അന്തിവെയിലിന്‍റെ പൊന്‍കിരണങ്ങള്‍ അവനില്‍ പതിഞ്ഞു. മുടിയിഴകളെ മിനുക്കി.. ഇര തേടാന്‍ പോയ പറവകളെല്ലാം ഒന്നൊന്നായും കൂട്ടത്തോടെയും കൂടുകൾ ലക്ഷ്യമാക്കി പറന്നു പോയി. പാടത്ത് മേയാന്‍ വിട്ടിരുന്ന പൈക്കളെല്ലാം തിരികെ വീട്ടിലേക്കു പോയി.
പുഴക്കരയില്‍ ആടുകളെ മേച്ചിരുന്ന അമ്മൂമ്മയും തന്‍റെ ആടുകളെയും തെളിച്ചുകൊണ്ട് തിരികെപ്പോയി.

പക്ഷേ വട്ടപ്പൊട്ട് മാത്രം തിരികെ പോയില്ല.!!

സന്ധ്യ മെല്ലെ പിന്‍വാങ്ങി. ഇരുട്ട് തന്‍റെ ആധിപത്യം കുറെശ്ശെ കുറെശ്ശെയായി ഭൂമിയിലേക്ക് പടര്‍ത്തി. റിയാസിനെ കാണാഞ്ഞ് ബാപ്പ ടോര്‍ച്ചു മിന്നിച്ചു കൊണ്ട് തിരഞ്ഞുവന്നു. കലുങ്കില്‍ മരവിച്ചിരുന്ന അവനെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ബാപ്പയുടെ ചോദ്യങ്ങൾക്ക് താന്‍ എന്തു മറുപടിയാണ് പറഞ്ഞതെന്ന് അവനോ, അവന്‍ എന്താണ് പറഞ്ഞതെന്ന് ബാപ്പയ്ക്കൊ വ്യക്തമായി മനസ്സിലാവുകയുണ്ടായില്ല. എന്തോ ബാപ്പ പിന്നതിനെക്കുറിച്ച് അധികം ചോദിച്ചുമില്ല.

വീട്ടിലെത്തിയപ്പോള്‍ അയലത്തമ്മമാരുമായി ഉമ്മ ഗൗരവമായ സംഭാഷണത്തിലാണ്.

"കഷ്ടം തന്നെ.!! എന്താണ്ടായതെന്ന് ആര്‍ക്കുമറിയില്ല." അവരുടെ സംഭാഷണ ശകലങ്ങള്‍ അവന്‍റെ കാതിലെത്തി. അവന് ഒന്നും മനസ്സിലായില്ല. അവന്‍ അടുക്കള വാതിലിന്‍റെ അരികിൽ വന്നു നിന്നു. ഉമ്മ സങ്കടം പറയുന്നു.
" എന്ത് തങ്കക്കുടം പോലിരുന്ന കുട്ട്യാര്‍ന്നു. അതിനെ ഏത് ശെയ്ത്താന്‍മാര് പിടിച്ചോ എന്തോ..???"

"അതിന്‍റെ തള്ളേടെ നെലോളി കേള്‍ക്കുമ്പോഴാ..." മറ്റൊരാൾ.

"ന്‍റെ ശ്രീക്കുട്ട്യേ കാണാനില്ലല്ലോന്ന് പറഞ്ഞ് അത് കരയണൂ.."

"തള്ളയല്ലേ.... ദെണ്ണം കാണില്ല്യേ..." അവര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു.
റിയാസിന് ഒരെത്തും പിടിയും കിട്ടിയില്ല.

"ഉമ്മാ..." അവന്‍ വിളിച്ചു.

"ആ നീ വന്നോ.. നിനക്ക് ചായയിരിക്ക്ണ്.." അവർ വന്ന് അവന് ചായയെടുത്തു കൊടുത്തു.
"എന്തുമ്മാ കാര്യം.??" അവന്‍ തിരക്കി.
"നീയ്യ് ചായ കുടിച്ചോ.." അവർ അതവഗണിച്ചു.
"ദിവസോം കൃത്യായി പാലും കൊണ്ട് പോവ്വേം വരേം ചെയ്യണ കുട്ട്യാ.." അയല്‍ക്കാരിലൊരാള്‍ പറഞ്ഞത് കേട്ട് റിയാസ് ഞെട്ടി.
 "ഹാരെയാ കാണാണ്ടായത്?" വിറയലോടെ അവന്‍ ചോദിച്ചു. അവന്‍റെ മനസ്സിലേക്ക് വട്ടപ്പൊട്ടിന്‍റെ മുഖം ഓടിയെത്തി.

