Sunday 30 November 2014

വിഷാദം

അക്ഷരത്തൈകളെ വളര്‍ത്താന്‍
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!


ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;


എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!


അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!

                ✳✳✳

Wednesday 26 November 2014

രണ്ട് സംശയങ്ങൾ!


"ദേ... ഇയാളിപ്പോ വിസിലടിക്കുന്നതേയുള്ളൂ... വണ്ടി എടുത്തു..."

 തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു ഒരു ചേച്ചിയുടെ കമന്‍റ്. ഗാര്‍ഡ് ഗുരുതരമായ ഒരു തെറ്റ് ചെയ്തതു കണ്ടുപിടിച്ചപോലെ...

അവർ മൂന്നു നാലുപേര്‍ ഉണ്ടായിരുന്നു... മുപ്പതിനും നാല്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള ഉദ്യോഗസ്ഥകള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റൊന്നും ഒഴിവില്ലാത്തതിനാല്‍ പാസേജില്‍ തന്നെ നില്‍ക്കുകയാണ്.

സ്ഥിരം യാത്രക്കാരും പരിചയക്കാരുമായതിനാല്‍ അവർ പിന്നെയും പല കുശലസംഭാഷണങ്ങളിലുമേര്‍പ്പെട്ടു. പുതുതായി വാങ്ങിയ ബാഗിന്‍റെ ഭംഗി, ഇത്ര നാളും ഉടുത്തിട്ടില്ലാത്ത സാരിയുടെ ചരിത്രം, അടുക്കളപ്പണിയുടെ ഭാരം എന്നിങ്ങനെയുള്ള വിഷയങ്ങൾ.!!

എനിക്ക് അവരെ അത്ര പരിചയമില്ലാത്തതിനാല്‍ ഞാൻ എന്‍റെ മൊബൈലില്‍ തോണ്ടിക്കൊണ്ട് ഒരരുകില്‍ നിന്നു.

തീവണ്ടി പച്ചപ്പട്ടുടുത്ത പാടശേഖരങ്ങളിലൂടെ, പുഴയുടെ ഓരത്തു കൂടി ചൂളം കുത്തിപ്പാഞ്ഞു.....

"ഹേയ്... ഇന്ന് നല്ല സ്പീഡുണ്ടല്ലോ...."
ചര്‍ച്ചക്കിടയിലും ഒരാൾ നിരീക്ഷിച്ചു.
എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.

അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ ആദ്യത്തെ സംശയം പൊട്ടിവീണത്.

"എങ്ങനെയാണല്ലേ... ഈ ട്രയിന്‍ പാളത്തിന്‍മേല്‍ക്കൂടി മാത്രം പോകുന്നത്.???????"

"ശ്ശ്യൊ..!!" എന്നൊരു ശബ്ദം അറിയാതെ തന്നെ എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുചാടി.

പെട്ടെന്നൊരുത്തരം ആര്‍ക്കും പറയാനായില്ല.

"എത്ര വീതികുറഞ്ഞ ചക്രങ്ങളാണ്... ഇത്തിരിയില്ലാത്ത പാളത്തില്‍ കൂടിയല്ലേ വണ്ടി ഇത്ര വേഗത്തില്‍ പോകുന്നത്.. ദൈവം നമ്മളെ കൊണ്ടുപോകുകയാണ്.!"
സ്വയവും പിന്നെ മറ്റുള്ളവരെയും ആശ്വസിപ്പിക്കും പോലൊരു മറുപടിയും കേട്ടു.

വീണ്ടും മറ്റെന്തൊക്കെയോ സമാധാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മറ്റൊരാളുടെ വക സംശയം ദേ വരണൂ..

"ഈ പ്ലെയിനുകളെന്താ കൂട്ടിമുട്ടാത്തതെന്നാ ന്‍റെ സംശയം"!!!!!

"ങേ..."???!!! എന്നെനിക്ക് ശ്വാസം വിലങ്ങി.!

" അതല്ലാ ഇതിപ്പൊ ഒരു ട്രാക്കെങ്കിലുമുണ്ടല്ലോ....." അവർ തന്‍റെ സംശയമൊന്നു വിശദീകരിച്ചു....

