Wednesday 29 October 2014

കടല്‍പ്പൂവ്


പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.

തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.

കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.

ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.

ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..

വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.

കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..

"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."

അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.

ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!

വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!

കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!

ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.

"കടല്‍പ്പൂവ്"

പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!

Monday 27 October 2014

പേനയും കടലാസും


എന്‍റെ പേനയും കടലാസും
പ്രണയബദ്ധരായ
 സ്ത്രീപുരുഷന്‍മാരെപ്പോലെ...

അവർക്ക് തമ്മില്‍
 ഒരു നിമിഷം പോലും
 പിരിഞ്ഞിരിക്കാനിഷ്ടമല്ല...!

Friday 24 October 2014

മണ്ണിന്‍റെ മാറില്‍

ഇതൊരു അവലോകനമോ നിരൂപണമോ അല്ല. ഒരു ആസ്വാദനക്കുറിപ്പു മാത്രം.

ചെറുകാടിന്‍റെ "മണ്ണിന്‍റെ മാറില്‍" വായിക്കുമ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങളുടെ അക്ഷര രൂപം.

ഇതു ഞാന്‍ ആദ്യമായി വായിച്ച പുസ്തകമല്ല. പക്ഷേ ഒരു പുസ്തകം വായിച്ച് കരയുന്നത് ആദ്യമായിട്ടായിരുന്നു. ഈ പുസ്തകം വായിച്ച് ഞാന്‍ കുറേ കരഞ്ഞു.. കൊമ്പന്‍കൊണ്ടേരന്‍ മരിച്ചപ്പോഴായിരുന്നു അത്.. വളരെയടുത്ത ആരോ മരിച്ചതു പോലെ നെഞ്ചുപൊട്ടിക്കരഞ്ഞു.. ആ വേദന സഹിക്കാനായില്ലെനിക്ക്... തുടര്‍ന്ന് വായിക്കാന്‍ പോലുമാകാതെ ഞാൻ പുസ്തകം അടച്ചുവച്ചു. രണ്ടു ദിവസത്തിനുശേഷമാണ് വായന പുനരാരംഭിച്ചത്..

കൊമ്പന്‍കൊണ്ടേരന്‍.!!
കാടുപിടിച്ചു കിടന്നിരുന്ന ഒരു ചെളിക്കുണ്ട് സ്വന്തം ജീവിതം കുരുതികൊടുത്ത് പൊന്നു വിളയുന്ന ഭൂമിയാക്കിയ കൃഷിക്കാരന്‍...!
കൂടും കുടുംബവും മറന്ന് രാപകലധ്വാനിച്ച പരിശ്രമശാലി.!!
അദ്ദേഹത്തേക്കാള്‍ വലിയ ഒരു ഹീറോയും ഒരു കഥയും വായിച്ചിട്ട് എന്‍റെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടില്ല..

ഒട്ടേറെ വൈകാരിക തലങ്ങള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടാണ് മണ്ണിന്‍റെ മാറില്‍ മുന്നേറുന്നത്. തലമുറകൾ മാറി വരുന്തോറും മാറി വരുന്ന ചിന്താഗതികളും സംസ്കാരങ്ങളും...

സ്വന്തം ദേശത്ത് പാര്‍ക്കാനിടവും അമ്പലങ്ങളുമെല്ലാം പണിതു കൊടുത്ത് ജന്മിമാരായ് വാഴിച്ചവര്‍ക്കു വേണ്ടി പണിയെടുക്കുന്ന അടിയാളന്‍മാരെ കുറിച്ച് വായിക്കുമ്പോള്‍ പെരുവിരലില്‍ നിന്നും പ്രതിഷേധത്തിന്‍റെ ഒരു തരിപ്പ് മുകളിലേക്കിരച്ചു കയറി... ചോര തിളച്ചു...
തങ്ങള്‍ക്കുണ്ടായതില്‍ മുന്തിയവയൊക്കെയും കാഴ്ചവച്ച അടിയാളന്‍മാരുടെ മണ്ടത്തരമോര്‍ത്ത് നിരാശപ്പെട്ടു..
രാപകലധ്വാനിച്ചിട്ടും പട്ടിണി... പനിവന്നാല്‍ പോലും ചികിത്സിക്കാന്‍ വഴിയില്ല.... പ്രതികരണശേഷിയില്ലാതെ ജന്മിമാരുടെ ചൂഷണത്തിനു വശംവദരാവുന്നവരുടെ വിഡ്ഢിത്തരമോര്‍ത്ത് വിലപിച്ചു.....

കൊച്ചുകൊണ്ടേരന്‍റെ വരവ് കുറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോഴേക്കും കാലം കുറെ മുന്നോട്ടു പോയി... തലമുറകൾ രണ്ടുമൂന്ന് മാറിമറിഞ്ഞു....
കൊച്ചുകൊണ്ടേരന്‍റെ വിപ്ലവചിന്താഗതികളും തിരുമാളുക്കുട്ടിയോടുള്ള പ്രണയവും ഹൃദ്യമായ ഒരു വായനാനുഭവം തന്നു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മഹത്തായ കൃതിയാണ് 'മണ്ണിന്‍റെ മാറില്‍'.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കാനുണ്ടായിരുന്നു. (ഇപ്പോഴുണ്ടോയെന്നറിയില്ല.).
ഈ പുസ്തകത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നത് എന്‍റെ സഹോദരങ്ങളാണ്. എപ്പോഴും വായിക്കാവുന്ന, ഏതു പേജിൽ നിന്നും വായിച്ചു തുടങ്ങാവുന്ന പുസ്തകമെന്നാണു വിശേഷിപ്പിച്ചത്.. എത്ര വായിച്ചാലും മടുക്കില്ലെന്നും....