"ശ്രീക്കുട്ടിയേ... നീ കണ്ടിട്ടുണ്ടാവും ചെലപ്പോ... വൈകിട്ട് പാലും കൊണ്ട് പോണതു കാണാം..."!!
ഉമ്മയുടെ വാക്കുകള്‍ കേട്ട് റിയാസ് വീണ്ടും ഞെട്ടി.!
"അതിന്"??
"അതിനെ കാണാനില്ല്യാന്ന് "..!!ഉമ്മ പറഞ്ഞു തീര്‍ന്നതും റിയാസിന്‍റെ കയ്യില്‍നിന്നും ഗ്ലാസ് വഴുതി, ശബ്ദത്തോടെ നിലത്ത് വീണുടഞ്ഞു. തരിച്ചു നിന്നതേയുള്ളൂ അവന്‍.!!
"നെന്‍റെ കയ്യിനെല്ലില്ല്യേ... ചെക്കാ..."
ഉമ്മ ദേഷ്യപ്പെട്ടു.
റിയാസിന്‍റെ ചെവിക്കകത്ത് ഒരു മൂളല്‍ മാത്രമായിരുന്നു. ധൃതിയില്‍ ചില്ലുകൾ പെറുക്കി തറ തുടച്ച് വൃത്തിയാക്കി ഉമ്മ സംസാരത്തിനായി പോയി. റിയാസും അവിടേക്ക് കാതോര്‍ത്തു.

"ആളോള് തെരയാന്‍ പോയിട്ട്ണ്ട്. എവിടെപ്പോയന്നോഷിക്കാനാ..."

"അത് തനിച്ചെങ്ങടും പോയതാവില്ല്യ. വല്ല കാലമാടന്‍മാരും പിടിച്ചോണ്ട് പോയതാവും."

അവരുടെ സംസാരം നീണ്ട്നീണ്ട് പോയി.

തിരച്ചില്‍ രണ്ട് ദിവസം പിന്നിട്ടു.
മൂന്നാംദിവസം.
റിയാസും ബാപ്പയും കൂടി അടുക്കളത്തോട്ടം നനക്കുമ്പോഴാണ് ഒരയല്‍ക്കാരി ഓടിപ്പാഞ്ഞുവന്നത്.
"ഇത്താ..... ങ്ങളറിഞ്ഞോ...." അവർ വേലിക്കല്‍നിന്നു കിതച്ചു. ജിജ്ഞാസയോടെ റിയാസും ബാപ്പയും അങ്ങോട്ട് ചെന്നു. അടുക്കളയില്‍ നിന്നും ഉമ്മ പാഞ്ഞുവന്നു.
"ശ്രീക്കുട്ടീടെ ശവം പൊഴേല്...."
അവർ പറഞ്ഞതുകേട്ട് റിയാസിന് തല കറങ്ങി.
"എവ് ടേ...." എന്നു ചോദിച്ച് മൂവരും പാഞ്ഞു. ഹോസ് താഴെയിട്ട് അവനും ഓടി അവരുടെ പുറകെ.!
പുഴവക്കത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. രണ്ടുമൂന്നാണുങ്ങള്‍ വെള്ളത്തില്‍ നിന്ന് ശവം വലിച്ചു കയറ്റി. വെള്ളത്തില്‍ നിന്നതു പൊങ്ങിയപ്പോള്‍ ദുര്‍ഗന്ധമുണ്ടായി. റിയാസ് അറിയാതെ മൂക്കുപൊത്തി. വിറക്കുന്നുണ്ടായിരുന്നു അവന്‍. ഹൃദയത്തിലെ പെരുമ്പറ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു. കണ്ടുനിന്ന സ്ത്രീകളെല്ലാം കരഞ്ഞു. ആളുകളുടെ കൈകളിൽ തൂങ്ങുന്ന വട്ടപ്പൊട്ടിന്‍റെ മുഖത്തേക്ക് റിയാസ് ഉറ്റുനോക്കി.
 കരിനീലിച്ചു പോയെങ്കിലും വട്ടപ്പൊട്ടിന്‍റെ പവിഴാധരങ്ങളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. പാതിയടഞ്ഞ കണ്ണുകള്‍. അവന്‍ എന്നും കണ്ടിരുന്ന ആ കറുത്ത വട്ടപ്പൊട്ട് അപ്പോള്‍ അവളുടെ മുഖത്തില്ലായിരുന്നു.!!
 റിയാസ് തിരിഞ്ഞോടി.
വട്ടപ്പൊട്ടില്ലാത്ത ചേതനയറ്റ ആ മുഖം അവന് കാണണ്ടായിരുന്നു.!!!