ഈ മഹിളാമണികള്‍ സ്കൂൾ അധ്യാപികമാ ര്‍ കൂടിയാണല്ലോ എന്നോര്‍ത്തുകൊണ്ട്‍,
 ഇനിയും ഇത്രയും ഗ'മണ്ടന്‍' സംശയങ്ങളൊന്നും കേള്‍ക്കാന്‍ വയ്യെന്നു നിനച്ച് ഞാന്‍ മെല്ലെ വാതിലിനരികിലേക്ക് നീങ്ങി നിന്ന് സ്വച്ഛന്ദ നീലിമയാര്‍ന്ന ആകാശത്തേക്ക് നോക്കി.

അല്ലാ.... ഇനി വല്ല വിമാനവും വഴിയറിയാതെ പാറി നടക്കുന്നുണ്ടെങ്കിലോ...??? :-D
   

Friday 21 November 2014

ഇവിടെ മഞ്ഞുപൊഴിയുന്നു...!!

മഞ്ഞുകാലം വന്നെത്തിയിരിക്കുന്നു....

പ്രഭാതത്തിലും സായന്തനങ്ങളിലും വൃക്ഷത്തലപ്പുകളിലും, നെല്‍വയലുകളിലും വീണുകിടക്കുന്ന മഞ്ഞിന്‍റെ പുതപ്പ്.!

വയല്‍ വരമ്പുകളിലെ പുല്‍ക്കൊടികളണിഞ്ഞിരിക്കുന്ന തുഷാരബിന്ദുക്കളുടെ വിശുദ്ധി ഒന്നു കാണേണ്ടതു തന്നെയാണ്.

ശ്വാസോച്ഛ്വാസത്തില്‍ പോലും മഞ്ഞിന്‍റെ ഗന്ധം...

ഭൂമിയുടെ ഹരിതാഭയ്ക്കു മേല്‍ വീണുകിടക്കുന്ന തൂവെള്ളപ്പുതപ്പ് കാണുമ്പോള്‍ 'മഞ്ഞ്'
ഓര്‍മവരുന്നു.....

മഞ്ഞ് വായിച്ചിട്ടില്ലേ...??!

എംടിയുടെ "മഞ്ഞ്"!

സ്കൂൾ പഠനകാലത്തെപ്പോഴോ എന്‍റെ കയ്യില്‍ കിട്ടിയിട്ടും ഞാൻ ശ്രദ്ധിക്കാതെ പോയ പുസ്തകം.. പിന്നീട് ഈ പുസ്തകമൊന്നു കയ്യില്‍ കിട്ടാന്‍ വേണ്ടി ഞാനൊരുപാട് അലഞ്ഞു..

കണ്ണൂരിലെ പുസ്തകോത്സവങ്ങളില്‍...
കോഴിക്കോട്ടെ ബുക്ക് സ്റ്റാളുകളില്‍.., റയില്‍വേ സ്റ്റേഷനുകളിലെ പുസ്തകശാലകളില്‍.. പെരിന്തല്‍മണ്ണയിലും, തൃശൂരിലും, പാലക്കാടും തേടി... കിട്ടിയില്ല.!

നിരന്തരമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയാൻ കഴിഞ്ഞത് ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പുകൾ ഒന്നും തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ്.

" 'മഞ്ഞ്' ഞാൻ ഒരു വര്‍ഷമായിട്ടന്വേഷിക്കുകയാണ്.. ഇതുവരെ കിട്ടിയിട്ടില്ല", എന്നാണ് ഒരിക്കല്‍ എടപ്പാളിലൊരു പുസ്തകോത്സവത്തില്‍ ചോദിച്ചപ്പോള്‍ അതിന്‍റെ സംഘാടകന്‍റെ മറുപടി.

മറ്റൊരാൾ അറിയിച്ചു. അത് കാലിക്കറ്റില്‍ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) പഠിക്കാനുണ്ടായിരുന്നതിനാൽ പുറത്ത് കിട്ടില്ല എന്ന്.

അതോടെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പരിചയക്കാരായ വായനാശീലമുള്ളവരിലേക്കായി അന്വേഷണം. പുസ്തകശേഖരത്തില്‍ മഞ്ഞുള്ള ഒരാളേയും നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിചയമുണ്ടായില്ല.

അങ്ങനെയിരിക്കെ എന്‍റെയൊരു സഹോദരന്‍റെ പുത്രി പഠിക്കുന്ന കോളേജിലെ ലൈബ്രറിയിൽ ഈ പുസ്തകമുണ്ടെന്ന് അറിയാനായി.. അവളത് തേടിച്ചെന്നപ്പോഴേയ്ക്കും ആരോ വായിക്കാനായി കൊണ്ടുപോയിട്ടുണ്ടായിരുന്നു.. വായനക്കുശേഷം തിരിച്ചെത്തിക്കുന്ന ദിവസമായപ്പോഴേക്കും അവള്‍ക്കു പരീക്ഷാത്തിരക്കായി....

ഒടുക്കം കയ്യില്‍ കിട്ടിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു പുസ്തകം.!




 പഴകിയതും പേജുകളടര്‍ന്നതും...

എന്നാലും വേണ്ടില്ല. കിട്ടിയല്ലോ....
ഇത്തിരിപ്പോന്ന ആ പുസ്തകത്തിനുള്ളില്‍ ഒരു സാഗരം എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ വായിച്ചറിഞ്ഞു.

"മഞ്ഞ്" വിഷാദത്തിന്‍റേതാണ്.
ഒരു തീരാ കാത്തിരിപ്പിന്‍റെ.......
വിമലയുടെ പ്രണയനഷ്ടത്തിന്‍റെ..... (വിമലയില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം, അങ്ങനെ പറയാമോ എന്നറിയില്ല.)

ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഏകാന്തതയുടെ കൂട്ടിലടച്ചിട്ട മനസ്സിന്‍റെ വിങ്ങലാണ് മുഴുവനും.....

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹൃദയഭാരവും പേറി ജീവിക്കാനാവുന്നത്..??
മനസ്സിന്‍റെ ഗിരിശൃംഗങ്ങളില്‍ വിഷാദത്തിന്‍റെ മഞ്ഞു വീണു തണുത്തുറയുമ്പോള്‍ എങ്ങനെയാണ് ജീവന്‍ ഊതിക്കത്തിച്ചു നിലനിർത്താന്‍ കഴിയുന്നത്???

എന്നോ എവിടെയോ എന്നറിയാതെ കുറേ ചോദ്യചിഹ്നങ്ങള്‍ മാത്രം ബാക്കിയാക്കി കടന്നുപോയ വിമലയുടെ കാമുകൻ....
ഒരുപക്ഷേ... അയാള്‍ക്കു വേണ്ടിയുള്ള സഫലമാകുമോയെന്നറിയാത്ത, ആ കാത്തിരിപ്പിന്‍റെ പ്രതീക്ഷാനാളങ്ങളായിരിക്കും അവള്‍ക്കു ജീവനേകുന്നത്...

അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!




മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലൊരു വേദന...
മനസ്സില്‍ വിഷാദത്തിന്‍റെ മഞ്ഞുമഴ..!
പിന്നെ തനതായ ശൈലിയിൽ എംടി കോറിയിട്ട മഞ്ഞില്‍ കുളിര്‍ന്ന ഗിരിശൃംഗങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങളും വിമലയെന്ന വിഷാദശില്പവും.....!




ലൊക്കേഷന്‍: കേരളം
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍, ഗ്രാമ്യഭാവങ്ങള്‍.

Friday 14 November 2014

മാന്യന്‍

ഇന്നലെയൊരു മാന്യന്‍
എന്നോടു ചോദിച്ചു;

"പാലക്കാട് പോരുന്നോ.."??

ഞാനപ്പോള്‍ മേല്‍പ്പാലത്തിലൂടെ
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്;

പിറകെ നടന്നയാള്‍ മുന്നേനടന്നിട്ട്
തിരിഞ്ഞു നോക്കാതെ മന്ത്രിച്ചു;

"പാലക്കാട് പോരുന്നോ.."??