രസകരമായൊരു സംഗതി അവർ ചായക്കൊപ്പം സ്നാക്സ് ആയും, ഊണിനൊപ്പം തൊടുകറിയായും ഈ പുസ്തകം വായിച്ചിരുന്നു എന്നതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വായിക്കുകയെന്നത് ഒരു ദുഃശ്ശീലമാണെങ്കില്‍ കൂടി എന്നും ഒരേ പുസ്തകം തന്നെ ഒരേ താത്പര്യത്തോടെയും പുതുമയോടെയും വായിക്കാന്‍ കഴിയുകയെന്നത് ആ കൃതിയുടെ മഹത്ത്വം കൊണ്ട് മാത്രമാണ്.


പഴയ സംസ്കാരത്തിന്‍റെ,
സ്നേഹത്തിന്‍റെ,
അധ്വാനത്തിന്‍റെ,
മണ്ണിന്‍റെ മണമുള്ള പുസ്തകം....
എന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകം..
എക്കാലത്തേക്കും ഏറ്റവും പ്രിയപ്പെട്ടതായി എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പുസ്തകം.!!!

ഇതില്‍ കൂടുതൽ എന്ത് വിശേഷിപ്പിക്കാന്‍.!!?

ഇത്രയും മനോഹരമായ ഒരു കൃതി മലയാളത്തിനു സമ്മാനിച്ചതിന് എഴുത്തു കാരനോടുള്ള അകമഴിഞ്ഞ നന്ദിയോടെ ഈ കുറിപ്പിനും വിരാമമിടുന്നു.

Friday 10 October 2014

സ്വാര്‍ത്ഥത



എന്‍റെ വീട്
എന്‍റെ കുടുംബം

എന്‍റെ നാട്
എന്‍റെ സമൂഹം

എന്‍റെ രാജ്യം
എന്‍റെ ലോകം
ഇവയെല്ലാം
എന്‍റെ സ്വാര്‍ത്ഥത!

Wednesday 8 October 2014

മയില്‍പീലി

ഓർമ്മതൻ പുസ്തകതാളിൽ സൂക്ഷിക്കും
പ്രണയമൊരു കൊഴിഞ്ഞ മയിൽപീലി..

(ഒരു കുഞ്ഞുകവിത)

Sunday 5 October 2014

വൈകിയെത്തുമ്പോള്‍...


ഒരുപാട് വൈകിയാണ് ഞാനീ വഴിക്കു വരുന്നത്.
അതുകൊണ്ട് തന്നെ പിന്നിട്ട വഴികളൊക്കെ ഒരുപാട് മുന്നേറിയിരുന്നു...
ഫെയ്സ് ബുക്ക് കവലയും, ട്വിറ്റർ വഴികളും.. പിന്നെ പിന്‍ററസ്റ്റ്, ഗൂഗിൾ പ്ലസ്, ലിങ്ക്ഡ് ഇന്‍ അങ്ങനെയെന്തൊക്കെയോ...

ആദ്യത്തെ പരിചയക്കാരന്‍ ഓര്‍ക്കുട്ട് ഈയിടെ ഓര്‍മ്മയുമായി....
പുത്തന്‍ വഴികളിലൂടെ നാടോടുമ്പോള്‍ നടുവേയോടുന്ന ജനത....  അവര്‍ക്കൊപ്പമെത്താന്‍ ഈ ബൂലോകവാസികളും എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്...

വര്‍ദ്ധിച്ച ആധുനികവത്കരണം കൊണ്ടും കൃഷി ചെയ്യാന്‍ ആളില്ലാത്തതു കൊണ്ടും നശിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കാന്‍.. സംരക്ഷിക്കാന്‍ പ്രകൃതിസ്നേഹികള്‍ നടത്തുന്ന പരിശ്രമം പോലെ...

ഇവിടെയും അക്ഷരങ്ങളെ സ്നേഹിക്കുന്ന ചിലര്‍ പരിശ്രമിക്കുന്നു..


ഫെയ്സ്ബുക്ക് ഒരു പ്രദര്‍ശനശാല പോലെ... ബഹളമയം.... ആകെ പോസ്റ്റുകളുടെ തിക്കും തിരക്കും....

ഫെയ്സ് ബുക്കിനെ ഒരു വിനോദ ഉപാധിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.....

എന്നാലീ ബൂലോകം സര്‍ഗ്ഗാത്മകതയുടെ വിളനിലം പോലെ... കഥകളും കവിതകളും വിളഞ്ഞ വയലേലകള്‍.... നീണ്ടു പരന്ന് നോക്കെത്താ ദൂരത്തോളം...

ഈ പുല്‍മേട്ടിലേക്ക് അക്ഷരസ്നേഹമെന്നയെന്‍റെ പൈക്കിടാവിനെ മേയ്ക്കാന്‍ ഞാനുമിറങ്ങട്ടെ..!