ര്‍മ്മകളുടെ കുലുക്കത്തില്‍ റിയാസ് അടിമുടി വിറച്ചു. എ.സി യുണ്ടായിട്ടും വിയര്‍പ്പില്‍ കുളിച്ചു.
ഇന്ന് ശ്രീക്കുട്ടിയുടെ അച്ഛനുമമ്മയുമെല്ലാം മരിച്ചുപോയി. അന്വേഷണം ഒക്കെ നടന്നെങ്കിലും വലിയ തുമ്പും വാലുമൊന്നുമില്ലാതെ ശ്രീക്കുട്ടിയുടെ മരണം മാഞ്ഞുപോയി. ഇന്നാരും അവിടെ വട്ടപ്പൊട്ടിനെ ഓര്‍ക്കാറില്ല. ആ നാടുതന്നെ മറന്നു പോയിരിക്കുന്നു, എന്നും പാലുകൊണ്ട് പോയിരുന്ന ആ പെണ്‍കിടാവിനെ.! റിയാസിന്‍റെ ഉമ്മയും മറന്നുപോയിരിക്കുന്നു ആ ദുരന്തം.!!
അവരുടെ വാര്‍ദ്ധക്യം പഴയ പല ഓര്‍മകളുടെയും നിറം കെടുത്തിയിരിക്കുന്നു.

ലോകം തന്നെ മറന്നാലും വട്ടപ്പൊട്ടിനെ ഒരിക്കലും റിയാസ് മറക്കില്ല. ആ ഗ്രാമത്തിന്റെ ശാലീനതപോലെ എന്നും പാലുമായി പോയിരുന്ന പെണ്‍കുട്ടി. രാത്രിക്കഴുകന്‍മാരുടെ ചോരത്തിളപ്പില്‍ പൊലിഞ്ഞുപോയൊരു ഓര്‍മ്മപ്പൊട്ട്.
ഒരു കയ്യില്‍ കൊരുത്ത ദാവണിത്തുമ്പുമായ് റിയാസിന്‍റെ ഓര്‍മയിലേക്കുമാത്രം ഇടയ്ക്കെല്ലാം അവള്‍ വന്നുപോയ്ക്കൊണ്ടിരുന്നു.!!


             
















* ***** ***** ***** *

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിൾ

53 comments:

  1. ഇത് എഴുത്തിന്‍റെ അസ്കിത ഇത്തിരി കൂടിയിരുന്ന കാലത്ത്, അതായത് എന്‍റെയും ഹൈസ്കൂൾ പഠനകാലത്ത് എഴുതിയ ഒരു കഥയാണ്. അതുകൊണ്ട് തന്നെ കലുങ്കിലിരിക്കുന്ന പയ്യന്‍സും, പാലുകൊണ്ടുപോകുന്ന പെണ്‍കിടാക്കളും ഇന്ന് അന്യം നിന്നു പോയവയാണ്. എങ്കിലും ഇതിവിടെ സമര്‍പ്പിക്കുകയാണ്. തെറ്റുകുറ്റങ്ങള്‍ പൊറുത്ത് വേണ്ടത്ര ഉപദേശങ്ങള്‍ നല്കി എന്‍റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. അപേക്ഷിക്കുന്നു....
    സ്നേഹപൂർവ്വം കല്ലോലിനി.