പിന്നില്‍ നിന്നുകേട്ട മന്ത്രണം
ഫോണിനോടല്ല, എന്നോടുതന്നെ.!

കേട്ടതായ് നടിച്ചില്ല, ഞാനാ മന്ത്രവും
അശ്രദ്ധമായൊന്നയാളെ വീക്ഷിച്ചു;

കണ്ടാലൊരു മാന്യന്‍,
ഭംഗിയില്‍ ഇന്‍ചെയ്ത കള്ളിഷര്‍ട്ട്,
അലക്കിത്തേച്ച കറുത്തപാന്‍റ്.!

ഒരു തോളില്‍ തൂങ്ങുന്ന കറുത്ത-
ബാഗില്‍ മുഴച്ചു നില്‍ക്കുന്നൂ
ഉച്ചയൂണിനു കൊണ്ടുപോകുന്ന
ചോറുപാത്രം.!

മറുകയ്യിലെന്തോ തൂക്കിപ്പിടിച്ചതുമായ്
കുറെ മുന്നോട്ടു പോയയാള്‍ നിന്നു;
വിട്ടുകളയാത്ത പ്രതീക്ഷയോടെ,
ഭാരമിറക്കി വച്ചിട്ടെന്നെ നോക്കി.

കേട്ടതായ് നടിക്കാനോ,
ക്രുദ്ധമായ് നോക്കാനോ,
പ്രതികരണമത്രയും മറന്നുപോയ്,
എന്തെന്നാല്‍ ചിന്തകളപ്പോഴും
ചോറുപാത്രത്തിന്‍ മുഴപ്പി-
ലങ്ങനെയങ്ങനെയുടക്കി നിന്നൂ;

അതില്‍ ചോറുനിറച്ചൊരു
ശ്രീമതിയിലേക്കെന്‍റെ
ചിന്തകളങ്ങു നീണ്ടുപോയി, പിന്നെ

വസ്ത്രങ്ങള്‍ തേച്ചൊരാ
വളയിട്ട കൈകളും,
മിഠായി കാത്തിരിക്കും
കുഞ്ഞുമിഴിയിണകളുംതെളിഞ്ഞു;

എന്തിനാണിങ്ങനെയീ മനുഷ്യര്‍??

മഞ്ഞക്കണ്ണു കൊണ്ടല്ലാതെ
മറ്റൊരു പെണ്ണിനെ
കാണാനറിയാത്തവര്‍..

മാന്യതയ്ക്കുള്ളില്‍
കാപട്യമേന്തുമിവരും..
സദാചാര കേരളത്തിന്‍
ശേഷിപ്പുകൾ തന്നെ..!!


Sunday 9 November 2014

ഉണ്ടക്കണ്ണി

ഒരായിരം പരിഭവങ്ങള്‍ കുത്തിനിറച്ചയെന്‍റെ


കൂര്‍ത്തനോട്ടങ്ങളെ നേരിടാനാകാതെ,

ഇനിയവയെങ്ങാനും

അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന-

വിടെയൊളിപ്പിച്ചു വച്ചിരിക്കുന്ന

വികാരവിചാരങ്ങളെയൊക്കെയും കണ്ടു-

പിടിക്കുമോയെന്നൊരു സന്ദേഹത്തോടെ,

കരയുമ്പോളൊരുറവയായൊഴുകുകയും,

ചിരിക്കുമ്പോള്‍ ചുരുങ്ങിച്ചെറുതായിത്തിരി-

യില്ലാത്തൊരു നേര്‍രേഖപോലെയാകുകയും

ചെയ്യുന്ന മിഴികളെ നോക്കി,

എന്‍റെ പുഞ്ചിരിയിലേക്കൊരു മറു-

പുഞ്ചിരിയുടെ സ്നേഹമിറ്റിച്ചു-

കൊണ്ടവന്‍ വിളിച്ചു;  " ഉണ്ടക്കണ്ണി.!!! "
               
              ❇❇❇❇❇❇

Monday 3 November 2014

നഷ്ടങ്ങള്‍

തീരാവഴികളിലൂടെ നടന്ന് പാദങ്ങള്‍
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;

ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!

ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!

സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!


പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!

നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്‍റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!