Monday 2 May 2016

ഹൃദയത്തിലൊരു മുറിവ്


കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി....

നാളെത്രയേറിയിട്ടുമുണങ്ങാതെ
വിങ്ങുന്നു,
വയ്ക്കുവാനില്ലയീ മുറിവിലൊരു
മരുന്നും.!!

അടങ്ങാത്ത സങ്കടത്തിന്‍റെയൊടുങ്ങാത്ത-
വിങ്ങല്‍ കൊണ്ടുമുറിവേറ്റയെന്‍ ഹൃദയം
കൂടുതൽ പിളര്‍ന്നുപോയ് സ്നേഹ-
ത്തിന്നാധിക്യത്താല്‍..!!

കിട്ടാത്ത സാന്ത്വനമെന്നൊരൊറ്റമൂലി-
മാത്രമുള്ളയീ മുറിവുണക്കുവാന്‍
കഴിയില്ലതിനും കാരണമെന്തെന്നാല്‍,
എപ്പോഴെന്‍ മുറിവായിലാശ്വാസം
പകരുന്നുവോ, അപ്പോഴതു വീണ്ടും
പിളരുന്നു, ഒടുങ്ങാത്തൊരെന്‍ സ്നേഹത്തിന്നാധിക്യത്താല്‍..!!

കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി..!

ഹൃദയത്തിലൊരു മുറിവ്..!!
എന്‍റെ ഹൃദയത്തിലൊരു മുറിവ്...!!
ഒരിക്കലുമുണങ്ങാത്തൊരു മുറിവ്..!!!

         * * * * * *

നമ്മള്‍ വളരെയധികം സ്നേഹിക്കുന്നവര്‍ എന്തെങ്കിലും കടുത്തു പറഞ്ഞാല്‍ അത് നമുക്ക് വലിയൊരു വേദനയായിരിക്കും. കടുത്ത വാക്കുതന്നെയാകണമെന്നില്ല.
അങ്ങനെ ഒരു വാക്കുകേട്ടപ്പോള്‍ എനിക്ക് അതിയായി വേദനിക്കുകയും, ആ വേദനയില്‍ നിന്ന് പിറവിയെടുക്കുകയും ചെയ്തതാണീ കവിത.!!

മക്കളെ വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്യാത്ത ഒരാളാണ് ഞങ്ങളുടെ അച്ഛന്‍.
എന്നാലോ സ്നേഹിക്കുകയൊ ലാളിക്കുകയോ ചെയ്യുകയുമില്ല.
ഒരു കടലോളം സ്നേഹം ഉണ്ട് താനും.
അത് അറിയുന്നത് കൊണ്ട്  തന്നെ അച്ഛൻ എനിക്ക് ഒരു വീക്ക്നെസ്സാണ്. അമ്മ എത്രയൊക്കെ സ്നേഹം പ്രകടിപ്പിച്ചാലും, ഞാൻ ഒരു തനി അച്ഛൻ കുട്ടിയാണ്. അന്നും ഇന്നും എപ്പോഴും.!!
അതുകൊണ്ടാണ് അച്ഛനെന്തോ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ നൊന്തുപോയത്..
അതു കഴിഞ്ഞിട്ടൊത്തിരി കാലമായി...,
അന്നെന്താണ് പറഞ്ഞതെന്നും വിസ്മൃതിയിലലിഞ്ഞു...
പക്ഷേ.. അന്നു കുറിച്ചിട്ട വരികളും വേദനയും ഇപ്പോഴും ബാക്കി..!!!