    ReplyDelete
  2. നന്നായിട്ടുണ്ട്...
    കറുത്ത മണികളുള്ള ഒരു കൊന്ത ഉണ്ടല്ലോ, എനിക്ക് ഓർക്കാൻ... :)

    ReplyDelete
    Replies
    1. നന്ദി ധ്രുവന്‍.!!!
      സമാനമായ ഒരോര്‍മ ഉണ്ടെന്നതില്‍ സന്തോഷിക്കണോ... അതോ ദുഃഖിക്കണോ...???
      എന്തു തന്നെയായാലും.. ആദ്യകമന്‍റിന് ഒരു സ്പെഷ്യൽ താങ്ക്സ്.!!

      Delete
  3. ചിലതൊക്കെ ഉത്തരം കിട്ടാതെ തന്നെ മാഞ്ഞുപോകുന്നു.

    ReplyDelete
    Replies
    1. റാംജി സാര്‍, ഒരുപാടൊരുപാട് നന്ദി..
      ഇനിയും വരണേ..

      Delete
  4. മനസിൽ ചോര പൊടിയുന്ന ഒരു വട്ടപ്പൊട്ടായി ശ്രീക്കുട്ടി നിൽക്കുന്നു ..
    ഇഷ്ടമായി ചേച്ചീ!

    ReplyDelete
    Replies
    1. ഓ ജ്യുവല്‍.!!
      വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.. ഒത്തിരി സന്തോഷം..

      Delete
  5. അഭിനന്ദനങ്ങള്‍
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു കഥ..
    മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ മനസ്സിനെന്നും വിങ്ങലാണ്‌.
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പൻ സര്‍,
      ഈ സ്നേഹവാത്സല്യങ്ങള്‍ക്കും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലാണ് മതി വരിക.!!!

      Delete
  6. Replies
    1. ഈ പേര് ഞാൻ ഷാജിതയെന്നു സംബോധന ചെയ്യണോ, ഷജിതയെന്നു സംബോധന ചെയ്യണോ..??
      ആരുടെ പേരും തെറ്റി ഉച്ചരിക്കുന്നതിഷ്ടമില്ലാത്തതിനാല്‍ ചോദിച്ചതാണ്.. കേള്‍ക്കുന്നവര്‍ക്കും അങ്ങിനെ തന്നെയാണെന്നു തോന്നുന്നു.... Anyway... thanks for ur complements.!!

      Delete

  7. എഴുത്തിന്‍റെ അസ്കിത കൂടിയിരുന്ന ആ കാലത്ത് എഴുതിയ ഇത് പോലെയുള്ള നല്ല കഥകൾ ഇനിയും ഇങ്ങു പോരും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ... ഈ നല്ല കഥയ്ക്ക് നന്ദി കല്ലോലിനി.

    ReplyDelete
    Replies
    1. പ്രിയ ഷഹീം...
      അക്കാലത്ത് എഴുതിയവ ഇത്തിരിയേള്ളൂ.... വരും കാത്തിരുന്നോളൂ...
      ഇപ്പൊ കഥകളൊന്നും ഉള്ളീന്നു വരുന്നില്ലെന്നേ.... ന്നാലും ഞാൻ എഴുതുംട്ടോ... വായിക്കാതിരിക്കരുത്..!!!
      നന്ദി.. ഈ വരവിനും നല്ല വാക്കുകള്‍ക്കും.!!

      Delete
  8. വട്ടപ്പൊട്ടിൽ നിന്നും ചാലിട്ടൊഴുകുന്ന ചോര ഉള്ളം നീറ്റുന്നു കല്ലോലിനി ....

    ഹൃദയസ്പർശിയായ എഴുത്ത്.....!

    ReplyDelete
    Replies
    1. കുഞ്ഞേച്ചീ.....
      മെയിലിനും കമന്‍റിനും ഉപദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും എല്ലാമെല്ലാം... നന്ദി..

      Delete
  9. നാട്ടിൻപുറത്തെ ഈ പഴയ കാഴ്ചകളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ധാവണി ഉടുത്ത പെണ്‍കിടാങ്ങളെ കാണാൻ നല്ല ചേലാ.. വട്ടപ്പൊട്ടിന്റെ കഥയുടെ അന്ത്യം വിഷമിപ്പിച്ചല്ലോ കല്ലോലിനീ. പഴയ കഥകളൊക്കെ പൊടി തട്ടിയെടുക്കൂ. ആശംസകൾ

    ReplyDelete
    Replies
    1. ഗീതച്ചേച്ചീ... നന്ദി.!!
      ചില കഥകൾ അങ്ങിനെയാണ് വിഷമിപ്പിക്കുന്നവ....!!

