നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.
ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.
അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.
നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.
നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!
ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!
ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..
വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!