ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!