      Delete

  10. കല്ലോലമേയ് ,,സൂര്യമാനസൻ വിനോദിൻറെ കൂട്ട് പിടിച്ച് എന്നോട് കശപിശയുണ്ടാക്കിയതും,

    കോളാമ്പിക്കാരൻ സ്ധീടെ അവിടെ വെച്ച് നാട്ടാര് കാണെ എന്നെ വെല്ലുവിളിച്ചതും,, പെണ്ണല്ലേ ,,സുന്ദരിയാണെങ്കിലോ എന്നൊക്കെ കരുതി ,ഞാൻ പൊറുത്തു (കൽക്കണ്ടക്കാരി ഇഞ്ചിനീരു സുന്ദരി കുഞ്ഞുറുമ്പിനോടും ഞാൻ ക്ഷമിച്ച്- ref :കോളാമ്പി സുധി ) ,,,ബട്ട് ... ...ഈ പഞ്ചാര പൈങ്കിളി സിൽമാ നടീടെ പടം കൊടുത്ത് പത്താം തരം കഥയെ ഇങ്ങനെ താമ്ര് തൂമ്ര് ആക്കിക്കളഞ്ഞത് എന്നാലൊരിക്കലും പൊറുക്കപ്പെടുകയില്ല....

    കാലത്തെവെച്ചളന്നാൽ..ആ പ്രായത്തിൽ ഇങ്ങനൊന്ന് എഴുതിയിടാൻ കഴിഞ്ഞതിനു ഹാറ്റ്സോഫ്ഫ് ദിവ്യാ !!!!

    ReplyDelete
    Replies
    1. വഴിയേ!!!!!!

      ഇങ്ങനെയൊക്കെ കമന്റ്‌ ചെയ്യാൻ ഇന്നീ ബ്ലോഗുലകത്തിൽ വഴി മാത്രമേയുള്ളൂ വഴീ.!!!!!!

      Delete
    2. വഴിയേ നമിച്ചൂടാ കള്ള ഹമ്ക്കേ.....

      Delete
    3. പ്രിയ വഴിമരങ്ങള്‍..
      കഥയിൽ പറഞ്ഞതു പോലൊരു ചിത്രം വേണമെങ്കിൽ മോഹൻ മണിമലയെ കൊണ്ട് വരപ്പിക്കേണ്ടി വരും.. എനിക്കത്രയും നന്നായി വരയ്ക്കാനറിയാത്തതിനാല്‍ ഗൂഗിളമ്മാവന്‍റെയടുത്ത് പ്രശ്നം അവതരിപ്പിച്ചപ്പോള്‍ കിട്ടിയതിതാണ്. ഒരു ഗതീം പരഗതീം ഇല്ലാത്തതുകൊണ്ട് അതു സ്വീകരിച്ചു. ക്ഷമിക്കൂ..
      (പിന്നൊരു രഹസ്യം.. ഞാൻ സുന്ദരിയല്ല. :-P :-P :-P )

      ഈ ബൂലോഗത്ത് എനിക്കുവേണ്ടി ചോദിക്കാനും പറയാനും രണ്ടുപേരുണ്ടെന്നു കണ്ടില്ലേ... ങും... ഞാനാരാ മോള്.!!! ;-)

      ആ പ്രായത്തില്‍ അങ്ങനെയെഴുതിയതിനൊക്കെ കടപ്പാട് അന്നത്തെ കൂട്ടുകാര്‍ക്കാണ്. അവരുടെ പ്രോത്സാഹനങ്ങളാണ് അതിനു ഹേതു.
      നന്ദി... ഈ നല്ല വാക്കുകള്‍ക്ക്..!!!
      കൊസ്രാക്കൊള്ളി വര്‍ത്തമാനങ്ങളുമായി ഇവിടെല്ലാം ചുറ്റിത്തിരിയണമെന്നപേക്ഷ. വഴിമരങ്ങള്‍ പൊഴിക്കുന്ന സൗഹൃദപ്പൂക്കളുടെ പരിമളം എങ്ങും അനുസ്യൂതം പടര്‍ന്നിടട്ടേ...!
      ഒരിക്കല്‍ കൂടി നന്ദി.!!

      Delete
  11. നല്ല കഥ...പോസ്റ്റ്‌ വന്ന അന്ന് വായിച്ചതാണ്.കമന്റ്‌ ചെയ്യാൻ കഴിഞ്ഞില്ല...

    ഹൈസ്കൂളിലായിരുന്ന സമയത്ത്‌ ഇങ്ങനെയൊക്കെ എഴുതിയതിൽ ആശ്ചര്യം തോന്നുന്നു...ആ പ്രായത്തിൽ ഞാൻ ഡിറ്റക്ടീവ്‌ സുധീഷ്മോൻ ആയി നൂറുകണക്കിനു കേസുകൾ അന്വേഷിക്കുകയായിരുന്നു...

    നല്ല എഴുത്ത്.അനുമോദനങ്ങൾ.!!!!!!

    ReplyDelete
    Replies
    1. സുധീ...
      പോസ്റ്റ് വന്നന്നു തന്നെ വായിച്ചതിനും പിന്നീട് ഓര്‍ത്ത് വന്ന അഭിപ്രായം കുറിച്ചതിനും നന്ദി....

      എട്ടാംക്ലാസില്‍ എനിക്കുകിട്ടിയ സൗഹൃദക്കൂട്ടായ്മയാണ് എന്‍റെ അക്ഷരങ്ങളുടെ പിറവിക്കു കാരണം. എന്നെക്കാള്‍ നന്നായി എഴുതുന്ന എന്‍റെ ഹൃദയസഖിയും ഈ കഥകൾ കേള്‍ക്കാനും വായിക്കാനും ഉത്സാഹിച്ചിരുന്ന മറ്റ് കൂട്ടുകാരികളുമാണ് അതിനുള്ള പ്രചോദനം.!

      Delete
    2. ഹ ഹ ഹ ഡിറ്റക്ടീവ് സുധീഷ് മോൻ ,ആ പ്രയോഗം അസ്സലായിട്ടുണ്ട്

      Delete
  12. ദിവ്യ വട്ടപ്പൊട്ടു നന്നായി. ഒടുക്കം ഒരു വിങ്ങലായി. ഇനിയും പോരട്ടെ. :)
    പിന്നെ വഴിമരങ്ങൾ, കാര്യം പറയുമ്പോ ചൂടായിട്ട് കാര്യമില്ല ഭായ്.. ;)

    ReplyDelete
    Replies
    1. കുഞ്ഞേ... കഥകൾ ഇനിയും വരും..
      ഇത്രടം വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. ഇനിയും വരണേ..

      Delete
  13. ഈ വട്ടപ്പൊട്ടിനേറെ ഭംഗിയുണ്ട് ..... നീറുന്ന നോവുണ്ട്.... നേരു ചികയേണ്ട സന്ദേശമുണ്ട്... സ്നേഹമുണ്ട് .... ഓര്‍മ്മപ്പെടുത്തലുണ്ട്......
    കവിതയേക്കാള്‍ നന്നായി കഥയെഴുതുന്നു.... സ്നേഹത്തോടെ അനുമോദനങ്ങള്‍.....

    ReplyDelete
    Replies
    1. വിനോദേട്ടാ....
      ഈ സ്നേഹ വാക്കുകള്‍ക്ക് നന്ദി.
      കഥയെഴുതാന്‍ വല്ല്യ പാടാണെന്നേ..

      Delete
  14. റിയാസ്സിന്റെ മനസിലെ മായാത്ത
    വട്ടപ്പൊട്ട് അങ്ങിനെ ഒരു ഓർമ്മ പൊട്ടായി മാറിയ ദുരന്ത കഥ

    ReplyDelete
    Replies
    1. മുരളിയേട്ടാ നന്ദി... ഇനിയും വരണേ..
      പട്ടണത്തില്‍ വന്നിട്ടുണ്ടായിരുന്നു. കമന്‍റിടാന്‍ അന്നേരം ബ്ലോഗര്‍ സമ്മതിച്ചില്ല. തീര്‍ച്ചയായും വീണ്ടും വരും..

      Delete
  15. നന്നായി എഴുതിയിരിക്കുന്നു..ഹൃദ്യമായ രചന.

    ReplyDelete
    Replies
    1. മുഹമ്മദ്ക്കാ.. ഹൃദയം നിറഞ്ഞ നന്ദി..
      നല്ലൊരു നോമ്പുകാലം നേരുന്നു..

      Delete
  16. ഹൈ സ്കൂൾ പ്രായമായതു കൊണ്ട് ഞങ്ങൾ വെറുതെ വിടുന്നു. ആ മാനസിക നിലവാരത്തിൽ തന്നെ ഞങ്ങൾ വായിച്ചു. ഒരു കാര്യം. എന്ത് കൊണ്ട് ആ ഹൈ സ്കൂൾ കഥ ഒരു പ്രായ പൂർത്തിയായ കഥയാക്കി മാറ്റിയില്ല എന്നൊരു ചോദ്യംഞങ്ങളുടെ മനസ്സിനെ മഥിക്കുന്നു കല്ലോലിനീ.

    ReplyDelete
    Replies
    1. പ്രിയ ബിപിൻ സര്‍....
      ഞാൻ മാത്രേ വളര്‍ന്നുള്ളൂ... എന്‍റെ എഴുത്തിന്‍റെ വളര്‍ച്ച മുരടിച്ചു പോവുകയാണുണ്ടായത്. അതുകൊണ്ടായിരിക്കാം.. കൂടുതൽ നന്നാക്കാനും ശ്രമിക്കാംട്ടോ...
      അഭിപ്രായത്തിനും ഉപദേശത്തിനുമെല്ലാം നന്ദി..
      തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

      Delete
  17. കഥ ഹൃദ്യമായിരിക്കുന്നു എന്നു പറയാതെ വയ്യ. എന്നാലും ഇങ്ങനെ മരണം മണക്കുന്ന കഥ എഴുതണോ? ഇനി മനസ്സിന് ഉല്ലാസവും ലഘുത്വവും നൽകുന്ന കഥകൾ എഴുതുമല്ലോ.

    ReplyDelete
    Replies
    1. പ്രിയ ആള്‍രൂപന്‍ സര്‍,
      നല്ല വാക്കുകള്‍ക്ക് നന്ദി..
      കണ്ണീരും വേദനയും മരണവും മണക്കുന്ന കഥകളാണ് കൈവശമുള്ളത്.. തമാശക്കഥകള്‍ എഴുതാൻ അറിയില്ലെന്നേ.. എന്നാലും ശ്രമിക്കാട്ടോ... സമയം കിട്ടുന്നതിനനുസരിച്ച് ഇനിയും വരണേ...

      Delete
  18. കാലഘട്ടത്തിന്റെ നേർചിത്രം ...അസ്സലായി

    ReplyDelete
    Replies
    1. മനോജേട്ടാ... ഹൃദയകല്ലോലിനിയുടെ സ്നേഹതീരത്തേയ്ക്കു സ്വാഗതം...
      ആദ്യ അഭിപ്രായത്തിനു നന്ദി..
      ഇനിയും ഇതിലേ വരൂ....

      Delete
  19. നന്നായെഴുതി.
    ആ നാട്ടില്‍, ആ കഥാപാത്രങ്ങളുടെ ഒപ്പം നടന്നറിയാന്‍ കഴിഞ്ഞതു പൊലെ , ഓരോ സീനും.

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി ശ്രീയേട്ടാ...
      ഇതിലേയൊക്കെ ഇനിയും വരണേ....
      നീര്‍മിഴിപ്പൂക്കളില്‍ ഇടയ്ക്കിടെ എഴുതൂ.... വല്ലതും കുത്തിക്കുറിക്കുകയെന്നതിനേക്കാള്‍ സന്തോഷം നിങ്ങളൊക്കെ എഴുതുന്നത് വായിക്കുന്നതും അഭിപ്രായങ്ങള്‍ നിങ്ങളെ അറിയിക്കുന്നതുമൊക്കെയാണ്.

      Delete
  20. നന്നായിട്ടുണ്ട് സുഹൃത്തേ

    ReplyDelete
    Replies
    1. വളരെ നന്ദി കപ്പത്തണ്ടേ...
      ബ്ലോഗര്‍ പലപ്പോഴും കമന്‍റുകള്‍ ഇടാന്‍ വിസമ്മതിക്കുന്നു. അതുകൊണ്ടാണ് വൈകിയത്.
      പുതിയ പോസ്റ്റുണ്ട്. വായിക്കണേ..

      Delete
  21. നോവുന്നൊരു വട്ടപൊട്ട്. നന്നായി ദിവ്യാ ജി...

    ReplyDelete
    Replies
    1. ഈ വരവ് വിസ്മയിപ്പിക്കുന്നതാണ് സുധീര്‍ സര്‍.!!
      രണ്ടുവാക്ക് കുറിച്ചിട്ടു കണ്ടതില്‍ വളരെ സന്തോഷം.. നന്ദി..!!
      ഒട്ടും സമയം മെനക്കെടുത്താത്ത പുതിയൊരു പോസ്റ്റുണ്ട്. വായിക്കുമല്ലോ...

      Delete
  22. വെറും ഒരു കഥ എന്ന് തോന്നാത്ത രീതിയിൽ ഭംഗിയായി എഴുതിയിരിക്കുന്നു. Very touching...ആശംസകൾ...

    ReplyDelete
    Replies
    1. പ്രിയ അനശ്വര.. വളരെവളരെ നന്ദി ഈ വാക്കുകള്‍ക്ക്. ഇനിയും വരണേ...

      Delete
  23. വട്ടപ്പൊട്ടിനെ പോലെ തന്നെ നിഷ്കളങ്കമായിരിക്കുന്നു എഴുത്തും...ആശംസകള്‍ പ്രിയ കല്ലോലിനി

    ReplyDelete
  24. ഹൃദയ കല്ലോലിനി എന്നാൽ ഹൃദയ ശിലകളിൽ സ്പർശിക്കുന്നവൾ എന്നാണോ...?
    അർത്ഥം ശരിയായാലും ഇല്ലേലും ഈ കഥ ഹൃദയ ശിലാ സ്പർശിതം തന്നെ.... ആശംസകൾ...

    ReplyDelete
  25. വട്ടപൊട്ട് ദുരന്തങ്ങൾ
    ആവർത്തിക്കാതെയിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാക്ഷിക്കാം..
    ഗ്രാമാന്തരകാഴ്ച്ച നന്നായി...
    ആശംസകള്‍...

    ReplyDelete
  26. സന്ദര്‍ഭം പഴയതായിരിക്കാം. എന്നാല്‍ കഥ പുതിയതുപോലെ !!!
    എല്ലാരും മറന്നു തുടങ്ങിയ ഗ്രാമത്തെയും അതിന്‍റെ ദുഖങ്ങളെയും
    വീണ്ടുമോര്‍മ്മിപ്പിച്ചതിന് എന്താണ് പറയുക ?
    നന്ദി ആശംസകള്‍!!!!

    ReplyDelete
  27. കുറച്ചു മുന്നേ എഴുതിയതാണെങ്കിലും മൗനം കൊണ്ടു പ്രണയിക്കുന്നവർ എല്ലാ തലമുറകളിലും ഉണ്ടാവും .. പ്രിയ സുഹൃത്തേ ... പിന്നേ കലുങ്കിലിരിക്കുന്ന പയ്യൻമാരും .. പാൽക്കാരി പെൺകുട്ടികളും ഇന്നില്ലെങ്കിലും .. കഴുകൻമാർ ഇഷ്ടം പോലേയുണ്ട്

    ReplyDelete
  28. ചില ഓർമ്മകൾക്ക് മരണമുണ്ടാകില്ല......ആയിക്കോട്ടെ, നന്നായി അവതരിപ്പിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് എഴുതിയ കഥയാണ്. പിന്നീട് എന്തെ എഴുത്തിനു തുടർച്ച ഉണ്ടായില്ലേ?. അങ്ങിനെയാണെങ്ങിൽ വലിയ കഥാകാരി ആയേനെ.....അല്ല ഇപ്പോഴും കഥാകാരി ആണല്ലോ അല്ലെ......

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......